ഈ വലിയ കാഴ്ച 102 ാം വയസില്‍ കാണാനായത് വലിയ കാര്യം; വിഴിഞ്ഞത്ത് സാധ്യമായത് പ്രതീക്ഷയ്ക്ക് അപ്പുറം; ഏഴുപതിറ്റാണ്ടുമുമ്പ് ജി ഗോവിന്ദ മേനോന്‍ സ്വപ്‌നം കണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമായപ്പോള്‍ ആഹ്ലാദം അടക്കാനാകുന്നില്ല; കവടിയാറിലെ വീട്ടിലിരുന്ന് മേനോന്‍ കാണുന്നു ഈ സുന്ദര കാഴ്ച

സ്വപ്ന പദ്ധതി യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തില്‍ ജി ഗോവിന്ദ മേനോന്‍.

Update: 2025-05-02 10:12 GMT

തിരുവനന്തപുരം: സ്വപ്ന പദ്ധതി യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് 102 ാം വയസില്‍ ജി ഗോവിന്ദ മേനോന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പൂര്‍ത്തിയാകുമ്പോള്‍ തലസ്ഥാനത്ത് കവടിയാര്‍ ശ്രീ ബാലസുബ്രഹ്‌മണ്യ കോവിലിന് സമീപത്തെ മേടയില്‍ വീട്ടിലിരുന്ന് മേനോന്‍ ആ കാഴ്ച കാണുന്നു. സ്വപ്‌നസാക്ഷാത്കാരത്തിന്റെ സുന്ദര കാഴ്ച. രാജഭരണകാലത്ത് വിഴിഞ്ഞം തുറമുഖം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചപ്പോള്‍ അതിനായി നിയോഗിക്കപ്പെട്ട പ്രാഥമിക സര്‍വേ സംഘത്തില്‍ ജി ജി മേനോനും ഉണ്ടായിരുന്നു.

സര്‍വേ നടത്താന്‍ ബ്രിട്ടീഷ് വിദഗ്ധരെയാണ് ചുമതല ഏല്‍പ്പിച്ചത്. അന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം ബാച്ച് വിദ്യാര്‍ഥിയായി പഠിച്ചിറങ്ങിയ ജി.ജി മേനോനും സംഘത്തിലെ അംഗമായി. 1946 ലും 49 ലും സര്‍വേ നടന്നു. ലെഡ് സൗണ്ടിങ് റോപ്പ്, സൗണ്ടിങ് സെക്‌സ്ടന്റ് തുടങ്ങിയ സര്‍വേ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു സര്‍വേ. സര്‍വേയുടെ ഫലങ്ങള്‍ ബ്രിട്ടനിലേക്ക് അയച്ചു. അത് പ്രോജെക്ട് റിപ്പോര്‍ട്ടാക്കി തിരിച്ചയയ്ക്കുന്ന ഘട്ടം വരെ എത്തിയിരുന്നു.

ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണ് ബ്രിട്ടീഷ് വിദഗ്ദ്ധന്മാരുടെ സഹായത്തോടെ വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി ആദ്യ സര്‍വേക്ക് നടപടി സ്വീകരിച്ചത്. സര്‍വേയര്‍ വേലായുധന്‍ പിള്ളയായിരുന്നു സംഘത്തിലെ മറ്റൊരു മലയാളി. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ മേനോന്‍ 1944 ല്‍ പി.ഡബ്‌ളിയു. ഡി യില്‍ സെക്ഷന്‍ ഓഫീസറായാണ് ജോലിയില്‍ പ്രവേശിച്ചത്. 1977 ല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി റിട്ടയര്‍ ചെയ്തു. ' ഇത്രയും വലുപ്പമുള്ള തുറമുഖം ആയിരുന്നില്ല അന്ന് കണക്കു കൂട്ടിയത്. ഇതിപ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. അന്ന് സര്‍വേക്ക് സഹായിച്ച മത്സ്യ തൊഴിലാളികള്‍ തുറമുഖം എത്രയും വേഗം വരണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്രയുമൊക്കെ കാണാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം'- മേനോന്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വള്ളങ്ങളില്‍ ഇരുന്ന് അളന്നും കുറിച്ചുമാണ് തുറമുഖ സര്‍വേ തിട്ടപ്പെടുത്തിയത്.




ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് കടല്‍തീരത്തോട് ചേര്‍ന്നുള്ള പാറക്കൂട്ടങ്ങളെ കുറിച്ചുള്‍പ്പെടെയുള്ള പഠന റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍ വഴി ഹാര്‍ബര്‍ എഞ്ചിനീയറിങ് കമ്പനിക്ക് കൈമാറിയിരുന്നു. തുറമുഖ സാധ്യത തിരിച്ചറിഞ്ഞെങ്കിലും പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ പ്രതീക്ഷകളെ തകിടം മറിച്ചു. രാഷ്ട്രീയ മാറ്റങ്ങള്‍ കാരണം പദ്ധതി അനിശ്ചിതത്വത്തിലായി. പിന്നീട് മറ്റു ചുമതലകളിലേക്കു മാറിയ മേനോന്‍ 1977ല്‍ പിഡബ്ല്യൂഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയറായി വിരമിച്ചു. തുറമുഖം പഠിക്കാനെത്തിയ ബ്രിട്ടീഷ് വിദഗ്ധനും ബ്രിട്ടണിലേക്ക് മടങ്ങി.

ഇന്നത്തെ പി.എം.ജി. ഓഫീസും പരിസരങ്ങളിലും ഉണ്ടായിരുന്ന കെട്ടിടങ്ങളിലാണ് മുമ്പ് തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനിയറിങ് കോളേജ് പ്രവര്‍ത്തിച്ചിരുന്നത്. അവിടെയാണ് ജി.ജി. മേനോന്‍ പഠിച്ചതും പാസായതും. 1922 ജൂണ്‍ ഇരുപത്തിമൂന്നിന്, നോര്‍ത്ത് പറവൂരിലെ അസിസ്റ്റന്റ് ദിവാന്‍ പേഷ്‌ക്കാര്‍ എന്‍.ഗോവിന്ദ പണിക്കരുടേയും ജാനകി അമ്മയുടേയും മകനായി ജനിച്ച ജി.ജി. മേനോന്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലാണ് പഠിച്ചത്. 1940 -ല്‍ ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് ഡിസ്റ്റിക്ഷനോടെ പാസായശേഷമാണ് തിരുവനന്തപുരത്തു വന്ന് എന്‍ജിനിയറിങ് കോളേജില്‍ ചേര്‍ന്നത്. അന്ന് ഡിഗ്രിക്കും ഡിപ്‌ളോമക്കുമായി പതിനെട്ട് കുട്ടികളേ ഉണ്ടായിരുന്നുള്ളുവെന്ന് ജി.ജി. മേനോന്‍ ഓര്‍ക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനിയറിങ് പരീക്ഷ ഒന്നാംക്ലാസില്‍ പാസായ ശേഷമാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.


Full View

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയപ്പോള്‍ മക്കളോടൊപ്പം ജി ജി മേനോന്‍ കാണാന്‍ പോയിരുന്നു. തുറമുഖം പൂര്‍ത്തിയായി ഔദ്യോഗിക ഉദ്ഘാടനം നടക്കുമ്പോള്‍, ഈ വലിയ കാഴ്ചകള്‍ കാണാനായത് വലിയ കാര്യമാണെന്ന് ജി.ഗോവിന്ദമേനോന്‍ ആഹ്ലാദത്തോടെ പറഞ്ഞു. തന്റെ പ്രതീക്ഷക്കപ്പുറമുള്ള കാര്യങ്ങളാണ് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News