'നിങ്ങളിവിടെ അധ്യാപകര്‍ക്ക് കിടന്ന് കൊടുക്കുന്നുണ്ടോ' എന്നും 'ആരെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ' എന്നും ചോദിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനികള്‍; മോശം പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് എസ്എഫ്‌ഐ നേതാവ് ഭാഗ്യലക്ഷ്മി; തൃക്കാക്കര കെഎംഎം കോളേജ് സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് എതിരെ കേസ്
തൃക്കാക്കര കെഎംഎം കോളേജ് സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് എതിരെ കേസ്
കൊച്ചി: എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ ഇടപെടാനെത്തിയ എസ്എഫ്ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മിലാണ് തര്‍ക്കമുണ്ടായത്. എന്‍സിസി ക്യാമ്പില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയതിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരേ കേസെടുത്തു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ആദര്‍ശ്, ബി.ജെ.പി കളമശ്ശേരി നഗരസഭാ കൗണ്‍സിലര്‍ പ്രമോദ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാല്‍ തിരിച്ചറിയാവുന്ന ഏഴ് പേര്‍ക്കുമെതിരേയാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്.
എന്‍സിസിയിലെ അധ്യാപകരില്‍ നിന്ന് മര്‍ദനം നേരിട്ടതായി ഒരു വിഭാഗം കുട്ടികളും ആരോപിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ ഇടപെടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തിയത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. കുട്ടികളുടെ രക്ഷിതാക്കളടക്കം കോളേജിലേക്കെത്തുകയും വാക്കു തര്‍ക്കവും സംഘര്‍ഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പിലെ അധ്യാപകരില്‍നിന്ന് മര്‍ദ്ദനം നേരിട്ടെന്ന ഒരു വിഭാഗം വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മിയുള്‍പ്പടെയുള്ളവര്‍ കോളേജിലേത്തുന്നത്.
കോളേജില്‍ അതിക്രമിച്ച് കയറിയ ഭാഗ്യലക്ഷ്മി ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചിരുന്നു. ഇതോടെ വിദ്യാര്‍ഥികളും എസ്എഫ്‌ഐ നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. അനുവാദമില്ലാതെ ക്യാമ്പിലേക്ക് കയറിയ ഭാഗ്യലക്ഷ്മി 'നിങ്ങളിവിടെ അധ്യാപകര്‍ക്ക് കിടന്ന് കൊടുക്കുന്നുണ്ടോ' എന്നും 'ആരെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ' എന്നും ചോദിച്ചുവെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. തങ്ങളുടെ അധ്യാപകരെ കുറിച്ച് മോശമായി സംസാരിക്കാന്‍ നിങ്ങള്‍ ആരാണെന്നും വിദ്യാര്‍ഥിനികള്‍ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ക്യാമ്പിലെത്തിയ സമയത്ത് ഗേറ്റ് പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് അകത്തുകയറിയപ്പോള്‍ വനിതാ കേഡറ്റുമാര്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല. അവരാണ് മോശമായരീതിയില്‍ തന്നോട് പെരുമാറിയതെന്നും എസ്.എഫ്.ഐ. വനിതാ നേതാവ് പറഞ്ഞു.
എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ തിങ്കളാഴ്ച്ച രാത്രിയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങുകയായിരുന്നു. വൈകുന്നേരത്തോടെ പലരും ഛര്‍ദ്ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് 72 വിദ്യാര്‍ഥികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കോളേജ് വളപ്പിലെ കിണറ്റിലെ വെള്ളമാണ് വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നത്. കളമശ്ശേരിയിലും തൃക്കാക്കരയിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതിനാല്‍ ഈ വെള്ളമാണോ പ്രശ്‌നമുണ്ടാക്കിയത് എന്ന സംശയവുമുണ്ടായിരുന്നു. തുടര്‍ന്ന് ക്യാമ്പിലെത്തിയ രക്ഷിതാക്കള്‍ ഗേറ്റ് തള്ളിത്തുറന്ന് കോളേജിലേക്ക് ഇടിച്ചുകയറി.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എന്‍സിസി വ്യക്തമാക്കി. ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഈ മാസം 29 വരെ തുടരേണ്ടിയിരുന്ന ക്യാമ്പ് പിരിച്ചുവിട്ടു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.