എന്ത് റിപ്പോര്‍ട്ടാണ് ഇനി ഗവര്‍ണര്‍ക്ക് ആവശ്യം? ജസ്റ്റിസ് ധൂലിയയുടെ റിപ്പോട്ട് വെറും കടലാസ് കഷ്ണമല്ല; സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലാ വിസിമാരുടെ നിയമനം വൈകുന്നതില്‍ കേരള ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി

എന്ത് റിപ്പോര്‍ട്ടാണ് ഇനി ഗവര്‍ണര്‍ക്ക് ആവശ്യം?

Update: 2025-11-28 08:36 GMT

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ജസ്റ്റിസ് ശുഭാന്‍ഷു ധൂലിയയുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കാത്തതിലാണ് കോടതിയുടെ വിമര്‍ശനം. എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വി.സിമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് വിരമിച്ച ജസ്റ്റിസായ സുധാന്‍ഷു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ജെ.ബി പാര്‍ദിവാല, ജസ്റ്റിസ് കെ.വി വിശ്വനാഥ് എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് വിമര്‍ശനം.

ദൂലിയ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ധൂലിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതിരുന്നതോടെ ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് നേരെ സുപ്രീംകോടതിയില്‍ നിന്നും രുക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായത്.

ജസ്റ്റിസ് ധൂലിയയുടെ റിപ്പോര്‍ട്ട് വെറും കടലാസ് കഷ്ണമല്ലെന്നായിരുന്നു ജസ്റ്റിസ് പാര്‍ദിവാല ഗവര്‍ണറെ ഓര്‍മിപ്പിച്ചത്. നിങ്ങള്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലേ എന്നിട്ടും ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ വൈകുന്നതെന്താണെന്ന് പാര്‍ദിവാല ഗവര്‍ണറുടെ അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍, ചില റിപ്പോര്‍ട്ടുകള്‍ സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് നല്‍കുന്നില്ലെന്നും ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വെങ്കിട സുബ്രഹ്‌മണി കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഗവര്‍ണര്‍ ചോദിച്ച റിപ്പോര്‍ട്ടുകളെല്ലാം കൈമാറിയിട്ടുണ്ടെന്നായിരുന്നു ഇതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി. തുടര്‍ന്ന് എന്ത് റിപ്പോര്‍ട്ടാണ് ഇനി ഗവര്‍ണര്‍ക്ക് ആവശ്യമെന്ന് ചോദിച്ച കോടതി ധൂലിയയുടേത് വെറും കടലാസ് കഷ്ണമല്ലെന്നും ഓര്‍മിപ്പിച്ചു. റിപ്പോര്‍ട്ടില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.

Tags:    

Similar News