കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ട; ബോര്‍ഡിന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്തിലാണ് കണ്ണ്; തേക്കിന്‍ക്കാട് മൈതാനം ബോര്‍ഡിന്റെ തറവാട് സ്വത്തില്ല, ഹൈക്കോടതിയിലെ കേസില്‍ ദേവസ്വങ്ങള്‍ കക്ഷിചേരും; ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം
തൃശൂര്‍: പൂരം നടത്തിപ്പിന് ഉന്നത അധികാര സമിതി വേണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഉന്നതാധികാര സമിതിയെന്ന നിലപാട് ഹൈക്കോടതിയില്‍ പറഞ്ഞതെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്ത് കണ്ണുവച്ചാണ് ബോര്‍ഡിന്റെ നീക്കം. തേക്കിന്‍ക്കാട് മൈതാനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തറവാട്ടുസ്വത്തല്ലെന്നും കെ.ഗിരീഷ് തുറന്നടിച്ചു. ഹൈക്കോടതിയിലെ കേസില്‍ ദേവസ്വങ്ങള്‍ കക്ഷിചേരുമെന്നും കെ.ഗിരീഷ് പറഞ്ഞു. പൂരം നടത്തിപ്പ് മറ്റൊരു സമിതിയെ ഏല്‍പ്പിച്ചാല്‍ അതില്‍ കൂടുതല്‍ നിയന്ത്രണം വരുമെന്ന ആശങ്കയാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചതെന്നാണ് വിവരം.
തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പാറമേക്കാവ് ദേവസ്വത്തെ കുറിച്ച് വളരെ കുറച്ച് പരാമര്‍ശങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തിലുള്ളത്. ഇത് ദേവസ്വങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തുന്നു. അതേസമയം പൂരം പരിഹാര നിര്‍ദേശങ്ങളോട് തിരുവമ്പാടി ദേവസ്വം സഹകരിച്ചില്ലെന്നും പാറമേക്കാവ് നന്നായി സഹകരിച്ചെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ.സുദര്‍ശന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍, എട്ടു ഘടക ക്ഷേത്രങ്ങളെന്നിവയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പൂരം നിയന്ത്രിക്കണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള വടക്കുന്നാഥനില്‍ നടക്കുന്ന പൂരത്തിന്റെ നിയന്ത്രണം പിടിക്കാനുള്ള നീക്കം നേരത്തെയും ദേവസ്വം ബോര്‍ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഉന്നതാധികാര സമിതി.
കഴിഞ്ഞ പൂരം ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ തിരുവമ്പാടി വഴിയൊരുക്കിയെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് അഭിപ്രായമുണ്ട്. പൂരത്തിന്റെ നിയന്ത്രണം ദേവസ്വങ്ങളില്‍ നിന്ന് എടുത്തുമാറ്റിയാല്‍ അവരെ വരുതിക്ക് നിര്‍ത്താമെന്നും ബോര്‍ഡ് കണക്കു കൂട്ടുന്നു. ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ തട്ടകത്തിലും കോടതിയിലും പ്രതിരോധിക്കാന്‍ ദേവസ്വങ്ങളും ഉറപ്പിച്ചതോടെ പോരിനിയും നീളുമെന്ന് ഉറപ്പായി.