പഠിക്കണം... പഠിച്ച് വളരണം... ഗ്രീഷ്മയ്ക്ക് കോടതിയോട് പറയാനുള്ളതും ആഗ്രഹം! പട്ടാളക്കാരനെ കെട്ടാന്‍ സുഖ ജീവിതം സ്വപ്‌നം കണ്ട് കാമുകനെ പ്രണയ ചതിയില്‍ കൊന്ന പ്രതിയ്ക്ക് ഇപ്പോഴുമുള്ളത് മോഹങ്ങള്‍; പ്രണയത്തിന്റെ രക്തസാക്ഷിയാണ് ഷാരോണ്‍ എന്ന് പ്രോസിക്യൂഷന്‍; ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വാഭവം; വധ ശിക്ഷയ്ക്ക് വാദിച്ച് അഡ്വ വിനീത് കുമാര്‍; ഗ്രീഷ്മയ്ക്ക് കൊലക്കയറോ?
തിരുവനന്തപുരം: തനിക്ക് ഇനിയും പഠിക്കണമെന്ന് നെയ്യാറ്റികര കോടതിയോട് ഷാരോണ്‍ വധ ശ്രമകേസിലെ കുറ്റവാളി ഗ്രീഷ്മ. കഴിഞ്ഞ ദിവസം കേസില്‍ കുറ്റക്കാരിയാണ് ഗ്രീഷ്മയെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷ വിധിക്കും മുമ്പ് തന്റെ ചേമ്പറിലേക്ക് ഗ്രീഷ്മയെ വിളിച്ചു വരുത്തി ജഡ്ജി നിലപാട് തിരിക്കി. അവിടേയും ഏവരേയും അമ്പരപ്പിച്ചു ഗ്രീഷ്മ. പതിവ് നടപടികളൊന്നും ഗ്രീഷ്മ പാലിച്ചില്ല. പകരം എഴുതി തയ്യാറാക്കിയ കത്താണ് നല്‍കിയത്. തനിക്ക് ഇനിയും പഠിക്കണമെന്ന ആഗ്രഹമാണ് പ്രകടമാക്കുന്നത്. അതായത് പട്ടാളക്കാരനായ യുവാവിനെ വിവാഹം ചെയ്യാനായി കാമുകനെ പ്രണയ ചതിയൊരുക്കി വിഷം കൊടുത്ത കൊന്ന കേസിലെ കുറ്റവാളിക്ക് ഇപ്പോഴും മനസ്സില്‍ ആഗ്രഹങ്ങള്‍ മാത്രം. വധ ശിക്ഷ പോലും വിധിക്കാവുന്ന കേസിലാണ് പഠിക്കണമെന്ന ആഗ്രഹവുമായി പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജീവപര്യന്തമെന്ന ശിക്ഷയ്ക്കായി ഗ്രീഷ്മ വാദങ്ങളുമായി എത്തുന്നത്. ഗ്രീഷ്മയ്ക്ക് വധ ശിക്ഷ നല്‍കണമെന്നും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് ഷാരോണിന്റെ കൊലയെന്നും പ്രോസിക്യൂഷന് വേണ്ടി അഡ്വ വിനീത് കുമാര്‍ വാദിച്ചു. അന്തിമ വാദങ്ങളെല്ലാം പരിഗണിച്ച് ജഡ്ജി കേസില്‍ അന്തിമ വിധി പറയും.
ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിച്ചത്. ജീവനു തുല്യം ഗ്രീഷ്മയെ സ്‌നേഹിച്ച യുവാവിനെയാണ് കൊന്നത്. ക്രൂരയായ കുറ്റവാളിയാണ് ഗ്രീഷ്മ. ഉന്നത വിദ്യാഭ്യാസം നേടിയ യുവതി ആ അറിവ് വിനിയോഗിച്ചത് കൊലയ്ക്കാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയുംചെയ്തു. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.
അതേസമയം, ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയത്. 11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ഷാരോണ്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ഗ്രീഷ്മയുടെ അഭിഭാഷകന്‍ വാദിച്ചത്. കൊല്ലപ്പെട്ട ഷാരോണിനെ പരമാവധി അപമാനിക്കും വിധമായിരുന്നു വാദങ്ങള്‍. ഇതിനൊപ്പം സാഹചര്യ തെളിവുകള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് വധ ശിക്ഷ നല്‍കരുതെന്നും അഭിഭാഷകന്‍ വാദിച്ചു.
കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക. വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം വ്യക്തമല്ല. ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ എത്തിച്ചിരുന്നു. ആണ്‍സുഹൃത്തായ മുര്യങ്കര ജെ.പി. ഹൗസില്‍ ജെ.പി. ഷാരോണ്‍ രാജി(23)നെ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീറാണ് ശിക്ഷ വിധിക്കുന്നത്.
ഗ്രീഷ്മയ്ക്കെതിരേ കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അമ്മ സിന്ധുവിനെ വെറുതേവിട്ടത്. സൈനികനുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കൊലപാതകം ആസൂത്രണംചെയ്യുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.