അസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ സോളിഡാരിറ്റി കേരള നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍; പ്രസിഡന്റ് അടക്കം മൂന്നുനേതാക്കളെ കസ്റ്റഡിയില്‍ എടുത്തത് ദുബ്രി ജില്ലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍; മൊബൈലും രേഖകളും പിടിച്ചെടുത്തു; സിദ്ധിഖ് കാപ്പന്റെ അറസ്റ്റിന് സമാനം

അസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ സോളിഡാരിറ്റി കേരള നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

Update: 2025-09-16 15:48 GMT

ഗുവാഹത്തി: അസമിലെ ദുബ്രി ജില്ലയില്‍ കുടിയൊഴിപ്പിക്കലിന്റെ ഇരകളായ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ സോളിഡാരിറ്റി കേരള നേതാക്കളെ അസം പോലീസ് കസ്റ്റഡിയിലെടുത്തു. സോളിഡാരിറ്റി പ്രസിഡന്റ് തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഷബീര്‍ കൊടുവള്ളി, സജീദ് പി.എം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ദുബ്രി ജില്ലയില്‍ സന്ദര്‍ശനം നടത്താനായി ചെന്നപ്പോഴാണ് നേതാക്കളെ ചാപ്പര്‍ പാലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവരുടെ രേഖകളും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പുറംലോകവുമായി ബന്ധപ്പെടാനുള്ള സാധ്യതകളും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സോളിഡാരിറ്റി സംസ്ഥാന നേതാക്കളെ പൊലീസ് തടങ്കലിലാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഇസ്മയില്‍ വ്യക്തമാക്കി.

അസമില്‍ നടക്കുന്നത് വംശഹത്യയാണെന്നും, ഇരകളുമായി പുറംലോകത്ത് നിന്ന് ആരെയും ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും ടി. ഇസ്മയില്‍ ആരോപിച്ചു. ടാര്‍പോളിന്‍ ഷീറ്റുകള്‍ക്ക് കീഴില്‍ കഴിയുന്ന ആയിരക്കണക്കിന് മനുഷ്യരെ വംശഹത്യക്ക് വിട്ടുകൊടുക്കുകയാണ് ഹിമന്ത ബിശ്വ ശര്‍മ്മ ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ ജനാധിപത്യപരമായ നടപടികള്‍ പോലും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്തെ മുഴുവന്‍ മനുഷ്യസ്‌നേഹികളും അണിനിരക്കണമെന്നും ഇതിനെതിരെ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും സോളിഡാരിറ്റി ആഹ്വാനം ചെയ്തു.


Tags:    

Similar News