തെരുവുനായ ശല്യ ബോധവല്‍ക്കരണ നാടകം കളിക്കവേ കലാകാരനെ കടിച്ച നായ ചത്ത നിലയില്‍; കടിയേറ്റത് നാടക പ്രവര്‍ത്തകനായ രാധാകൃഷ്ണന്; നായയെ ചത്ത നിലയില്‍ കണ്ടെത്തിയത് പരിപാടി നടന്ന വായനശാലയ്ക്ക് സമീപം; പ്രദേശവാസികള്‍ക്ക് ഭീതി

നാടക കലാകാരനെ വേദിയില്‍ വച്ച് കടിച്ച തെരുവ് നായ ചത്ത നിലയില്‍

Update: 2025-10-07 17:02 GMT

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കണ്ടക്കൈയില്‍ തെരുവുനായ ശല്യബോധവല്‍ക്കരണ സന്ദേശവുമായി നാടകം കളിക്കുമ്പോള്‍ നാടക കലാകാരനെ വേദിയില്‍ വച്ച് കടിച്ച തെരുവ് നായയെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പി.കൃഷ്ണപ്പിള്ള സ്മാരക വായനശാല സംഘടിപ്പിച്ച തെരുവുനായകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിക്കിടെയാണ് നാടക കലാകാരന് കടിയേറ്റത്.

നായയുടെ കടിയേറ്റ പി. രാധാകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരിന്നു നായയെ പരിപാടി നടന്ന വായനശാലക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവം ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.

കണ്ടക്കൈപ്പറമ്പ് സ്വദേശിയും നാടകപ്രവര്‍ത്തകനുമായ പി. രാധാകൃഷ്ണനെ (57) യാണ് നാടം അവതരിപ്പിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന നായ കുരച്ചുകൊണ്ട് എത്തി കടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കണക്കൈ കൃഷ്ണപിള്ള സ്മാരക വായനാശാലയില്‍ നാടകം കളിക്കുമ്പോഴാണ് തെരുവ് നായ വന്ന് കടിക്കുന്നത്. തെരുവുനായ ആക്രമണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി രാധാകൃഷ്ണന്‍ ഏകപാത്ര നാടകമായ 'പേക്കാലം' അവതരിപ്പിക്കുകയായിരുന്നു.

നാടകം ആരംഭിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വേദിയുടെ പിന്നില്‍നിന്ന് കയറിവന്ന തെരുവുനായ, രാധാകൃഷ്ണന്റെ വലതുകാലില്‍ കടിച്ചശേഷം അവിടെ നിന്നും ഓടി പോകുകയായിരുന്നു. ഈ സമയം നാടകത്തിന് നായ കുരയ്ക്കുന്ന ശബ്ദം പശ്ചാത്തലമായി നല്‍കിയിരുന്നു. നായ അവിടെ നിന്ന് കുരയ്ക്കുന്നത് കണ്ട് കാണികള്‍ വിചാരിച്ചത് ആ നാടകത്തിലെ ഒരു രംഗം ആണെന്നാണ്. എന്നാല്‍ കുരച്ച് വന്ന നായ അദ്ദേഹത്തിന്റെ കാലില്‍ കടിക്കുമ്പോഴാണ് അപകടമല്ല ശരിക്കും നടന്നതാണെന്ന് കാണികള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാകുന്നത്.

എന്നാല്‍ കടിച്ചതിന് ശേഷവും വേദന സഹിച്ച് പത്ത് മിനിറ്റ് കൊണ്ട് നാടകം പൂര്‍ത്തിയാക്കിയ ശേഷമാണ് രാധാകൃഷ്ണന്‍ സംഭവം സംഘാടകരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Tags:    

Similar News