പൂക്കളത്തില്‍ സിന്ദൂരം വിതറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; പാര്‍ത്ഥസാരഥി ക്ഷേത്രം സന്ദര്‍ശിച്ചു; 27 പേര്‍ക്കെതിരെ കേസെടുത്തത് കോടതി വിധി മറികടന്ന് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് പതാക വരച്ചതിനും ഫ്ളക്സ് ബോര്‍ഡ് വച്ചതിനുമെന്ന് പോലീസും

പൂക്കളത്തില്‍ സിന്ദൂരം വിതറി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Update: 2025-09-07 13:57 GMT

കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രപരിസരത്ത് യുവാക്കള്‍ ഒരുക്കിയ ഓണപൂക്കളത്തെചൊല്ലി വിവാദം ഉടലെടുത്ത പ്രദേശം സന്ദര്‍ശിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിനുള്ളില്‍ സിന്ദൂരം വിതറിക്കൊണ്ട് കേന്ദ്രമന്ത്രി പിന്തുണ അറിയിച്ചു. മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്.

അത്തപ്പൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ സംഭവത്തിന് പിന്നാലെ 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കലാപക്കുറ്റം ആരോപിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രമന്ത്രി നേരിട്ട് ക്ഷേത്രത്തില്‍ എത്തിയത്.

സംഘപരിവാര്‍ അനുഭാവികളും പ്രവര്‍ത്തകരുമായുള്ള ഒരുപറ്റം യുവാക്കള്‍ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തെ സ്ഥലത്തൊരുക്കിയ പൂക്കളമാണ് വിവാദത്തിലായത്. പൂക്കളത്തിനുള്ളില്‍ പൂക്കള്‍ കൊണ്ട് കാവിക്കൊടി വരയ്ക്കുകയും ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. പൂക്കളമിട്ടവര്‍ക്കെതിരേ ശാസ്താംകോട്ട പോലീസ് കേസെടുത്തതോടെ പ്രശ്നം ദേശീയശ്രദ്ധ നേടുകയും ചെയ്തിരുന്നു.

തിരുവോണനാളില്‍ ക്ഷേത്രത്തിന് മുന്നില്‍ പൂക്കളമിടുന്നതിന് സംഘപരിവാര്‍ സംഘടനകള്‍ ശ്രമം നടത്തുന്നെന്ന വിവരം അറിഞ്ഞ ഭരണസമിതി ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തില്‍ ഇരുകൂട്ടരേയും വിളിച്ച് യോഗം ചേര്‍ന്നു. പൂക്കളം ഒരുക്കാമെന്നും എന്നാല്‍ അതില്‍ മറ്റ് അടയാളങ്ങളോ കൊടി തോരണങ്ങളോ ഉണ്ടാകാന്‍ പടില്ലെന്നും തീരുമാനിച്ചാണ് പിരിഞ്ഞത്.

ഉത്രാട ദിവസം രാത്രി പൂക്കളം ഒരുക്കുന്നതിന് ശ്രമം തുടങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി തടയാന്‍ ശ്രമിച്ചു. ധിക്കരിച്ച് പൂക്കളമിട്ടാല്‍ കലാപശ്രമത്തിന് കേസെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി. പ്രശ്നങ്ങളില്ലാതെയാണ് പൂക്കളമിടുന്നതെന്നും വര്‍ഷങ്ങളായി നടത്തിവരുന്നതാണെന്നും യുവാക്കള്‍ ഉറപ്പുനല്‍കി. അതോടെ പോലീസ് തന്നെ പൂക്കളമിടുന്നതിനുള്ള സ്ഥലം ക്ഷേത്രഭരണസമിതിക്കും യുവാക്കള്‍ക്കും തിട്ടപ്പെടുത്തി നല്‍കി. പോലീസ് കാവലും ഏര്‍പ്പെടുത്തി. കളത്തിനുള്ളില്‍ യുവാക്കള്‍ പൂക്കള്‍ കൊണ്ട് കാവിക്കൊടിയും ചുവട്ടില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതുകയും ചെയ്തു.

എന്നാല്‍ രാവിലെ ആയപ്പോഴേക്കും ചിത്രം മാറി. ക്ഷേത്ര ഭരണസമിതിയുടെ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി ചിഹ്നങ്ങളും മറ്റും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ക്ഷേത്രപ്രതിഷ്ഠ പാര്‍ത്ഥസാരഥിയുടേതാണെന്നും രഥത്തിന് മുകളിലുള്ള ഭഗവത് ധ്വജമാണ് ഒരുക്കിയിരിക്കുന്നതെന്നും രാഷ്ട്രീയമായ ചിഹ്നങ്ങളില്ലെന്നും പറഞ്ഞ് സംഘാടകര്‍ ഇതിനെ എതിര്‍പ്പുമായി. അതോടെ പോലീസ് മടങ്ങുകയും കലാപശ്രമത്തിന് വിരമിച്ച സൈനികനായ ശരത്, സൈനികനായ അശോക് എന്നിവരെയും കണ്ടലറിയാവുന്ന ഇരുപത്തഞ്ചോളം പേരെയും പ്രതിയാക്കി കേസെടുക്കുകയുമായിരുന്നു.

ക്ഷേത്ര വികസനത്തെ തടസപ്പെടുത്തുന്നതിനും ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുന്നതിനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും പൂക്കളം ഇടുന്നതിനെ വിലക്കിയിട്ടില്ലെന്നും ഭരണസമിതി പ്രസിഡന്റ് ഗോകുലം സനില്‍ കുമാര്‍ അറിയിച്ചു. ക്ഷേത്ര പരിധിയില്‍ നൂറു മീറ്റര്‍ ചുറ്റളവില്‍ രാഷ്ട്രീയ അടയാളങ്ങള്‍ക്കും കൊടിതോരണങ്ങള്‍ക്കും ഹൈക്കോടതിയുടെ വിലക്കുള്ളതിനാലാണ് ഭരണസമിതിയുടെ പരാതിയില്‍ കേസെടുത്തതെന്ന് ശാസ്താംകോട്ട എസ്എച്ച്ഒ അനീസ് പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തിലോ ഉള്ള അടയാളങ്ങളോ കൊടികളോ ഉപയോഗിച്ചിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ധൂര്‍ എന്നെഴുതിയത് മാറ്റാതിരുന്നതിലുള്ള വൈരാഗ്യമൂലം ബോധപൂര്‍വം കേസില്‍ കുടുക്കുകയാണുണ്ടായതന്നും സംഘാടകരില്‍ ഒരാളായ അശോക് പറഞ്ഞു. വരച്ചത് ദൈവധ്വജമാണെന്നും രാഷ്ട്രീയമായല്ല പൂക്കളം തീര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അത്തപ്പൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയതിനല്ല കേസെടുത്തതെന്ന് എന്നാണ് പോലീസ് വിശദീകരിക്കുന്നത്. കോടതി വിധി മറികടന്ന് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് പതാക വരച്ചതിനും ഫ്ളക്സ് ബോര്‍ഡ് വച്ചതിനുമാണ് കേസെടുത്തത്.

Tags:    

Similar News