ഇന്ത്യയുടെ അഭിമാന ദൗത്യമായ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണം വ്യാഴാഴ്ചത്തേക്ക് മാറ്റി; സാങ്കേതിക പ്രശ്നമെന്ന് ഐഎസ്ആര്‍ഒ; ഉപഗ്രഹത്തില്‍ നിന്നുള്ള പുതിയ വീഡിയോ പുറത്തുവിട്ട് ഇസ്രൊ

സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണം വ്യാഴാഴ്ചത്തേക്ക് മാറ്റി

Update: 2025-01-06 11:34 GMT

ബെംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പെയ്ഡെക്സ് പരീക്ഷണത്തീയതി മാറ്റി ഐഎസ്ആര്‍ഒ. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ദൗത്യം വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഒന്‍പതാം തിയതിലേക്ക് ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം ഇസ്രൊ നീട്ടിവെക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനുമിടയ്ക്കായിരുന്നു പരീക്ഷണം നടക്കേണ്ടിയിരുന്നത്. അപ്രതീക്ഷിതമായൊരു സാഹചര്യത്തെത്തുടര്‍ന്നാണ് പരീക്ഷണം മാറ്റിവെക്കേണ്ടിവരുന്നതെന്ന് ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

എന്നാല്‍ എന്താണ് യഥാര്‍ഥ സാങ്കേതിക പ്രശ്‌നമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പരിശോധനകളും സിമുലേഷനുകളും നടത്തിയ ശേഷമേ ഡോക്കിംഗിലേക്ക് കടക്കൂ, അതിനാലാണ് ഡോക്കിംഗ് പരീക്ഷണം ജനുവരി 9-ാം തിയതിയിലേക്ക് മാറ്റിയതെന്നും എക്‌സില്‍ വാര്‍ത്താക്കുറിപ്പിലൂടെ ഐഎസ്ആര്‍ഒ അറിയിച്ചു.

ദൗത്യം മാറ്റിവച്ചതിന് പിന്നാലെ സ്‌പേഡെക്‌സ് ഉപഗ്രഹത്തില്‍ നിന്നുള്ള പുതിയ വീഡിയോ ഇസ്രൊ പുറത്തുവിട്ടു. ഡോക്കിംഗ് സംവിധാനം (Docking Ring) സ്‌പേഡെക്‌സ് രണ്ടാം ഉപഗ്രഹത്തില്‍ (SDX02) നിന്ന് പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങളാണിത്.

ഡിസംബര്‍ 30-നാണ് സ്പെയ്ഡെക്സ് പരീഷണത്തിനുള്ള രണ്ട് ചെറുഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി. സി-60 ഭ്രമണപഥത്തിലെത്തിച്ചത്. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പ്പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങള്‍.

ദൗത്യത്തിന്റെ ഭാഗമായി മറ്റ് രണ്ട് പരീക്ഷണങ്ങളും ഐ.എസ്.ആര്‍.ഒ. വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. റീ ലൊക്കേറ്റര്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ അഥവാ 'നടക്കും യന്ത്രക്കൈ സാങ്കേതിക വിദ്യാ പരീക്ഷണ'മാണ് നടന്നത്. ഇത് കൂടാതെ പി.എസ്.എല്‍.വി സി-60 റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ച പോയെം-4 ദൗത്യത്തിന്റെ ഭാഗമായി എത്തിച്ച പയര്‍ വിത്തുകള്‍ മുളപ്പിച്ചിരുന്നു.

2025 ജനുവരി ഏഴാം തിയതി സ്‌പേഡെക്സ് ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഐഎസ്ആര്‍ഒ മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഒന്‍പതാം തിയതിലേക്ക് ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം ഇസ്രൊ നീട്ടിവെക്കുകയായിരുന്നു. 2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് സ്‌പേഡെക്സ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് ഈവരുന്ന 9-ാം തിയതി ഐഎസ്ആര്‍ഒ നടത്തുക.

സ്‌പെഡെക്സ് ദൗത്യത്തിലെ രണ്ട് ഉപഗ്രഹങ്ങള്‍ക്കും ഏകദേശം 220 കിലോഗ്രാം വീതമാണ് ഭാരം. എസ്ഡിഎക്സ്01 ചേസര്‍ ഉപഗ്രഹം എന്നും എസ്ഡിഎക്സ്02 ടാര്‍ഗറ്റ് ഉപഗ്രഹം എന്നും അറിയപ്പെടുന്നു. പിഎസ്എല്‍വി-സി60 ബഹിരാകാശത്ത് 20 കിലോമീറ്റര്‍ വ്യത്യാസത്തില്‍ വിക്ഷേപിച്ച ഈ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം സാവധാനം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ കുറച്ചുകൊണ്ടുവന്നാണ് ബഹിരാകാശത്ത് വച്ച് ഐഎസ്ആര്‍ഒ കൂട്ടിയോജിപ്പിക്കുക.

Tags:    

Similar News