തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി; നഗരവീഥികളിൽ ആവേശം നിറച്ച് 459 പുലികൾ; 'പുലിക്കൊട്ടും പനംതേങ്ങേം' താളത്തില്‍ ചുവടുവെച്ച് ജനസാഗരം; പുലിക്കളി സംഘങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
തൃശൂർ: ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തൃശൂർ സ്വരാജ് റൗണ്ട് വീണ്ടും പുലിക്കളിയുടെ ആരവത്തിൽ മുഴുകി. നഗരവീഥികളിൽ ആയിരക്കണക്കിന് കാഴ്ചക്കാരെ സാക്ഷിയാക്കി 9 സംഘങ്ങളിലായി 459 പുലികൾ അണിനിരന്നു. ചെണ്ട കൊട്ടിന്റെയും മണിയുടെയും താളത്തിനൊത്ത് ചുവടുവെച്ച് പുലികൾ നഗരം കീഴടക്കി. വൈകിട്ട് 4.30ന് വെളിയന്നൂര്‍ സംഘത്തിന് സ്വരാജ് റൗണ്ട് തെക്കേ ഗോപുരനടയില്‍ മേയര്‍ എം കെ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പാരമ്പര്യത്തനിമയോടെ നടുവിലാൽ ഗണപതിക്ക് മുന്നിൽ നാളികേരം അടിച്ച് പുലിക്കൂട്ടങ്ങൾ ആവേശമുയർത്തി. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ലെയ്ൻ, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ യുവജനസംഘം, ശങ്കരംകുളങ്ങര, വെളിയന്നൂർ ദേശം, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള പുലിക്കളിക്കാർ നഗരവീഥികളിൽ ആവേശം നിറച്ചു. ഓരോ സംഘത്തിലും 35 മുതൽ 51 വരെ പുലികൾ അണിനിരന്നു. 'പുലിക്കൊട്ടും പനംതേങ്ങേം' താളത്തില്‍ കാഴ്ചക്കാർ ആടിത്തിമിര്‍ത്തു.
പുലിവരയ്ക്കും ചമയപ്രദർശനത്തിനും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കോർപ്പറേഷൻ ട്രോഫിയും കാഷ് പ്രൈസും സമ്മാനിക്കും. പുലിക്കളിക്കാർക്കും പൊതുജനങ്ങൾക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ പുലിക്കളിയുടെ പ്രധാന ആകർഷണം, ചരിത്രത്തിലാദ്യമായി പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ ധനസഹായം ലഭിച്ചു എന്നതാണ്. ഓരോ സംഘത്തിനും 3 ലക്ഷം രൂപ വീതം കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുവദിച്ചു. ടൂറിസം മന്ത്രാലയത്തിൻ്റെ ഡിപിപിഎച്ച് സ്കീമിൽ ഉൾപ്പെടുത്തിയാണ് ഈ സഹായം നൽകിയിരിക്കുന്നത്.