മലമ്പ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിനെ നടുക്കി വൻ ദുരന്തം; വാഹനത്തിലുണ്ടായിരുന്നത് ദിവസക്കൂലിക്കാരായ തൊഴിലാളികൾ; 22 പേർ മരിച്ചതായി പ്രാഥമിക വിവരം; 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; പുറംലോകമറിഞ്ഞത് രക്ഷപ്പെട്ടയാൾ അറിയിച്ചതോടെ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 22 തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. ഇന്തോ-ചൈന അതിർത്തിക്ക് സമീപം ഹയൂലിയാങ്-ചഗ്ലഗാം റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അസമിലെ ടിൻസുകിയ ജില്ലയിൽ നിന്നുള്ള ദിവസക്കൂലിക്കാരായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട ട്രക്കിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 1000 അടി താഴ്ചയിലേക്കാണ് ലോറി പതിച്ചത്.
അപകടസ്ഥലത്തുനിന്ന് ഇതുവരെ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ട്രക്കിൽ കുടുങ്ങിയ മറ്റുള്ളവർക്കായി തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിച്ചുവരികയാണ്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെ മലമ്പ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാൾ സമീപ പട്ടണത്തിലെത്തി അധികാരികളെ അറിയിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അസമിലെ ദിബ്രുഗഡിൽ നിന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘത്തെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ വിദൂര സ്ഥാനം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം, മോശം റോഡ് അവസ്ഥ എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരം മാത്രമാണ് അപകട വിവരം പുറത്തറിഞ്ഞത്.