കൊൽക്കത്ത നഗരം ലക്ഷ്യമാക്കി പറന്നുയർന്നു; സാധാരണ വേഗതയിൽ സഞ്ചരിച്ച് 33000 അടിയിലേക്ക് ഉയർത്തുന്നതിനിടെ ഭീതിപ്പെടുത്തുന്ന ശബ്ദം; കോക്ക്പിറ്റിൽ വാണിംഗ് അലർട്ട് ; വിമാനത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ച് പൈലറ്റ്; പരിഭ്രാന്തിയിൽ യാത്രക്കാർ; ഒടുവിൽ സംഭവിച്ചത്
കൊൽക്കത്ത: മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പറക്കുകയായിരുന്ന സ്പൈസ്ജെറ്റ് വിമാനത്തിന് 33,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ തകരാർ സംഭവിച്ചു. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി കൊൽക്കത്ത വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 188 പേർ വിമാനത്തിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സ്പൈസ്ജെറ്റ് വിമാനത്തിന്റെ എസ് ജി 670 എന്ന സർവീസ് ആണ് എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. യാത്രയ്ക്കിടെ വിമാനത്തിന്റെ എൻജിനുകളിലൊന്നിന് തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ഉടൻ തന്നെ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് എൻജിൻ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വിമാനം അടിയന്തരമായി ഇറക്കുന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ പൂർണ്ണ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, മറ്റു അപകടങ്ങളൊന്നും കൂടാതെ വിമാനം സുരക്ഷിതമായി കൊൽക്കത്ത വിമാനത്താവളത്തിൽ വിജയകരമായി ഇറക്കാൻ സാധിച്ചു. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. ലാൻഡിംഗിന് പിന്നാലെ എമർജൻസി വാണിംഗ് പിൻവലിച്ചതായും വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു.
ഞായറാഴ്ച രാത്രി 11.38 ഓടെയാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഈ വിമാനം, 7.10ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, രണ്ട് മണിക്കൂറോളം വൈകി രാത്രി 9.07ഓടെയാണ് വിമാനം മുംബൈയിൽ നിന്ന് യാത്ര തിരിച്ചത്.