ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ യോഗതീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ല! രാഷ്ട്രീയപ്രശ്നങ്ങള്‍ കാരണം ഒന്നും പുറത്തു വിടാനാവില്ലെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് വിചിത്ര മറുപടി; ആരോഗ്യ ഗവേഷണ സ്ഥാപനത്തില്‍ എന്താണ് രാഷ്ട്രീയ തീരുമാനങ്ങളെന്ന് ജീവനക്കാര്‍; പുതിയ ഡയറക്ടര്‍ ചുമതലയേറ്റ ശേഷമുളള പുതിയ കീഴ് വഴക്കമെന്ന് ആരോപണം

ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ യോഗതീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ല!

Update: 2025-08-26 10:39 GMT

തിരുവനന്തപുരം: സ്വയം കല്‍പ്പിത ആരോഗ്യ സര്‍വകലാശാലയായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ഗവേണിങ് ബോഡി തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍. ആരോഗ്യ- ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ടിലെ യോഗതീരുമാനങ്ങള്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം പുറത്തു നല്‍കാനാവില്ലെന്ന വിചിത്രമായ മറുപടിയാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് അധികൃതര്‍ നല്‍കിയത്.

ശ്രീചിത്രയിലെ പുതിയ തസ്തിക സൃഷ്ടിക്കല്‍, സാമ്പത്തിക കാര്യങ്ങള്‍, ജീവനക്കാരുടെ അലവന്‍സുകള്‍, തുടങ്ങി സ്ഥാപനത്തിന്റെ ഭരണപരമായ സാമ്പത്തികപരമായ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് ഗവേണിംഗ് ബോഡിയാണ്. 2022 മുതല്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ഗവേണിങ് ബോഡിയിലെയും ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയിലെയും തീരുമാനങ്ങള്‍ വിവരാവകാശം വഴി നല്‍കുന്നില്ല. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്ന് 2022 ലെ ഗവേണിങ് ബോഡിയില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. വിവരാവകാശ നിയമത്തിനും മുകളിലാണ് ഗവേണിങ് ബോഡി തീരുമാനമെന്ന അഭിപ്രായം നിയമപരമായി നിലനില്‍ക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2023 നവംബറില്‍ ഗവേണിങ് ബോഡി തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് ശ്രീചിത്രയിലെ ജീവനക്കാരന്‍ വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. അധികൃതര്‍ വിവരങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് അപ്പീല്‍ നല്‍കി. 2025 മെയ് 15 നു കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ മുന്‍പാകെ അപ്പീല്‍ എത്തി. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഗവേണിങ് ബോഡി തീരുമാനം വിവരാവകാശ പ്രകാരം അപേക്ഷകന് നല്‍കണമെന്നും സ്ഥാപനത്തിന്റെ വെബ് സൈറ്റില്‍ ഗവേണിങ്, ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടു. എന്നാല്‍, ശ്രീചിത്ര അധികൃതര്‍ വീണ്ടും വിവരം നല്‍കാതെ വിവരാവകാശ കമ്മീഷണറെ സമീപിച്ചു. അപേക്ഷകന് വിവരം നല്‍കാന്‍ മൂന്നുമാസത്തെ സമയം വേണമെന്ന മറുപടിയാണ് നല്‍കിയത്. മൂന്നു മാസത്തെ കാലാവധി കഴിഞ്ഞിട്ടും വിവരം നല്‍കിയില്ല.







 

2023 ഡിസംബറില്‍ മറ്റൊരാളും വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയിരുന്നു. മറുപടി നല്‍കാത്തതിനെത്തുടര്‍ന്ന് അപ്പീല്‍ നല്‍കി. അതുസംബന്ധിച്ച പരാതി കഴിഞ്ഞ നാലിന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ മുന്‍പാകെയെത്തി. ശ്രീചിത്രയെ പ്രതിനിധീകരിച്ച് ഇന്‍ഫോര്‍മേഷന്‍ ഓഫീസറായ ഡോ. ഈശ്വറും ശ്രീചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരിയും കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ മുന്‍പാകെ ഹാജരായി. രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണമാണ് യോഗതീരുമാനങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതെന്ന വിചിത്രമായ മറുപടിയാണ് അവര്‍ നല്‍കിയത്. വിവരാവകാശ പ്രകാരമുള്ള അപ്പീല്‍ നടപടികള്‍ക്ക് ഡയറക്ടര്‍ നേരിട്ട് ഹാജരായതില്‍ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്.

ശ്രീചിത്ര അധികൃതരുടെ മറുപടി കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ അംഗീകരിച്ചിട്ടില്ല. അപേക്ഷകന് വിവരം നല്‍കണമെന്നും കൂടാതെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സ്ഥാപനത്തിന്റ വെബ്സൈറ്റില്‍ യോഗതീരുമാനങ്ങളും അജണ്ടയും സ്വമേധയാ പ്രസിദ്ധീകരിക്കണമെന്നും കേന്ദ്രവിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. വിവരം നല്‍കാന്‍ ഒക്ടോബര്‍ വരെ ശ്രീചിത്ര അധികൃതര്‍ സമയം ആവശ്യപ്പെട്ടത് വിവരാവകാശ കമ്മീഷണര്‍ അംഗീകരിച്ചു. യോഗതീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കുന്നതും വിവരാവകാശം വഴി നല്‍കാതിരിക്കുന്നതും പുതിയ ഡയറക്ടര്‍ ചുമതലയേറ്റ ശേഷമാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ലോക്സഭാ എം.പിമാരായ ഡോ.ശശിതരൂര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ രാജ്യസഭാ എം.പി ഡോ. കെ.ലക്ഷ്മണ്‍ എന്നിവരും ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയിലുണ്ട്

Tags:    

Similar News