മോദിയുടെ 'നാരദമുനി രാഷ്ട്രീയം' കോണ്‍ഗ്രസിനെ വെട്ടിലാക്കിയോ? ഒടുവില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാനുള്ള തരൂരിന്റെ തീരുമാനത്തിന് അനുമതി നല്‍കി രാഹുല്‍ ഗാന്ധിയും സംഘവും; രാഷ്ട്ര താല്‍പ്പര്യം ഉയര്‍ത്തിയുള്ള പാര്‍ട്ടി നീക്കം പൊളിച്ച് തരൂര്‍ നയതന്ത്രം; ഇനി ആ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസില്ല; സിപിഎമ്മിന്റേത് തന്ത്രപരമായ നിലപാടും; പാക്കിസ്ഥാനെതിരെ ഇന്ത്യ ഒറ്റക്കെട്ട്
ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടും സന്ദേശവും ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനുള്ള കേന്ദ്രസംഘത്തെ കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ നയിക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. തല്‍കാലം കോണ്‍ഗ്രസ് ഈ വിവാദത്തില്‍ നിന്നും പിന്മാറുകയാണ്. തരൂരിന് സംഘത്തിന്റെ ഭാഗമാകാന്‍ അംഗീകാരം നല്‍കി. ദേശീയ താത്പര്യത്തിനാണ് മുന്‍തൂക്കമെന്നും ഇന്ത്യക്കുവേണ്ടി പ്രതിനിധിസംഘത്തെ നയിക്കുന്നത് അഭിമാനമാണെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍, തരൂരിനെ ഒഴിവാക്കിയുള്ള നാലംഗ പട്ടികയാണു കോണ്‍ഗ്രസ് നേതൃത്വം പ്രസിദ്ധീകരിച്ചത്. ബിജെപി നടത്തുന്ന രാഷ്ട്രീയക്കളിയില്‍ കോണ്‍ഗ്രസ് ഇതോടെ കൂടുതല്‍ വെട്ടിലായി. സര്‍ക്കാര്‍ 'നാരദമുനി രാഷ്ട്രീയം' കളിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മാധ്യമവിഭാഗം തലവനുമായ ജയ്‌റാം രമേശ് ആരോപിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരിക്കാന്‍ നടത്തുന്ന വിദേശ പര്യടനവുമായി ബന്ധപ്പെട്ട് മുഴുവന്‍ സംഘത്തിന്റെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് ,അമര്‍ സിംഗ് എന്നിവര്‍ പട്ടികയിലുണ്ട്. സര്‍ക്കാര്‍ ക്ഷണം നിരസിച്ചിട്ടും സല്‍മാന്‍ ഖുര്‍ഷിദിനെ ഉള്‍പ്പെടുത്തി. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സംഘം യു എസ്, ബ്രസീല്‍, പാനമ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് ഉള്‍പ്പെടുത്തിയത് ആനന്ദ് ശര്‍മ്മയെ മാത്രമാണ്. ഇതിനിടെയാണ് തരൂര്‍ അടക്കമുള്ളവര്‍ക്ക് സംഘത്തിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയത്. ഇതോടെ പാക്കിസ്ഥാനെതിരായ വിഷയത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്ന് കോണ്‍ഗ്രസും വിളിച്ചു പറയുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎം പോലും ഈ പ്രതിനിധി സംഘത്തിന്റെ ഭാഗമാക്കിയത്.
പാര്‍ലമെന്റിന്റെ വിദേശകാര്യസമിതി അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയും ദീര്‍ഘകാലം ഐക്യരാഷ്ട്രസഭയിലും ആഗോളതലത്തിലും പ്രവര്‍ത്തിച്ച തരൂരിനെ രാജ്യത്തിന്റെ സുപ്രധാന വിദേശ പ്രതിനിധി സംഘത്തില്‍നിന്ന് ഒഴിവാക്കിയതിന് എഐസിസി നേതൃത്വം പ്രത്യേക വിശദീകരണം നല്‍കിയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും നാലാംതവണ എംപിയുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി തന്നെ ഒഴിവാക്കിയതോടെ പാര്‍ട്ടിയും തരൂരും തമ്മിലുള്ള ഭിന്നത രൂക്ഷമായി എന്നാണ് വിലയിരുത്തല്‍. തരൂരിനെ സംഘത്തലവനാക്കിയ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിലായിരുന്നു എഐസിസി അദ്ദേഹത്തെ ഒഴിവാക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്. കോണ്‍ഗ്രസിന്റെ നാലു പ്രതിനിധികളെ അറിയിച്ച് കേന്ദ്രമന്ത്രി റിജിജുവിന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കത്ത് നല്‍കിയതിനുശേഷമാണ് തരൂരിനെ ഉള്‍പ്പെടുത്തിയുള്ള പട്ടിക കേന്ദ്രം പ്രസിദ്ധീകരിച്ചത്. ജനാധിപത്യ പ്രക്രിയയില്‍ പാര്‍ട്ടിയാണു പ്രതിനിധികളെ തീരുമാനിക്കേണ്ടതെന്ന് കോണ്‍ഗ്രസും ദേശീയ പ്രശ്‌നങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്ന് ബിജെപിയും പ്രതികരിച്ചു.
സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെട്ട സംഘം ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെട്ട സംഘം ഈജിപ്ത് ,ഖത്തര്‍ ,എത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്കും മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെട്ട സംഘം യു എ ഇ ,കോംഗോ തുടങ്ങിയ രാജ്യങ്ങളിലും പോകും. മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തര്‍, എത്യോപ്യ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പട്ടികയിലും സല്‍മാന്‍ ഖുര്‍ഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലുമാണ് ഉള്‍പ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്‌റിന്‍ ,അല്‍ജീരിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്. 7 സംഘങ്ങളിലായി 59 അംഗ സംഘമാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ നിലപാട് വിശദീകരിക്കുന്നത്.
പാര്‍ട്ടിനിര്‍ദേശിക്കാതെ ശശി തരൂര്‍ എംപിയെ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ഒരു സംഘത്തിന്റെ തലവനാക്കുകയും ചെയ്തതില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധമുയര്‍ത്തിയിരുന്നു. പാര്‍ട്ടിയോട് ആലോചിക്കാതെ പാര്‍ട്ടി പ്രതിനിധികളെ സര്‍ക്കാര്‍ നിശ്ചയിച്ചതിലെ അതൃപ്തി അറിയിച്ച കോണ്‍ഗ്രസ് നേതൃത്വം, ശശി തരൂരിനെയടക്കം ഒഴിവാക്കി മറ്റൊരു പട്ടിക സര്‍ക്കാരിന് കൈമാറിയിരുന്നു. ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നാസിര്‍ ഹുസൈന്‍, അമരിന്ദര്‍ സിങ് രാജ ബ്രാര്‍ എന്നിവരാണ് ഈ പട്ടികയിലുണ്ടായിരുന്നത്. ഇത് കേന്ദ്രം പരിഗണിച്ചില്ല. സര്‍ക്കാരിന്റെ ക്ഷണം അഭിമാനമായി കണക്കാക്കുന്നുവെന്നും സര്‍വകക്ഷിസംഘത്തിന്റെ ഭാഗമാകുമെന്നും തരൂര്‍ പ്രഖ്യാപിച്ചു. തരൂരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ വിവാദം ചൂടുപിടിച്ചു. ഇതോടെ തരൂരിന് അനുമതി നല്‍കുമോ എന്ന ചോദ്യം ഉയര്‍ന്നു. പക്ഷേ വിവാദങ്ങള്‍ പുതിയ തലത്തിലെത്താതിരിക്കാന്‍ തന്ത്രപരമായ തീരുമാനം കോണ്‍ഗ്രസ് എടുത്തു. ഇതോടെ ബിജെപി സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയാണ്.
വിദേശകാര്യ-പാര്‍ലമെന്ററി സമിതി അധ്യക്ഷനായ ശശി തരൂരിനെ ഇതിലൊന്നിന്റെ തലവനാക്കിയത് കോണ്‍ഗ്രസിനെ എല്ലാ അര്‍ത്ഥത്തിലും വെട്ടിലാക്കി. പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു, തരൂരുമായി സംസാരിച്ചാണ് ഇക്കാര്യം നിശ്ചയിച്ചത്. സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ നാലുപേരെ നിര്‍ദേശിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടശേഷം സര്‍ക്കാര്‍ ഏകപക്ഷീയമായി തരൂരിനെയടക്കം നിശ്ചയിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയാണ്, പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവിന് പുതിയ പട്ടിക കൈമാറിയത്. ഫലത്തില്‍, തരൂരിനെ രാഹുല്‍ഗാന്ധിതന്നെ തള്ളിപ്പറയുന്നതിന് തുല്യമായി.
പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ശശി തരൂര്‍ പാര്‍ട്ടിനിലപാടിന് വിരുദ്ധമായി നടത്തിയ പ്രതികരണങ്ങള്‍ പാര്‍ട്ടിയില്‍ നീരസം സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തരൂരിനെ കേന്ദ്രം സര്‍വകക്ഷി പ്രതിനിധിസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, ഇന്ത്യ-പാക് സംഘര്‍ഷസ്ഥിതി വിശദീകരിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കാത്തതിലടക്കം സര്‍ക്കാര്‍ നിലപാടുകളോട് പ്രതിഷേധം നിലനിര്‍ത്തിക്കൊണ്ട് സര്‍വകക്ഷി പ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നതായി സിപിഎം വ്യക്തമാക്കി. അങ്ങനെ ബ്രിട്ടാസും സംഘത്തിന്റെ ഭാഗമായി.
സര്‍വകക്ഷി പ്രതിനിധിസംഘങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധാനംചെയ്ത് ആരും പങ്കെടുക്കില്ല. തൃണമൂല്‍ എംപി സുദീപ് ബന്ദോപാധ്യായയെ സര്‍ക്കാര്‍ സമീപിച്ചെങ്കിലും അദ്ദേഹം ആരോഗ്യകാരണങ്ങളാല്‍ നിരസിച്ചു. അമേരിക്ക, ബ്രിട്ടന്‍ അടക്കം പ്രധാന രാജ്യങ്ങളിലേക്കുള്ള സംഘത്തെയാണ് തരൂര്‍ നയിക്കുക. ബിജെപിയുടെ രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡ, ഡിഎംകെയുടെ കനിമൊഴി, എന്‍സിപിയുടെ (എസ്പി) സുപ്രിയ സുലെ, ജെഡി-യുവിന്റെ സഞ്ജയ് കുമാര്‍ ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു.