അനീഷേട്ടന് നീതി കിട്ടുംവരെ ഞാന്‍ ഇവിടെ ഉണ്ടാകും; എന്റെ അനീഷേട്ടനെ ദയയില്ലാതെ കൊന്നവരാണ് എന്റെ അച്ഛനും അമ്മാവനും; നല്ല ശിക്ഷ തന്നെ അവര്‍ക്ക് കിട്ടണം, സ്‌നേഹിച്ച ആളുടെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിനാണ് അവര്‍ എനിക്ക് ഈ അവസ്ഥ സമ്മാനിച്ചത്; ജീവപര്യന്തം എങ്കിലും അവര്‍ക്ക് ലഭിക്കണം: അനീഷിന്റെ ഭാര്യ ഹരിത

Update: 2024-10-26 05:28 GMT

ആലത്തൂര്‍: 'അനീഷേട്ടന് നീതി കിട്ടുംവരെ ഞാനിവിടെ ഉണ്ടാകു'മെന്ന ഹരിതയുടെ അന്നത്തെ വാക്കുകള്‍ക്ക് ഇപ്പോഴും മൂര്‍ച്ച കുറവില്ല. ഈ വാക്കുള്‍ക്ക് ഈ വരുന്ന ഡിസംബറില്‍ നാല് വര്‍ഷം തികയുകയാണ്. 2020 ഡിസംബര്‍ 25ന് വൈകിട്ട് ആറരയോടെ നാടിനെ നടുക്കിയ കൊലപാതകമായിരുന്നു അനീഷിന്റേത്. ദുരഭിമാന കൊലക്കേസില്‍ പ്രതികളായ അമ്മാവനും അച്ഛനും കുറ്റക്കാരാണെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാംപ്രതിയും അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.

എന്റെ അനീഷേട്ടനെ ദയയില്ലാതെ കൊന്നവര്‍ക്ക് നല്ല ശിക്ഷ കിട്ടണം. കോടതി നീതി നടപ്പാക്കിത്തരണം തേങ്കുറിശ്ശിയില്‍ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു. അച്ഛനും അമ്മാവനും പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഹരിത. ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിനാണ് അച്ഛനും അമ്മാവനും തനിക്ക് ഈ അവസ്ഥ സമ്മാനിച്ചത്. ആരു തെറ്റു ചെയ്താലും ശിക്ഷിക്കപ്പെടണം. ഒരു പെണ്‍കുട്ടിക്കും ഈ ഗതി ഇനി ഉണ്ടാകരുതേ എന്നാണു പ്രാര്‍ഥന. ജീവപര്യന്തം ശിക്ഷ വിധിക്കുമെന്നാണു കരുതുന്നത്. ഈ ഡിസംബറില്‍ കൊലപാതകം കഴിഞ്ഞിട്ടു 4 വര്‍ഷം ആകുകയാണ്. ആ ഭീകര ദിവസത്തിന്റെ ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ല.

തന്റെ ഒപ്പം ഉണ്ടാകുമെന്ന് എല്ലാവരും വാക്കു തന്നിരുന്നു. ജോലിയും വീടും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ ലഭിച്ചു. ഈ പണത്തിനു തേങ്കുറുശ്ശി ഇലമന്ദത്ത് 3 സെന്റ് സ്ഥലം വാങ്ങി. ഇവിടെ ഒരു വീടു വയ്ക്കണം. സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഇത്ര നാളായിട്ടും വീട് എന്ന ആവശ്യത്തിനു പരിഹാരം ഉണ്ടായില്ല. മുന്നോട്ടു ജീവിക്കാന്‍ ഒരു ജോലി വേണം. ബിബിഎ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പിഎസ്‌സി പരിശീലനം നടത്തുകയാണ്. അനീഷിന്റെ അച്ഛനും അമ്മയും സ്വന്തം മകളായി തന്നെയാണു നോക്കുന്നതെന്നും ഹരിത പറഞ്ഞു.

വെള്ളിയാഴ്ച തന്നെ ശിക്ഷാവിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഹരിതയും അനീഷിന്റെ മാതാപിതാക്കളായ ആറുമുഖന്‍, രാധ, സഹോദരങ്ങളായ അനില്‍കുമാര്‍, അരുണ്‍, അജീഷ്, അജിത്, ആതിര, സഹോദരഭാര്യ അര്‍ച്ചന എന്നിവരും കോടതിയിലെത്തിയിരുന്നു. ജഡ്ജിയുടെ വിധിപ്രസ്താവം കേള്‍ക്കാന്‍ ശനിയാഴ്ച വീണ്ടും എത്തുമെന്ന് ഇവര്‍ പറഞ്ഞു. സ്‌നേഹിക്കാന്‍ മാത്രമാണ് അവന് അറിയുന്നത്. കഷ്ടപ്പെട്ട് വളര്‍ത്തിയതാണ് അവനെ. പ്രതികള്‍ക്ക് ജീവപര്യന്തം കിട്ടുമെന്നാണ് കരുതുന്നത്. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും അനീഷിന്റെ അമ്മ രാധ പറഞ്ഞു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി, കൊല നേരിട്ട് കണ്ട സമീപമുള്ള കടയുടമ, അനീഷിന്റെ സഹോദരന്‍ എന്നിവരുടെ സാക്ഷി മൊഴികള്‍ കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് ഡിവൈഎസ്പി സി.സുന്ദരന്‍ പറഞ്ഞു. കേസില്‍ ബോധപൂര്‍വം ആരും കൂറുമാറിയിട്ടില്ല. വിവാഹശേഷം 6 തവണ ഹരിതയുടെ അമ്മാവനും കേസിലെ പ്രതിയുമായ കെ.സുരേഷ്‌കുമാര്‍ അനീഷിന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

Tags:    

Similar News