നാവടക്കൂ, പണിയെടുക്കു! തൃശൂരിലും, ചേലക്കരയിലും ദയനീയ തോല്‍വി; തന്നെ കാണാന്‍ വന്ന തൃശൂരിലെ നേതാക്കളോട് തട്ടിക്കയറി കെ സി വേണുഗോപാല്‍; ടി എന്‍ പ്രതാപനും എം പി വിന്‍സന്റിനും ജോസ് വള്ളൂരിനും നേരേ ഗെറ്റ് ഔട്ട് അടിച്ച് കെ സി; ആറുവര്‍ഷത്തേക്ക് പുറത്താക്കുമെന്നും മുന്നറിയിപ്പ്; ആലപ്പുഴയില്‍ സംഭവിച്ചത്

തൃശൂരിലെ നേതാക്കളെ ഇറക്കി വിട്ട് കെ സി

Update: 2024-12-17 10:58 GMT

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ മുരളീധരനുണ്ടായ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ഡിസിസിയില്‍ കൂട്ടത്തല്ലായിരുന്നു. ഡി.സി.സിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം.വിന്‍സന്റും രാജി വച്ചിരുന്നു. പിന്നാലെയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വി.

എം പി വിന്‍സന്റ്, ജോസ് വള്ളൂര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ തുടങ്ങി ജില്ല നന്നായി അറിയാവുന്നവര്‍ക്കായിരുന്നു പ്രചാരണ ചുമതല. ചേലക്കരയിലെ തോല്‍വിയോടെ തൃശൂരിലെ സംഘടനാ സംവിധാനം തീരെ ദുര്‍ബലമെന്ന വിലയിരുത്തലാണ് എഐസിസിക്കുള്ളത്. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറിയും, എംപിയുമായ കെ സി വേണുഗോപാലിനെ കാണാന്‍ പോയ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംഭവിച്ചത്.

തൃശൂരില്‍ പാര്‍ട്ടിയെ ട്രാക്കിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് രോഷാകുലനായ കെ സി, ടി എന്‍ പ്രതാപന്‍, ജോസ് വളളൂര്‍, എം പി വിന്‍സന്റ് തുടങ്ങിയ തൃശൂരില്‍ നിന്നുള്ള നേതാക്കളോട് കട്ടായം പറഞ്ഞത്. ഡിസംബര്‍ 7 നായിരുന്നു സംഭവം. പ്രതാപനും, വള്ളൂരും, വിന്‍സന്റും കൂടി ആലപ്പുഴയിലെ വേണുഗോപാലിന്റെ എംപി ക്യാമ്പ് ഹൗസ് സന്ദര്‍ശിച്ചപ്പോഴാണ് കെ സി കാര്യങ്ങള്‍ തീര്‍ത്തുപറഞ്ഞത്. ജോസ് വള്ളൂരിനെ ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു നേതാക്കളുടെ സന്ദര്‍ശനം.

തൃശൂരിലെയും, ചേലക്കരയിലെയും പിടിപ്പുകെട്ട തിരഞ്ഞെടുപ്പ് പ്രചാരണമാണ് വേണുഗോപലിനെ ചൊടിപ്പിച്ചത്. മറ്റുജില്ലകളില്‍ നിന്നുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് തൃശൂരിലെ ജില്ലാ നേതാക്കളോട് വേണുഗോപാല്‍ തട്ടിക്കയറിയത്. മൂവര്‍ക്കും നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും, അവര്‍ സ്വന്തം താല്‍പര്യം മാത്രമാണ് നോക്കിയതെന്നായിരുന്നു വേണുഗോപാലിന്റെ വിമര്‍ശനം.

മൂവരെയും ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് പാര്‍ട്ടി ആലോചിച്ചത്. എന്നാല്‍, കെ മുരളീധരന്‍ സ്വീകരിച്ച ഉദാര സമീപനം കാരണം മാത്രമാണ് അച്ചടക്ക നടപടി സ്വീകരിക്കാതിരുന്നത്. നിലവിലെ സാഹചര്യത്തില്‍, തൃശൂരില്‍, നേതൃമാറ്റം ദോഷകരമാകുമെന്നായിരുന്നു മുരളീധരന്റെ ഉപദേശം.

ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്നതോടെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് പി വി മോഹന്‍, മൂന്ന് നേതാക്കളുടെയും പ്രചാരണത്തിലേക്കുളള സംഭാവന സൂക്ഷ്മമായി വിലയിരുത്തേണ്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രചാരണത്തിലുടനീളം പ്രതാപന്റെയും, വളളൂരിന്റെയും, വിന്‍സന്റിന്റെയും നിസ്സഹകരണത്തെ കുറിച്ച് കെ മുരളീധരനും, രമ്യ ഹരിദാസും കെ സിയോട് പരാതിപ്പെട്ടിരുന്നു. മുരളീധരന്റെ തൃശൂരിലെ പരാജയത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളു.

ചേലക്കരയില്‍ കോണ്‍ഗ്രസ് അതിന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തെന്ന് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും യാഥാര്‍ഥ്യം അകലെയാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് ജയിച്ചുവെന്നതല്ല, കോണ്‍ഗ്രസ് തോറ്റുവെന്നതാണ് പ്രശ്‌നമെന്നാണ് പി വി മോഹന്‍ ചില മാധ്യമങ്ങളോട് പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം, വിപുലമായ പദ്ധതികളും സംവിധാനങ്ങളും ഒരുക്കിയെങ്കിലും അതൊക്കെ ഫലപ്രദമായി നടപ്പാക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടു. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ മേല്‍നോട്ടമാണ് പി വി മോഹനുള്ളത്. വിപുലമായ പ്രചാരണം പ്ലാന്‍ ചെയ്‌തെങ്കിലും അത് താഴെത്തട്ടില്‍ ഫലപ്രദമായി നടപ്പാക്കാന്‍ മധ്യതല നേതൃത്വത്തില്‍ നിരീക്ഷണം ഉണ്ടായില്ല.

400 ഓളം ദളിത് കോളനികളില്‍ കാര്യമായ പ്രചാരണം നടത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. കോണ്‍ഗ്രസിന് ഉറപ്പായിരുന്ന 3000 വോട്ടുകള്‍ ഡിഎംകെ കൊണ്ടുപോയി. പോളിങ് ശതമാനത്തില്‍ ഉണ്ടായ 3 ശതമാനം കുറവും യുഡിഎഫിനെയാണ് ബാധിച്ചത്. ഇവിടെയാണ് എം പി വിന്‍ സന്റിന്റെയും ജോസ് വള്ളൂരിന്റെയും ടി എന്‍ പ്രതാപന്റെയും പ്രവര്‍ത്തനത്തിലെ പോരായ്മ പരിശോധിക്കപ്പെടുന്നത്. പഴയന്നൂര്‍ പഞ്ചായത്ത് ചുമതല വിന്‍സന്റിനും, തിരുവില്വാമല പഞ്ചായത്തിന്റെ ചുമതല ജോസ് വള്ളൂരിനും ആയിരുന്നു. പാലക്കാട് ഷാഫി പറമ്പിലും, വി കെ ശ്രീകണ്ഠനും അഭിമാന പോരാട്ടമായി കണ്ടപ്പോള്‍ ചേലക്കരയില്‍ ആ വീര്യമേ കാണാനില്ലായിരുന്നു. അതാണ് കെ സി, തൃശൂര്‍ നേതാക്കളെ ഗെറ്റ് ഔട്ട് അടിക്കാന്‍ കാരണം. നാവടക്കൂ, പണിയെടുക്കു എന്നതാണ് സന്ദേശം.

Tags:    

Similar News