മര്‍ദനമേറ്റത് സിഐടിയു യൂണിയനില്‍ പെട്ട തൊഴിലാളിക്ക്; മര്‍ദിച്ചത് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്; കള്ളക്കേസെന്ന് സിഐടിയു ജില്ലാ സെക്രട്ടറി; സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ നടക്കുന്നത് വിചിത്ര സംഭവങ്ങള്‍; സിപിഎം നേതൃത്വം മൗനത്തില്‍
പത്തനംതിട്ട നഗരസഭയില്‍ നടക്കുന്നത് വിചിത്ര സംഭവങ്ങള്‍
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയിലെ സിഐടിയു ശുചീകരണ വിഭാഗം തൊഴിലാളിയെ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് മര്‍ദിക്കുന്നു. പരാതി നല്‍കിയിട്ടു നടപടിയില്ലാതെ വന്നപ്പോള്‍ സിഐടിയു ശുചീകരിണ തൊഴിലാളികള്‍ പണിമുടക്കുന്നു. നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദനത്തിന് കേസ് എടുത്ത് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യുന്നു. ഇത് കളളക്കേസ് ആണെന്ന് ആരോപിച്ച് സിഐടിയു ജില്ലാ സെക്രട്ടറി രംഗത്തു വരുന്നു. സിപിഎം ജില്ലാ നേതൃത്വമാകട്ടെ മൗനത്തിലും.
പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിലെ അനധികൃത കൊടിതോരണങ്ങള്‍ നീക്കാന്‍ പോയ ശുചീകരണ തൊഴിലാളിയെ സിഐടിയു നേതാവ് മര്‍ദിച്ചതിനെ തുടര്‍ന്നുളള സംഭവ വികാസങ്ങള്‍ കണ്ട് കിളി പോയി നില്‍ക്കുകയാണ് പത്തനംതിട്ടയിലെ സിപിഎം സിഐടിയു പ്രവര്‍ത്തകര്‍. ശുചീകരണ വിഭാഗം തൊഴിലാളിയും സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും സിഐടിയു പ്രവര്‍ത്തകനുമായ കേശവനെ മര്‍ദിച്ചത് സിപിഎം കുമ്പഴ ലോക്കല്‍ കമ്മറ്റി അംഗവും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമായ സക്കീര്‍ അലങ്കാരത്താണ്. മര്‍ദനമേറ്റ കേശവന്‍ ചികില്‍സ തേടി. നഗരസഭ സെക്രട്ടറിക്ക് പരാതിയും നല്‍കി. പോലീസിലേക്ക് സെക്രട്ടറി പരാതി കൈമാറി. സര്‍ജറി കഴിഞ്ഞ ജോലിക്കെത്തിയ കേശവനെയാണ് തലയ്ക്ക് പിന്നില്‍ മാരകമായി സക്കീര്‍ മര്‍ദിച്ചത്. പരാതി കിട്ടിയ പോലീസ് സക്കീറിനെ തൊടാന്‍ മടിച്ചു.
പക്ഷേ, ശുചീകരണ തൊഴിലാളികള്‍ പിന്മാറിയില്ല. അവര്‍ പണിമുടക്ക് തുടങ്ങി. ഇതോടെ നഗരസഭ ചെയര്‍മാന്‍ ഇടപെട്ടു. സക്കീര്‍ അലങ്കാരത്തിനെതിരേ കേസ് എടുത്തു. അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോള്‍ സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ വളരെ വിചിത്രമായ ഒരു പ്രസ്താവനയുമായി രംഗത്തു വന്നു. സക്കീറിനെതിരേയുള്ളത് കളളക്കേസ് ആണെന്നും നഗരസഭ സെക്രട്ടറിക്ക് എതിരേ നടപടി വേണമെന്നുമാണ് ഹര്‍ഷകുമാറിന്റെ പ്രസ്താവന. അതിങ്ങനെ:
സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഫീസ് ശിലാസ്ഥാപന ചടങ്ങിനോടാനുബന്ധിച്ചു പരിപാടി നടത്താനായി സിഐടിയു വാടകയ്ക്ക് എടുത്ത നഗരസഭ ടൗണ്‍ സ്‌ക്വയറില്‍ പ്രചരണാര്‍ത്ഥം സംഘടന കൊടി കെട്ടിയത് നഗരസഭ സെക്രട്ടറി ഇടപെട്ട് പരിപാടിക്ക് തൊട്ട് മുന്‍പ് അഴിപ്പിച്ചു മാറ്റിയത് അപലപനീയമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പങ്കെടുക്കുന്ന പരിപാടിയില്‍ കൊടി അഴിപ്പിച്ചത് ശരിയല്ല എന്നും അഴിച്ച കൊടി തിരിച്ചു കെട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും സംസാരിച്ച സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ അലങ്കാരത്ത് ദേഹോപദ്രവം നടത്തി എന്ന് തെറ്റായ പ്രസ്താവന ഇറക്കി അദ്ദേഹത്തെ അവഹേളിക്കുകയും കള്ളക്കേസ് കൊടുക്കുകയും ചെയ്തത് സിഐടിയു പരിപാടി അലങ്കോലപ്പെടുത്താനുള്ള സെക്രട്ടറിയുടെ ബോധപൂര്‍വമായ ശ്രമം ആയിരുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഒരാഴ്ച മുന്‍പ് ഇതേ സ്ഥലത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ പ്രദേശം മുഴുവന്‍ കൊടി കെട്ടിയിട്ടും അതിനെതിരെ യാതൊരു വിധ നടപടിക്കും തുനിയാതിരുന്ന നഗരസഭ സെക്രട്ടറിയുടെ അജണ്ട വ്യക്തമാണ്. കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ സി ഐ ടി യു നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ ഭാഗത്തു യാതൊരുവിധ അക്രമ സംഭവവും നടന്നിട്ടില്ല എന്ന് അറിയിക്കുന്നു.
സക്കീറിനെ പ്രതിയാക്കി കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഈ വിചിത്രമായ പ്രസ്താവന വന്നിരിക്കുന്നത് എന്നതാണ് വിചിത്രം. സക്കീര്‍ അലങ്കാരത്ത് നേരത്തേയും നഗരസഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കൈവെട്ടുമെന്ന് ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തിരുന്നു. ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടി രക്ഷപ്പെടുകയായിരുന്നു.