അതിക്രൂര ലോക്കപ്പ് മര്‍ദ്ദനത്തിന്റെ പേരില്‍ പോലീസിനെതിരേ ചുമത്തിയത് കൈകൊണ്ട് ഇടിച്ചുവെന്ന ദുര്‍ബല വകുപ്പ് മാത്രം; വീഡിയോ പുറത്താകുമെന്ന ഘട്ടത്തില്‍ കേസ് പിന്‍വലിക്കാന്‍ 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തു; ഓഫറുമായി രംഗത്തെത്തിയത് ഇടനിലക്കാര്‍ വഴി; പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് സുജിത്ത്; ഇരിവീരന്‍മാരായ പോലീസുകാര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്

അതിക്രൂര ലോക്കപ്പ് മര്‍ദ്ദനത്തിന്റെ പേരില്‍ പോലീസിനെതിരേ ചുമത്തിയത് കൈകൊണ്ട് ഇടിച്ചുവെന്ന ദുര്‍ബല വകുപ്പ് മാത്രം

Update: 2025-09-04 04:30 GMT

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധ നടപടികള്‍ കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം ഇടിവീരന്‍മാരായ പോലീസുകാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നുണ്ട്. ഇവര്‍ കേസ് ഒതുക്കാന്‍ വേണ്ടി വലിയ ശ്രമങ്ങളാണ് നടത്തിയത്.

മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരേ ചുമത്തിയിരിക്കുന്നത് ദുര്‍ബ്ബല വകുപ്പു മാത്രമാണ്. ഒരുകൊല്ലം മാത്രം തടവ് ലഭിക്കാവുന്ന കുറ്റം. രണ്ടു വര്‍ഷത്തേക്ക് ഇന്‍ക്രിമന്റ് തടഞ്ഞു. മൂന്ന് കൊല്ലത്തേക്ക് കുറ്റവാളികളായ പോലീസുകാരുടെ പ്രമോഷനും തടഞ്ഞു. ഇനി വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് കിട്ടിയിരിക്കുന്ന നിയമോപദേശം. എഫ്‌ഐആറിലുള്ളത് കൈകൊണ്ടടിച്ചു എന്ന് മാത്രം.

അതേസമയം എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ബാക്കി നടപടി കോടതി തീരുമാനപ്രകാരം മതിയെന്നാണ് തീരുമാനം. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കാര്യമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. കേസുമായി മുമ്പോട്ട് പോയതോടെ സുജിത്തിനെ പണം നല്‍കി സ്വാധീനിക്കാനും കേസ് പിന്‍വലിപ്പിക്കാനും ശ്രമം നടന്നതായി സുജിത് വെളിപ്പെടുത്തി. എത്ര പണം വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നാണ് പോലീസിനുവേണ്ടി ഇടപെട്ടവര്‍ വാഗ്ദാനം ചെയ്തതെന്നും ലക്ഷങ്ങളാണ് വാഗ്ദാനം ചെയ്തതെന്നുമാണ് സുജിത് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

തന്നെ മര്‍ദിച്ച എല്ലാ പൊലീസുകാര്‍ക്ക് എതിരെയും കേസെടുത്തിട്ടില്ലെന്ന് സുജിത്ത് പറഞ്ഞു. അഞ്ചുപേര്‍ മര്‍ദ്ദിച്ചതില്‍ നാലു പൊലീസുകാര്‍ക്കെതിരെ മാത്രമാണ് കേസെടുക്കുന്നത്. പൊലീസ് ഡ്രൈവറായിരുന്ന സുഹൈര്‍ കേസില്‍ നിന്ന് ഒഴിവായി. ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും സുജിത്ത് വി എസ് പറഞ്ഞു.

സുഹൈര്‍ പൊലീസ് സ്റ്റേഷന് മുകളിലത്തെ നിലയില്‍ വച്ചാണ് സുജിത്തിനെ മര്‍ദിച്ചത്. സുഹൈര്‍ ഇപ്പോള്‍ പോലീസ് വകുപ്പ് വിട്ട് റവന്യൂ വകുപ്പിലേക്ക് മാറി. വില്ലേജ് ഓഫീസില്‍ ജോലി ചെയ്തു വരികയാണ് സുഹൈര്‍. അഞ്ചു പേരും ക്രൂരമായി മര്‍ദിച്ചെന്ന് സുജിത്ത് പറയുന്നു. എല്ലാത്തിനും സുഹൈര്‍ ഒപ്പമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്താതിനാല്‍ സുഹൈറിനെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്.

പരാതിയില്‍ നിന്ന് പിന്മാറാന്‍ പൊലീസുകാര്‍ പണം ഓഫര്‍ ചെയ്തുവെന്ന് സുജിത്ത് പറഞ്ഞു. 20 ലക്ഷം രൂപ തരാം എന്ന് വരെ അറിയിച്ചു. ഇടനിലക്കാര്‍ മുഖാന്തരവും അല്ലാതെയും ആണ് പണം ഓഫര്‍ ചെയ്തത്. കൂടുതല്‍ തുക വേണമെങ്കിലും തരാന്‍ തയ്യാറായിരുന്നുവെന്ന് അവര്‍ അറിയിച്ചതായി സുജിത്ത് വിഎസ് പറഞ്ഞു.

സംഭവം വന്‍ വിവാദമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ദൃശ്യങ്ങള്‍ ഇന്നലെയായിരുന്നു പുറത്തുവന്നതിന് പിന്നാലെ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ തൃശൂരിലെ നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട ശേഷമായിരിക്കും ഭാവി പരിപാടികള്‍ തീരുമാനിക്കുക.

2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍, സുജിത്തിനെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരും സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു.

ജീപ്പില്‍ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോള്‍ തന്നെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News