കാലിഫോര്‍ണിയയെ നടുക്കുന്ന വന്‍ ഭൂകമ്പം വരാനിരിക്കുന്നു; ബിഗ് വണ്‍ ഭൂകമ്പം 2032 ഓടെ ഇത് സംഭവിക്കുമെന്ന് ജിയോളജിക്കല്‍ സര്‍വേയുടെ മുന്നറിയിപ്പ്; അമേരിക്കയെ തരിപ്പണമാക്കാന്‍ പ്രഹരശേഷിയുള്ള ഭൂകമ്പമെന്ന് മുന്നറിയിപ്പ്

കാലിഫോര്‍ണിയയെ നടുക്കുന്ന വന്‍ ഭൂകമ്പം വരാനിരിക്കുന്നു

Update: 2025-05-27 07:23 GMT

സാക്രമെന്റോ: കാലിഫോര്‍ണിയയില്‍ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ അത്യന്തം വിനാശകാരിയായ ഒരു ഭൂകമ്പം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലിഫോര്‍ണിയ ബേ ഏരിയയില്‍ 2032 ഓടെ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2055 ഓടെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ബിഗ് വണ്‍ ഭൂകമ്പം ആഞ്ഞടിക്കാനുള്ള സാധ്യത 72 ശതമാനമായി ഉയര്‍ന്നതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ ഗവേഷകയായ സാറ മിന്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

അടുത്ത 30 വര്‍ഷത്തിനുള്ളില്‍ 6.7 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ വടക്കന്‍ കാലിഫോര്‍ണിയയെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് അവര്‍ വിശദീകരിക്കുന്നത്. ബിഗ് വണ്‍ ഭൂകമ്പം ഉണ്ടാകുകയാണെങ്കില്‍ അതിന് 7.8 ല്‍ കൂടുതല്‍ തീവ്രത ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. കാലിഫോര്‍ണിയക്കാര്‍ക്ക് ഇനിയും സമയം ബാക്കിയുണ്ടെന്നാണ് സാറാമിന്‍സണ്‍ പറയുന്നതെങ്കിലും യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ പറയുന്നത് ഏഴ് വര്‍ഷത്തിനുള്ളില്‍ ഇവിടെ ആദ്യത്തെ വലിയ ഭൂകമ്പം ഉണ്ടാകും എന്നാണ്.

2032 ന് മുമ്പ് എന്തായാലും വന്‍ ഭൂകമ്പം ഉണ്ടാകും എന്ന് തന്നെയാണ് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ പ്രവചിക്കുന്നത്. 1989 ല്‍ 6.7 തീവ്രതയുള്ള ഒരു ഭൂകമ്പം കാലിഫോര്‍ണിയബേയില്‍ അനുഭവപ്പെട്ടിരുന്നു. ദുരന്തത്തില്‍ 63 പേര്‍ കൊല്ലപ്പടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കാലിഫോര്‍ണിയ തീരത്തെ സാന്‍ ആന്‍ഡ്രിയാസ് ഫോള്‍ട്ടിന്റെ വടക്കേ അറ്റത്തായി ഭാചലനം അനുഭവപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് വന്‍ ഭൂകമ്പം വരാന്‍ പോകുന്നതിന്റെ ആശങ്കകള്‍ ഉയര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 1:54 നും 7.01 നും ഇടയില്‍ വടക്കന്‍ കാലിഫോര്‍ണിയയുടെ തീരത്ത് പസഫിക് സമുദ്രത്തില്‍ ഏഴ് ഭൂകമ്പങ്ങള്‍ ഉണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ വെളിപ്പെടുത്തി. ഈ ഭൂകമ്പങ്ങളില്‍ അഞ്ചെണ്ണം പുലര്‍ച്ചെ 4:17 നും 4:38 നും ഇടയില്‍ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഉണ്ടായിരിക്കുന്നത്. അവയില്‍ ഒന്ന് 4.6 തീവ്രതയില്‍ രേഖപ്പെടുത്തി. എന്നാല്‍ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചരിത്രപരമായി പരിശോധിക്കുമ്പോള്‍ സാന്‍ ആന്‍ഡ്രിയാസില്‍ 150 വര്‍ഷത്തില്‍ ഒരിക്കല്‍ ഭൂകമ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ അവസാനത്തേത് 167 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉണ്ടായത്. 1906 ല്‍ കാലിഫോര്‍ണിയയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിട്ടുണ്ട്. ഇതില്‍ മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും എണ്‍പത് ശതമാനത്തോളം കെട്ടിടങ്ങള്‍ നിലംപതിക്കുകയും ചെയ്തിരുന്നു. ഇത്രയും വലിയ ഭൂകമ്പം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് മിന്‍സണ്‍ വിശദീകരിക്കുന്നത്. ഇനി ഉണ്ടാകാന്‍ പോകുന്ന ബിഗ് വണ്‍ ഭൂകമ്പം ആയിരങ്ങള്‍ മരിക്കാനും പതിനായിരങ്ങള്‍ക്ക് പരിക്കേല്‍ക്കാനും കാരണമാകും എന്നാണ് മുന്നറിയിപ്പ്.

Tags:    

Similar News