ട്വന്റി20 സ്ഥാനാര്‍ത്ഥിയാകാന്‍ പിവി ശ്രീനിജിന്‍ സമീപിച്ചു; സിഎന്‍ മോഹനനും പി രാജീവും റസീറ്റില്ലാതെ പണം വാങ്ങി; ആരോപണങ്ങളുമായി ട്വന്റി20 നേതാവ് സാബു എം ജേക്കബ്; നിഷേധിച്ച് കുന്നത്തൂര്‍ എംഎല്‍എ; ഫണ്ടു വിവാദത്തില്‍ സിപിഎം എന്തു പറയും?
കൊച്ചി: പിവി ശ്രീനിജന്‍ എംഎല്‍എയ്ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി20 നേതാവ് സാബു എം ജേക്കബ്. ട്വന്റി20 സ്ഥാനാര്‍ത്ഥിയാകാന്‍ പിവി ശ്രീനിജിന്‍ സമീപിച്ചെന്നും സിഎന്‍ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് ആരോപണം.
സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബുജേക്കബ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും സാബു ജേക്കബ് വിമര്‍ശിച്ചു. ആരോപണങ്ങള്‍ പിവി ശ്രീനിജന്‍ നിഷേധിച്ചിട്ടുണ്ട്. ഇതിനോട് സിപിഎം എങ്ങനെ പ്രതികരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കാനാണ് തീരുമാനം. 1600 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും സാബു ജേക്കബ്ബ് പറഞ്ഞു. പൂട്ടിക്കിടക്കുന്ന ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് ഡിസംബര്‍ 20ന് തുറക്കും.
ആരോഗ്യ സുരക്ഷ മെഡിക്കല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. അധികാരത്തില്‍ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ആബുലന്‍സ് സര്‍വ്വീസും സഞ്ചരിക്കുന്ന ആശുപത്രിയും ഉണ്ടാവുമെന്നും സാബു ജേക്കബ് പറഞ്ഞു. നിരവധി വാഗ്ദാനങ്ങളാണ് സാബു ജേക്കബ് മുന്നോട്ട് വെക്കുന്നത്.