ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ തലവനായ മഷാലിന്റെ ആസ്തി 26,000 കോടി! ആഢംബര ജെറ്റുകളിലും പാറിപറക്കുന്ന നേതാക്കളും മക്കളും; താമസം പഞ്ച നക്ഷത്ര ഹോട്ടലുകളില്‍; ഗാസ ദുരിതക്കയത്തില്‍ കഴിയുമ്പോള്‍ ഹമാസ് നേതാക്കളും കുടുംബങ്ങളും അത്യാഢംഭര ജീവിതം നയക്കുന്നെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ തലവനായ മഷാലിന്റെ ആസ്തി 26,000 കോടി!
ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ഖത്തറില്‍ തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ ചര്‍ച്ചാ സംഘത്തിന്റെ തലവനായ ഖലീല്‍ അല്‍-ഹയ്യയെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേല്‍ സ്ഥിരീകരിച്ചിക്കുന്നത്. ഖാലിദ് മഷാല്‍, സഹര്‍ ജബാരിന്‍, മുഹമ്മദ് ഇസ്മായില്‍ ദര്‍വിഷ്, മൂസ അബു മര്‍സൂക്ക്, ഹുസ്സാം ബദ്രാന്‍, താഹിര്‍ അല്‍-നുനു, നിസാര്‍ അവദള്ള എന്നിവരും ഖത്തറിലുണ്ടെന്ന് കരുതപ്പെടുന്ന മറ്റ് പ്രമുഖരാണ്. എഴുന്നൂറ് ദിവസത്തിലധികം നീണ്ടുനിന്ന യുദ്ധത്തിനുശേഷം ഗാസ മുനമ്പിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുമ്പോള്‍, മഷാലും മര്‍സൂക്കും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഹമാസ് നേതാക്കള്‍ ഖത്തറില്‍ ആഡംബര ജീവിതം ആസ്വദിക്കുകയായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
ഡെയ്‌ലി മെയ്ല്‍ പോലുള്ള മാധ്യമങ്ങള്‍ ഹമാസ് നേതാക്കളുടെ ആഢംബര ജീവിതത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. സ്വന്തം നാട്ടുകാരെ മറന്ന് സ്വത്തുക്കള്‍ സമ്പാദിക്കുന്നവരായാണ് മാധ്യമങ്ങള്‍ ഹമാസ് നേതാക്കളെ വിലയിരുത്തുന്നത്. ഹമാസിന്റെ മുതിര്‍ന്ന നേതാവ് മര്‍സൂക്കിനൊപ്പം വിദേശത്തെ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായ മഷാല്‍ അമേരിക്കയിലെ ഇസ്രായേല്‍ എംബസി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇരുപത്തിയാറായിരം കോടിയിലധികം ആസ്തിയുള്ള വ്യക്തിയാണ്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ജൂലൈയില്‍ വെളിപ്പെടുത്തിയത് ഗാസയില്‍ അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 12,000 കുട്ടികളെ ഗുരുതരമായ പോഷകാഹാരക്കുറവ് ബാധിച്ചു എന്നാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മുതിര്‍ന്ന ഹമാസ് നേതാക്കളുടെ അമിതമായ സമ്പത്ത് അമ്പരപ്പിക്കുന്നതാണ്.
ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, ഗാസയില്‍ താമസിക്കുന്ന ഫലസ്തീനികളില്‍ പകുതിയും ഐക്യരാഷ്ട്രസഭ നല്‍കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കൂടാതെ ഇവിടേക്ക് എത്തുന്ന അവശ്യ വസ്തുക്കളും മരുന്നുകളും എല്ലാം ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കരിഞ്ചന്തയില്‍ വില്‍ക്കുന്നതും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി.
എന്നാല്‍ ഇവിടെയും മണിമാളികകളിലും വന്‍കിട ഹോട്ടലുകളിലും താമസിക്കുന്ന ചില കോടീശ്വരന്‍മാരും ഉണ്ട്. ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നത് ഹമാസിന്റെ വാര്‍ഷിക ടേണോവര്‍ നൂറ് കോടി ഡോളറാണ് എന്നാണ്. ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷമുള്ള വര്‍ഷങ്ങളില്‍
ഹമാസ് നേതാക്കള്‍ ഗാസയിലെ ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് ലാഭം കൊയ്തു എന്നാണ് കരുതപ്പെടുന്നത്. ഹമാസിന്റെ തലവനായിരുന്ന ഇസ്രയേല്‍ വധിച്ച ഇസ്മായില്‍ ഹനിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലരും ശതകോടീശ്വരന്‍മാരായിരുന്നു.
13 കുട്ടികളുടെ പിതാവായ ഹനിയ ജീവിതത്തിന്റെ ഭൂരിഭാഗവും ഒളിവിലാണ് ചെലവഴിച്ചത്. ഖത്തറിലെയും തുര്‍ക്കിയിലെയും വമ്പന്‍ ഹോട്ടലുകളില്‍ ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചത്. ഹനിയ സ്വകാര്യ ജെറ്റു വിമാനങ്ങളിലാണ് യാത്ര ചെയ്തിരുന്നതും. ഇയാളുടെ മക്കള്‍ ആഡംബര ഹോട്ടലുകളില്‍ ജീവിതം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. മറ്റൊരു ഹമാസ്
നേതാവായ മാസ് മദ്യവും മദിരാക്ഷിയും ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇയാളും ശതകോടീശ്വരനാണ്. പല രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം അടിച്ചുമാറ്റി വ്യവസായ സാമ്രാജ്യങ്ങള്‍ തീര്‍ത്തവരാണ് ഇവരില്‍ പലരും എന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവര്‍ ആരും അഞ്ച് പൈസ പോലും ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കാറില്ല.
അതേസമയം ഖത്തറിനെതിരായ ആക്രമണം ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന വിലയിരുത്തലുകളും ശക്തമാണ്. ആക്രമണം യുഎസ് മുന്‍കൂട്ടി അറിഞ്ഞുവെന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ യുഎസിനോടുള്ള വിശ്വാസ്യത നഷ്ടപ്പെടാനും കാരണമാകും. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ കൂടുതല്‍ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കാനും ഖത്തര്‍ ആക്രമണം കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫിന്റെ പ്രധാന കൂട്ടാണ് യുഎസ്. ഇത്തവണ അധികാരമേറ്റ ശേഷം യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ആദ്യം രാഷ്രീയ സന്ദര്‍ശനം നടത്തിയത് സൗദിയിലേക്കും ഖത്തറിലേക്കുമാണ്.
ജംബോ ബോയിങ് വിമാനം സമ്മാനമായി വാങ്ങിയാണ് ട്രംപ് ഖത്തറില്‍ നിന്നും മടങ്ങിയത്. ഇസ്രായേല്‍ ആക്രമണം നടത്താനായി നീങ്ങുമ്പോള്‍ അത് തടയാന്‍ ട്രംപ് ശ്രമിച്ചില്ലായെന്നത് ശ്രദ്ധേയമാണ്. ഇസ്രായേലിന് വേണ്ടി ഏത് സുഹൃത്തുക്കളേയും മറക്കുമെന്ന സൂചന കൂടിയുണ്ട് ഖത്തര്‍ ആക്രമണത്തില്‍. ഇത് ഗള്‍ഫ് രാഷ്ട്രങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. യുഎസിനോട് ഉള്ളില്‍ വിശ്വാസ്യത നഷ്ടപ്പെടാനും പുതിയ നീക്കം കാരണമാകും. അബ്രഹാം അക്കോഡില്‍ ഒപ്പിട്ടവര്‍ക്കും ഇടാനിരിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പു കൂടി ദോഹ ആക്രമണത്തിലുണ്ട്.
നേരത്തെ ഒപ്പം നിന്ന ബ്രിട്ടനും, ഫ്രാന്‍സും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ നീങ്ങുന്നതും ഇനി കാണാം. ഈ മാസാവസാനം നടക്കുന്ന യുഎന്‍ പൊതുസഭയില്‍ ഫലസ്തീന് കൂടുതല്‍ പിന്തുണ ലഭിക്കാനും ഇസ്രായേല്‍ നീക്കം കാരണമാകും. ഐക്യരാഷ്ട്രസഭക്കും ഗള്‍ഫ് അറബ് രാഷ്ട്രങ്ങള്‍ക്ക് പുറമെ, ബ്രിട്ടണ്‍, ഫ്രാന്‍സ്, പാക്സ്താന്‍, സ്പെയിന്‍, ഇറ്റലി, ജര്‍മനി എന്നിവരും ആക്രമണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.