ദേശീയ പണിമുടക്ക് അറിയിച്ചുള്ള കെഎസ്എഫ്ഇ യൂണിയൻ പുറത്തിറക്കിയ നോട്ടീസിൽ ആകെ കൺഫ്യൂഷൻ; കേന്ദ്രത്തിനെ ഉന്നം വെച്ചിരിക്കുന്ന ആവശ്യങ്ങളിൽ പാതിയും നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാർ; തലയിൽ കൈവച്ച് വായിച്ചവർ; ഇവരെ നീ പറഞ്ഞ് മനസിലാക്ക്..എന്ന ശൈലിയിൽ നേതാക്കൾ തുടരുമ്പോൾ!
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് നടന്നത്. ബാക്കി സംസ്ഥാനങ്ങളിൽ പണിമുടക്ക് ഭാഗികമായി ബാധിച്ചപ്പോൾ കേരളത്തിൽ പണിമുടക്ക് രൂക്ഷമായി ബാധിക്കുകയായിരുന്നു. പലയിടങ്ങളിലും സിഐടിയു ക്കാർ വാഹനങ്ങൾ തടഞ്ഞു നിർത്തുകയും ചെയ്തു.
ഇപ്പോഴിതാ, ദേശീയ പണിമുടക്ക് അറിയിച്ചുള്ള കെഎസ്എഫ്ഇ യൂണിയൻ പുറത്തിറക്കിയ നോട്ടീസിലെ ഒരു പിഴവ് ആണ് പുറത്തുവന്നിരിക്കുന്നത്. നടപ്പിലാക്കാനുള്ള ആവശ്യങ്ങൾ വായിച്ച് ആകെ കൺഫ്യൂഷൻ അടിച്ചിരിക്കുകയാണ് ആളുകൾ. കേന്ദ്രത്തിനെ ഉന്നം വെച്ചിരിക്കുന്ന ആവശ്യങ്ങളിൽ പാതിയും നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാർ. അതും കെഎസ്എഫ്ഇ യൂണിയന്റെ ഓരോ തലപ്പത്ത് ഇരിക്കുന്നത് പ്രമുഖ നേതാക്കൾ കൂടിയാണ്. എന്നിട്ടും ഒന്നും കണ്ടില്ലെന്ന മട്ടിലാണ് അവർ.
നോട്ടീസിലെ പ്രധാന വിഷയങ്ങളായ കേരള സർക്കാർ ഉത്തരവ് 131/ 22 റദ്ദ് ചെയ്യുക. മുൻ കാല പ്രാബല്യത്തോടെ ഉപാധി രഹിതമായി കെഎസ്എഫ്ഇ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക. കെഎസ്എഫ്ഇ ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കുക. വിരമിക്കൽ നയം രൂപീകരിക്കുക. ഏജന്റുകാരുടെ കമ്മീഷൻ പരിഷ്കരിക്കുക. എല്ലാ ഏജന്റുമാർക്കും പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക. ഗോൾഡ് ലോൺ അപ്പ്രൈസർമാരെ സ്ഥിരപ്പെടുത്തുക. ഇതൊക്കെയാണ് നോട്ടീസിലെ വാസ്ത വിരുദ്ധമായ പോയിന്റുകൾ. ഇത്രയും വിഷയങ്ങൾ സംസ്ഥാന സർക്കാർ വേണം വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്. അതിൽ ഏറെ ശ്രദ്ധേയം കെഎസ്എഫ്ഇ സിഐടിയു വിലെ ഓരോ തലപ്പത്തിലും ഉന്നത നേതാക്കളാണ് ഇരിക്കുന്നത്.
അതേസമയം, ഇന്നലെ കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസിനെ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പിന്നാലെ ജീവനക്കാർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു.തൃശൂരിൽ ചില കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി. തൃശ്ശൂർ ഡിപ്പോയിൽ നിന്ന് രണ്ടു ബസുകൾ രാവിലെ സർവീസ് നടത്തി. നഗരത്തിലെ ചുരുക്കം ചില ഓട്ടോറിക്ഷകളും സർവീസ് നടത്തി.
17 ആവശ്യങ്ങളുയർത്തിയാണ് 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളുംസംയുക്തമായി പണിമുടക്ക് നടത്തിയത്. അവശ്യ സർവീസുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്.