'ഞങ്ങളുടെ ആവശ്യം ഖ്വിസാസ്, പണം രക്തത്തിന് പകരമാകില്ല... സത്യം മറക്കപ്പെടുന്നില്ല... നിമിഷ പ്രിയക്ക് മാപ്പില്ല, എത്ര വൈകിയിലും നീതി നടപ്പാകും'; ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്ന് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി; വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന ആശങ്കയില്‍ ആക്ഷന്‍ കൗണ്‍സില്‍; തുടര്‍ നടപടികള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍

ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്ന് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി

Update: 2025-07-16 10:36 GMT

കോഴിക്കോട്: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ഞങ്ങള്‍ ശിക്ഷ നടപ്പാക്കല്‍ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാന്‍ പ്രേരിപ്പിക്കില്ല, സമ്മര്‍ദ്ദം ഞങ്ങളെ ഇളക്കില്ല, പണം രക്തത്തിന് പകരമാകില്ല... സത്യം മറക്കപ്പെടുന്നില്ല... നീതി വരും, എത്ര ദൈര്‍ഘ്യമെടുത്താലും, ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അബ്ദുല്‍ ഫത്താഹ് മഹ്ദി വ്യക്തമാക്കി.

ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി മാപ്പ് നല്‍കില്ലെന്ന് വ്യക്തമാക്കിയത്. പല തരത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സഹോദരന്‍ വിശദീകരിച്ചു. സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈര്‍ഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു.

''ഇന്ന് മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും കേള്‍ക്കപ്പെടുന്നതും നേടപ്പെടുന്നതും പുതിയതോ അതിശയകരമോ ആയ ഒന്നല്ല... നമ്മുടെ കേസിന്റെ വര്‍ഷങ്ങളിലുടനീളം, രഹസ്യമായ ശ്രമങ്ങളും വലിയ മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിതവുമാണ്. അതിനര്‍ത്ഥം, ഞങ്ങള്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങള്‍ ഞങ്ങളില്‍ ഒന്നും മാറ്റിയിട്ടില്ല, ഞങ്ങളുടെ ആവശ്യം വ്യക്തമാണ്‌നീതി (ക്വിസാസ്) മാത്രം, മറ്റൊന്നും അല്ല, കാര്യം എന്തുതന്നെയായാലും. ഇപ്പോള്‍ ഇത് മാറ്റിവെക്കപ്പെട്ടിരിക്കുന്നു, ഞങ്ങള്‍ അത് പ്രതീക്ഷിച്ചിരുന്നില്ലനിര്‍ഭാഗ്യവശാല്‍പ്രത്യേകിച്ചും, നടപ്പാക്കല്‍ നിര്‍ത്തിവെച്ചവര്‍ക്ക് ഏതെങ്കിലും രൂപത്തിലോ വിധത്തിലോ ഉള്ള അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ പൂര്‍ണ നിരാകരണം അറിയാം. എന്തായാലും, ശിക്ഷ നടപ്പാക്കല്‍ തീയതി നിശ്ചയിച്ചതിനുശേഷം ഇത്തരം ശ്രമങ്ങള്‍ വരുന്നത് മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ ശിക്ഷ നടപ്പാക്കല്‍ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാന്‍ പ്രേരിപ്പിക്കില്ല, സമ്മര്‍ദ്ദം ഞങ്ങളെ ഇളക്കില്ല, പണം രക്തത്തിന് പകരമാകില്ല... സത്യം മറക്കപ്പെടുന്നില്ല... നീതി വരും,എത്ര ദൈര്‍ഘ്യമെടുത്താലും, ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും'', മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അനുനയ ശ്രമം തുടരുമ്പോഴും നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കുന്നതില്‍ ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ച തുടരാന്‍ സാധ്യതയുണ്ട്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിര്‍ത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകര്‍പ്പില്‍ ഉള്ളത്. എന്നാല്‍ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവില്‍ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവില്‍ ഇല്ല. നിമിഷ പ്രിയയുടെ കാര്യത്തില്‍ തുടര്‍ന്നും ഇടപെടല്‍ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവുമായി ദയ ദനത്തില്‍ ചര്‍ച്ച നടക്കുന്നെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതില്‍ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരിക്കുന്നത്.

എന്നാല്‍ നിമിഷപ്രിയയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല. വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്കയുണ്ട്. ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് അവസാനം ഗുണം ചെയ്തത്. മാപ്പ് നല്‍കുന്നതില്‍ തലാലിന്റെ കുടുംബത്തില്‍ അഭിപ്രായം ഐക്യമില്ലെന്നും ആക്ഷന്‍ കമ്മിറ്റിയംഗം സജീവ് കുമാര്‍ പറഞ്ഞു.

മര്‍ക്കസില്‍ വന്നത് കാന്തപുരത്തെ നേരില്‍ കണ്ട് നന്ദി പറയാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദിയാധനം എത്രയാണെങ്കിലും കൊടുക്കാന്‍ തയ്യാറാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് കാന്തപുരത്തിന്റെ ഇടപെടലിലാണ്. യമനിലെ ഇപ്പോഴത്തെ ചര്‍ച്ചകള്‍ ആശാവാഹമാണ്. മര്‍ക്കസ് വഹിച്ചത് സുപ്രധാന പങ്കാണ്. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍, വാര്‍ത്തകള്‍ എന്നിവ നമ്മള്‍ അറിയുന്നതിനെക്കാള്‍ വേഗത്തില്‍ യമനില്‍ എത്തുന്നുണ്ട്. വളരെ സൂക്ഷ്മതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ കമ്മിറ്റിക്ക് നേരത്തെ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും കാന്തപുരത്തിന്റെ ഇടപെടല്‍ ആണ് ഇതിന് വഴി ഒരുക്കിയത് അദ്ദേഹം പറഞ്ഞു. ആര്‍ക്കും അറിയാത്ത നൂറുകണക്കിന് പേര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സജീവ് കുമാര്‍ പറഞ്ഞു.

അതേ സമയം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെയും വന്നിട്ടില്ല.

യമനിലെ സാഹചര്യം സങ്കീര്‍ണ്ണമാണെന്നിരിക്കെ അനാവശ്യ തര്‍ക്കങ്ങള്‍ വധശിക്ഷ റദ്ദാക്കുന്നതിനുള്ള നടപടികളെ ബാധിക്കാം എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. യമന്‍ പ്രസിഡന്റിന്റെ തീരുമാനം രണ്ടു ദിവസം മുമ്പ് തന്നെ വന്നെങ്കിലും നടപടികള്‍ രഹസ്യമായാണ് പൂര്‍ത്തിയാക്കിയതെന്നും ഇവര്‍ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നയതന്ത്ര ഉദ്യോഗസ്ഥര്‍ എല്ലാ സഹായവും നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് സൂചന.

അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ഇത് യമനില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അനാവശ്യ തര്‍ക്കങ്ങള്‍ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. അതേസമയം ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിര്‍ത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകര്‍പ്പില്‍ ഉള്ളത്.

Tags:    

Similar News