പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ചൈനീസ് ബന്ധം? എന്‍.ഐ.എ അന്വേഷണം ജിന്‍പിങ്ങിന്റെ നാട്ടിലേക്ക്; ഭീകരര്‍ ഉപയോഗിച്ച ഗോ പ്രോ ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയില്‍; തെളിവ് തേടി ജമ്മു പ്രത്യേക എന്‍ഐഎ കോടതി ചൈനയ്ക്ക് കത്തയച്ചു; പാക്കിസ്ഥാനോട് മൃദുസമീപനമുള്ള ചൈനീസ് ഭരണകൂടം സഹകരിക്കുമോ?

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ചൈനീസ് ബന്ധം?

Update: 2026-03-04 07:30 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 2025 ഏപ്രില്‍ 22-ന് നടന്ന ക്രൂരമായ ഭീകരാക്രമണത്തിന് പിന്നില്‍ നിര്‍ണ്ണായകമായ ചൈനീസ് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെളിപ്പെടുത്തി. ബൈസരണ്‍ പുല്‍മേട്ടില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ നടന്ന ഈ ആക്രമണത്തില്‍ പ്രാദേശിക ഗൈഡും 25 വിനോദസഞ്ചാരികളും ഉള്‍പ്പെടെ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ഭീകരര്‍ ഉപയോഗിച്ച GoPro Hero 12 Black ക്യാമറ ചൈനയില്‍ നിന്നാണ് ആക്ടിവേറ്റ് ചെയ്തതെന്ന എന്‍ഐഎയുടെ കണ്ടെത്തലാണ് ഈ ചൈനീസ് ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.

ആക്രമണത്തില്‍ നിര്‍ണ്ണായക തെളിവായി കണ്ടെത്തിയ ക്യാമറ ആരാണ് വാങ്ങിയതെന്നും ഉപയോഗിച്ചതെന്നും, അത് എങ്ങനെയാണ് അക്രമികളുടെ കൈകളില്‍ എത്തിയതെന്നും ഉള്ള വിവരങ്ങള്‍ തേടി ജമ്മു പ്രത്യേക എന്‍ഐഎ കോടതി ചൈനയ്ക്ക് 'ലെറ്റര്‍ റോഗേറ്ററി' (രാജ്യാന്തര നിയമപരമായ സഹായം ആവശ്യപ്പെട്ടുള്ള ഔദ്യോഗിക കത്ത്) അയച്ചിരിക്കുകയാണ്.

നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള നിര്‍മ്മാതാക്കളില്‍ നിന്ന് ചൈനയിലെ 'എഇ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്' എന്ന വിതരണക്കാര്‍ക്കാണ് ഈ ക്യാമറ കൈമാറിയതെന്ന് എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി. 2025 ജനുവരി 30-ന് ചൈനയിലെ ഡോംഗുവാനില്‍ വെച്ചാണ് ഈ ക്യാമറ ആക്ടിവേറ്റ് ചെയ്തതെന്ന വിവരമാണ് അന്വേഷണത്തെ ചൈനയിലേക്ക് എത്തിച്ചത്.

ക്യാമറ വാങ്ങിയ വ്യക്തിയുടെ പൂര്‍ണ്ണ വിവരങ്ങളും മറ്റ് സാങ്കേതിക വിശദാംശങ്ങളും എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ഇന്ത്യ ചൈനയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നിലവിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളും പാകിസ്ഥാനോടുള്ള ചൈനയുടെ മൃദുസമീപനവും കണക്കിലെടുക്കുമ്പോള്‍, ഈ വിഷയത്തില്‍ ചൈന എത്രത്തോളം സഹകരിക്കുമെന്ന കാര്യത്തില്‍ ഗൗരവമായ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചൈനയില്‍ നിന്ന് അനുകൂലമായ പ്രതികരണമോ സഹകരണമോ ലഭിച്ചില്ലെങ്കില്‍, കേസിന്റെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി മറ്റ് അന്താരാഷ്ട്ര നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടാനാണ് എന്‍ഐഎയുടെ നീക്കം.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ പോഷക സംഘടനയായി കണക്കാക്കപ്പെടുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആണ് പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഈ ഭീകരാക്രമണത്തില്‍ ചൈനീസ് ബന്ധം സ്ഥിരീകരിക്കുന്നത്, പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിലേക്ക് വിരല്‍ചൂണ്ടുന്ന പ്രധാനപ്പെട്ട വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.


ക്യാമറയില്‍ ഒളിപ്പിച്ച തെളിവുകള്‍

ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയും തയ്യാറെടുപ്പുകളും തെളിയിക്കുന്നതിന് എന്‍.ഐ.എ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'GoPro Hero 12 Black' എന്ന അത്യാധുനിക ക്യാമറയാണ്.: ആക്രമണത്തിന് മുന്നോടിയായി ഭീകരര്‍ നടത്തിയ നിരീക്ഷണങ്ങളും (Reconnaissance) ഓപ്പറേഷണല്‍ തയ്യാറെടുപ്പുകളും ഈ ക്യാമറയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍.ഐ.എ കരുതുന്നു.

എന്തുകൊണ്ട് ചൈനയുടെ സഹായം തേടുന്നു?

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷന്‍ 112 പ്രകാരമാണ് എന്‍.ഐ.എ കോടതിയെ സമീപിച്ചത്. ക്യാമറയുടെ അവസാന ഉപയോക്താവ് (End-user) ആര്, ഇത് വാങ്ങിയത് ആര് തുടങ്ങിയ വിവരങ്ങള്‍ ചൈനീസ് അധികൃതരുടെ സഹായത്തോടെ മാത്രമേ ലഭിക്കൂ എന്ന് എന്‍.ഐ.എ ഡി.ഐ.ജി സന്ദീപ് ചൗധരി വ്യക്തമാക്കി.

ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ട് നിയമസഹായ കരാറുകള്‍ (MLAT) നിലവിലില്ല. അതിനാല്‍, ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുള്ള യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ എഗൈന്‍സ്റ്റ് ട്രാന്‍സ്‌നാഷണല്‍ ഓര്‍ഗനൈസ്ഡ് ക്രൈം (UNTOC) വഴിയാണ് സഹായം തേടുന്നത്. : കോടതി നിര്‍ദ്ദേശപ്രകാരം അപേക്ഷയുടെ വിവര്‍ത്തനം ചെയ്ത പകര്‍പ്പുകള്‍ നയതന്ത്ര ചാനലുകള്‍ വഴി ചൈനയ്ക്ക് കൈമാറും.

മറക്കാത്ത പഹല്‍ഗാം നൊമ്പരം

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-നാണ് ദക്ഷിണ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ലഷ്‌കര്‍-ഇ-തൊയ്ബ (LeT) ഭീകരര്‍ ആക്രമണം നടത്തിയത്. 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും ഈ ക്രൂരതയ്ക്ക് ഇരയായി.: പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് ലഷ്‌കര്‍-ഇ-തൊയ്ബ, ടി.ആര്‍.എഫ് (TRF) ഭീകരര്‍ക്കെതിരെ എന്‍.ഐ.എ ഇതിനോടകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ഗൂഢാലോചനയുടെ ചുരുളഴിയുമോ?

ക്യാമറയുടെ വാണിജ്യ വഴികള്‍ (Commercial trail) ചൈനയില്‍ ആയതിനാല്‍, അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഭീകരരുടെ അന്താരാഷ്ട്ര ശൃംഖലയെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഈ അന്വേഷണ നീക്കം നടക്കുന്നത്.

Tags:    

Similar News