ഒന്നുകില്‍ ഞായറാഴ്ചയ്ക്കകം ടിക് ടോക് വില്‍ക്കുക അല്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തും; വിവാദ നിയമത്തിന് പ്രാബല്യം നല്‍കി യുഎസ് കോടതി; ജനുവരി 19 മുതല്‍ അമേരിക്കയില്‍ താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തണം; ആപ്പിള്‍, ഗൂഗിള്‍ എന്നിവയ്ക്ക് അവരുടെ മൊബൈല്‍ സ്റ്റോറുകളില്‍ നിന്ന് ടിക്ടോക് നീക്കം ചെയ്യേണ്ടതായി വരും
വാഷിങ്ടണ്‍: ടിക് ടോക്കിന്റെ ചൈനീസ് ഉടമയായ ബൈറ്റ്ഡാന്‍സ്, ഒന്നുകില്‍ ഞായറാഴ്ചയ്ക്കകം യുഎസ് പ്രവര്‍ത്തനങ്ങള്‍ വില്‍ക്കുകയോ അല്ലെങ്കില്‍ രാജ്യത്ത് നിരോധനം നേരിടുകയോ ചെയ്യണമെന്ന വിവാദ നിയമത്തിന് പ്രാബല്യം നല്‍കി യുഎസ് കോടതി. ജനപ്രിയ വീഡിയോ പങ്കിടല്‍ ആപ്പുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ തുടര്‍ന്നും ആശങ്കകള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ജനുവരി 19 മുതല്‍ അമേരിക്കയില്‍ താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യമാണ് നിലവില്‍. സുപ്രീം കോടതിയുടെയാണ് നിര്‍ദ്ദേശം. രാജ്യവ്യാപക നിരോധനത്തിന് നിയമപരമായ ഉറപ്പ് കോടതി നല്‍കുകയും ചെയ്തു. എന്നിരുന്നാലും, നിരോധനം എങ്ങനെ നടപ്പാക്കുമെന്നും, ഉപയോഗിക്കുന്ന സേവനദാതാക്കള്‍ക്ക് എങ്ങനെ ബാധിക്കുമെന്നും ഇപ്പോഴും വ്യക്തതയില്ല.
പ്രസിഡന്റ് ജോ ബൈഡനായിരുന്ന കാലത്താണ് ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധാനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കിയത്. 18ന് എതിരെ 79 വോട്ടുകള്‍ക്കാണ് അന്ന് സെനറ്റ് ബില്‍ പാസാക്കിയത്. ടിക് ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ്പ്ലാറ്റ്ഫോമിലെ ഒഹരികള്‍ ഒമ്പത് മാസത്തിനുള്ളില്‍ വില്‍ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. അല്ലാത്തപക്ഷം യുഎസില്‍ ടിക് ടോക്ക് ബ്ലോക്ക് ചെയ്യപ്പെടും.
ആപ്പിള്‍, ഗൂഗിള്‍ എന്നിവയ്ക്ക് അവരുടെ മൊബൈല്‍ സ്റ്റോറുകളില്‍ നിന്ന് ടിക്ടോക് നീക്കം ചെയ്യേണ്ടതായി വരും. പുതിയ നിയമപ്രകാരം, ടിക്ടോക് ഉപയോഗം തുടരുന്ന സേവനദാതാക്കള്‍ക്ക് 5,000 ഡോളര്‍ വീതം പിഴ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ടിക്ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ്, ഈ നിയമത്തെ ചോദ്യംചെയ്യുന്നതിനായി യുഎസ് സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബൈറ്റ്ഡാന്‍സ് തലത്തില്‍ ചര്‍ച്ചകളും നടപടികളും തുടരുന്നുവെങ്കിലും, ചൈനീസ് സര്‍ക്കാരിന്റെ അനുമതി കൂടാതെ ആപ്ലിക്കേഷന്റെ ആല്‌ഗോരിതം വിറ്റഴിക്കാനാവില്ലെന്നാണു വിശകലനം.
2017ല്‍ മ്യൂസിക്കലയുമായി ലയിച്ച ടിക്ടോക്, ഒരു സാംസ്‌കാരിക സംഭവമായി മാറി. എന്നാല്‍, യുഎസ് സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിച്ചേക്കാമെന്ന ആശങ്ക പ്രകടിപ്പിച്ചപ്പോള്‍, ഇരുപാര്‍ട്ടി പിന്തുണയോടെ 2024 ഏപ്രിലില്‍ പുതിയ നിയമം നടപ്പിലാക്കി. ഈ നിയമപ്രകാരം, ബൈറ്റ്ഡാന്‍സ് യുഎസ് ഓപ്പറേഷന്‍സ് വിട്ടുനല്‍കണമെന്നോ, അല്ലെങ്കില്‍ ആപ്പ് അടച്ചുപൂട്ടണമെന്നോ ആവശ്യമാണ്.
അതേസമയം, ടിക് ടോക്ക് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് അടുത്തിടെ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിച്ചതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് നേരത്തെ ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങള്‍ക്കും ''വളരെ നല്ലത്'' എന്ന് ട്രംപ് വിശേഷിപ്പിക്കുകയും പങ്കിട്ട വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.