പൂരം കലങ്ങിയത് അറിഞ്ഞത് എങ്ങനെയെന്ന് ചോദ്യം; മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് വരാഹി അസോസിയേറ്റ് സിഇഒ; മണ്ണുത്തി നെട്ടിശേരിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയോട് തിരുവമ്പാടി ഓഫിസില്‍ എത്താന്‍ നിര്‍ദേശിച്ചത് അഭിജിത്; ഇനി സുരേഷ് ഗോപിയെ ചോദ്യം ചെയ്യും; തൃശൂരിലെ പോലീസ് ചിന്തകള്‍ ഇങ്ങനെ
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍, സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ പോലീസ് നിര്‍ണ്ണായക നീക്കങ്ങളിലേക്ക്. വരാഹി അസോസിയേറ്റ്‌സ് സിഇഒ അഭിജിത്തിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് സുരേഷ് ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടെന്നും പക്ഷേ, ഉടനെ ഉണ്ടാകില്ലെന്നുമാണ് പോലീസ് പറയുന്നത്. സുരേഷ് ഗോപി ഉള്‍പ്പെടെ മൂന്നു പ്രതികളാണ് കേസില്‍ ഉള്ളത്. ഇതില്‍ ആംബുലന്‍സ് ഡ്രൈവറെ പോലീസ് നേരത്തെത്തന്നെ ചോദ്യം ചെയ്തിരുന്നു.
കേന്ദ്രമന്ത്രിയെ നോട്ടീസ് നല്‍കിയ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് തീരുമാനം. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റര്‍ജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്‌സായിരുന്നു. പൂരനഗരിയിലെത്താന്‍ സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി സുമേഷാണ് പൊലീസിനു പരാതി നല്‍കിയത്. സുരേഷ് ഗോപിക്കുവേണ്ടി തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത് അഭിജിത്തിന്റെ നേതൃത്വത്തിലുള്ള വരാഹി അസോസിയേറ്റ്സ് ആയിരുന്നു. സംഘപരിവാര്‍ ബന്ധമുള്ള സ്ഥാപനമാണ് വരാഹിയെന്നാണ് പോലീസ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പൂരത്തിന് പിന്നിലുള്ള രാഷ്ട്രീയ അട്ടിമറി ആരോപണത്തിലേക്ക് ഇതു കൂടി കൊണ്ടു വരാനാണ് പോലീസ് ശ്രമം.
പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ്ഗോപി എത്തിയത് അഭിജിത്തിന് ഒപ്പമായിരുന്നു. നവംബര്‍ മൂന്നിനാണ് തൃശ്ശൂര്‍ പോലീസ് കേസ് എടുത്തത്. ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനും അപകടമുണ്ടാക്കുന്ന രീതിയില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് കേസ്. എന്നാല്‍ ഇതിന് അപ്പുറത്തേക്കുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തിക്കാനാണ് ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് സുരേഷ്ഗോപി എത്തിയത് എന്നും എഫ്.ഐ.ആറില്‍ പറയുന്നു.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട രാത്രി സുരേഷ് ഗോപി വന്നത് സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു. മണ്ണുത്തി നെട്ടിശേരിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയോട് ഉടന്‍ തിരുവമ്പാടി ഓഫിസില്‍ എത്താന്‍ നിര്‍ദേശം വന്നിരുന്നു. ആ നിര്‍ദേശം നല്‍കിയതാകട്ടെ ബി.ജെ.പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ഏകോപിപ്പിച്ചിരുന്ന വരാഹി അസോസിയേറ്റ്‌സ് സിഇഒ അഭിജിത്തും. ബിജെപി ജില്ലാ അധ്യക്ഷന്റെ കാറില്‍ സ്വരാജ് റൗണ്ടിന് സമീപത്ത് വന്ന സുരേഷ് ഗോപിയ്ക്ക് മുന്നോട്ടു പോകാനായില്ല. ജനത്തിരക്കായിരുന്നു കാരണം.
സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ ഓഫിസില്‍ എത്തിക്കാന്‍ അഭിജിത്ത് തന്നെ നിര്‍ദേശം നല്‍കി. അഭിജിത്ത് ഫോണില്‍ വിളിച്ചതായി ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. പൂരം കലങ്ങിയത് അഭിജിത്ത് അറിഞ്ഞത് എങ്ങനെയെന്ന് പൊലീസ് ചോദിച്ചു. മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നാണ് അഭിജിത്തിന്റെ മൊഴി. ഇടുക്കി സ്വദേശിയാണ് അഭിജിത്ത് വരാഹി. ഐപിസി 279, 34, മോട്ടര്‍ വാഹന നിയമം 179, 184, 188, 192 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അഭിജിത്തിന്റെ മൊഴിയെടുത്തത്.
താന്‍ കാറിലാണു ചെന്നതെന്നും ആംബുലന്‍സില്‍ കണ്ടെന്നുപറയുന്നത് മായക്കാഴ്ചയാകുമെന്നും ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞിരുന്നു, സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. പൂരസ്ഥലത്ത് എത്തിയപ്പോള്‍ രാഷ്ട്രീയക്കാരുടെ ഗുണ്ടകള്‍ കാര്‍ ആക്രമിച്ചെന്നും യുവാക്കള്‍ രക്ഷപ്പെടുത്തിയെന്നും കാലിനു സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് അദ്ദേഹം പിന്നീടു വിശദീകരിച്ചത്.