ആ ഒപ്പുകള്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെ; വാളകത്തെ സ്‌കൂള്‍ അടക്കം എല്ലാം ഗണേഷ് കുമാറിന് നല്‍കിയ അച്ഛന്റെ വില്‍പത്രം ഒര്‍ജിനലെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്; കീഴൂട്ട് തറവാട്ടിലെ സ്വത്ത് തര്‍ക്കം കോടതിയിലെത്തിച്ച മുത്ത മകള്‍ക്ക് തിരിച്ചടി; ഉഷാ മോഹന്‍ദാസിന്റെ വാദങ്ങള്‍ പൊളിയുന്നുവോ? മന്ത്രി ഗണേഷിന് ആശ്വാസമായി വില്‍പത്ര കേസില്‍ ട്വിസ്റ്റ്
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തര്‍ക്ക കേസില്‍ ട്വിസ്റ്റ്. മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്ര് ബി ചെയര്‍മാനുമായിരുന്ന പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തില്‍, സ്വത്തുക്കള്‍ കെ.ബി. ഗണേഷ് കുമാറിന്റെ പേരില്‍ നല്‍കിയിരുന്നു. ഈ വില്‍പത്രത്തിലെ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്ന സഹോദരി ഉഷാ മോഹന്‍ദാസിന്റെ വാദം തെറ്റാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വില്‍പത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് സ്ഥിരീകിരച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ ഗണേഷിന് ആശ്വാസമാകും.
കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഈ ഒപ്പുകളെല്ലാം ആര്‍. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തല്‍. ഇതോടെ കേസ് കെ.ബി.ഗണേഷ്‌കുമാറിന് അനുകൂലമാകും. പിണറായിയുടെ രണ്ടാം സര്‍ക്കാരില്‍ ആദ്യ രണ്ടര വര്‍ഷം മന്ത്രി സ്ഥാനത്തു നിന്ന് കെ.ബി.ഗണേഷ്‌കുമാറിനെ മാറ്റി നിര്‍ത്തിയത് ഈ കേസ് കാരണമാണ് മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹന്‍ദാസ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം നല്‍കാന്‍ വൈകിയത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാന്‍ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്‌കുമാറിനു ലഭിച്ചത്.
ആര്‍.ബാലകൃഷ്ണപിള്ള അസുഖബാധിതനായി അവശനിലയില്‍ കഴിഞ്ഞപ്പോള്‍ വാളകത്ത് വീട്ടില്‍ പുര്‍ണസമയവും ഉണ്ടായിരുന്നത് കെ.ബി.ഗണേഷ്‌കുമാറായിരുന്നു. ആദ്യം ഒരു വില്‍പത്രം പിളള തയാറാക്കിയിരുന്നു. പിന്നീട് ഇത് മാറ്റി എഴുതി. ഗണേഷിന് കൂടുതല്‍ സ്വത്ത് നല്‍കാനായിരുന്നു ഇത്. കുടുംബ പ്രശന വിവാദങ്ങളുണ്ടായതു കാരണം ആദ്യ വില്‍പത്രത്തില്‍ ഗണേഷിന് മതിയായ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ അസുഖ കാലത്ത് കൂടെ നിന്ന് മകന് രണ്ടാം വില്‍പത്രത്തില്‍ കൂടുതല്‍ പരിഗണന നല്‍കി. ഇതോടെ ആദ്യ വില്‍പത്രം അസാധുവായി. ഇത് ആര്‍. ബാലകൃഷ്ണപിളളയുടെ കാര്യസ്ഥനുമാത്രം അറിയാവുന്ന കാര്യമായിരുന്നു. മരണശേഷം വില്‍പത്രം പുറത്തെടുത്തപ്പോള്‍ സ്വത്തുകള്‍ കൂടുതല്‍ ഗണേഷിനെന്നു കണ്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഇത് ബാലകൃഷ്ണ പിള്ളയുടെ കീഴൂട്ട് തറവാട്ടിലെ പ്രതിസന്ധി രൂക്ഷമായി.
വില്‍പത്രം പിതാവിന് ബോധമില്ലാത്ത സമയത്തുണ്ടാക്കിയതാണ് എന്നായിരുന്നു ആരോപണം. സ്വത്തു വീതം വയ്പു നടത്തി സമവായത്തിനൊക്കെ ശ്രമം നടന്നെങ്കിലും വ്യാജ ആരോപണം തെളിയിക്കണമെന്ന നിലപാടിലായിരുന്നു ഗണേഷ് കുമാര്‍. സഹോദരി ഉഷാ മോഹന്‍ദാസാണ് കോടതിയെ സമീപിച്ചത്. ആര്‍. ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, കേരള മുന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, തിരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന്‍ നല്‍കിയപ്പോഴുള്ള ഒപ്പുകള്‍ എന്നിവ ഫൊറന്‍സിക് സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് വില്‍പത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ കേസ് ഗണേഷ് കുമാറിന് അനുകൂലമായേക്കും.
ആര്‍ ബാലകൃഷ്ണപിളളയുടെ വില്‍പ്പത്രത്തില്‍ കെ ബി ഗണേഷ് കുമാര്‍ ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണനും ചേര്‍ന്ന് കൃത്രിമം നടത്തിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണം ഉയര്‍ത്തുകയായിരുന്നു പിളളയുടെ മൂത്ത മകള്‍ ഉഷ മോഹന്‍ദാസ്. എന്നാല്‍ പിളള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പ്പത്രം തയാറാക്കിയതെന്ന വാദവുമായി ബിന്ദു ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ആര്‍.ബാലകൃഷ്ണപിളള 2017-ലാണ് തന്റെ കാലശേഷം സ്വത്ത് വീതം വയ്‌ക്കേണ്ടതിനെ പറ്റി വിശദമാക്കുന്ന ആദ്യ വില്‍പ്പത്രം തയ്യാറാക്കിയത്. അടച്ച വില്ലായി കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ഈ വില്‍പത്രത്തില്‍ മകന്‍ ഗണേഷ് കുമാറിന് കാര്യമായ സ്വത്തൊന്നും ഉണ്ടായിരുന്നില്ലെന്ന് മൂത്തമകള്‍ ഉഷ മോഹന്‍ദാസ് പറയുന്നു. വില്‍പത്രം തയ്യാറാക്കാന്‍ പിളളയെ സഹായിച്ച വിശ്വസ്തന്‍ പ്രഭാകരന്‍ നായരെ സ്വാധീനിച്ച് വില്‍പത്ര വിവരങ്ങള്‍ ഗണേഷ് മനസ്സിലാക്കിയെന്നും തുടര്‍ന്ന് ഇളയ സഹോദരിയുമായി ചേര്‍ന്ന് പിളളയെ സമ്മര്‍ദ്ദത്തിലാക്കി ഈ വില്‍പത്രം റദ്ദാക്കുകയായിരുന്നുമെന്നാണ് ഉഷയുടെ വാദം.
പിന്നീട് 2020-ല്‍ പിളള തയ്യാറാക്കിയ വില്‍പത്രത്തില്‍ തനിക്ക് സ്വത്തൊന്നും ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വില്‍പത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടാകാമെന്ന ആരോപണം കൂടി ഉഷ ഉയര്‍ത്തുന്നത്. എന്നാല്‍ വിവാദത്തില്‍ ഗണേഷിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച പിളളയുടെ രണ്ടാമത്തെ മകള്‍ ബിന്ദു, മൂത്ത സഹോദരിയുടെ വാദങ്ങളെ പൂര്‍ണമായും നിരാകരിച്ചിരുന്നു. വാളകത്തെ സ്‌കൂള്‍ നിയന്ത്രണം അടക്കം ഗണേഷിന് നല്‍കുന്ന വിധമായിരുന്നു രണ്ടാം വില്‍പത്രം ബാലകൃഷ്ണ പിള്ള തയ്യാറാക്കിയത്.