കൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് ട്രംപ്; ഉല്‍പന്നങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ വൈകാതെ നല്‍കുമെന്ന് കമ്പനി അധികൃതരും
കൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: യു.എസില്‍ കൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മധുരത്തിനായി കോണ്‍ സിറപ്പില്‍ നിന്നും തയാറാക്കുന്ന കൃത്രിമ മധുരമാണ് കമ്പനി ഉപയോഗക്കുന്നത്. ഇതിന് പകരമാണ് കരിമ്പില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന പഞ്ചസാര ഉപയോഗിക്കുക.
കരിമ്പില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന പഞ്ചസാര ഉപയോഗിക്കണമെന്ന് കൊക്കോ കോളയോട് നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ നിര്‍ദേശം അംഗീകരിക്കുകയും ചെയ്തുവെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. കൊക്കോ-കോള അധികൃതരോട് ഇക്കാര്യത്തില്‍ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപിന്റെ അവകാശവാദം ശരിയാണോ തെറ്റാണോയെന്ന് പറയാന്‍ കമ്പനി തയാറായിട്ടില്ല. തങ്ങളുടെ ബ്രാന്‍ഡിനെ കുറിച്ചുള്ള പ്രസിഡന്റിന്റെ ആകാംക്ഷയില്‍ സന്തോഷമുണ്ടെന്ന് കമ്പനി പ്രതികരിച്ചു. ഉല്‍പന്നങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ വൈകാതെ നല്‍കുമെന്ന് കമ്പനി അറിയിച്ചു.
ഡയറ്റ് കൊക്കോ-കോളയുടെ ആരാധകനായ ട്രംപ് ഇതുവരെ പാനീയം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യസെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി നിരവധി തവണ കൊക്കോ-കോള പാനീയങ്ങള്‍ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.
കോണ്‍ സ്റ്റാര്‍ച്ചില്‍ നിന്നും തയാറാക്കുന്ന മധുരം ആളുകളെ പൊണ്ണതടിയന്‍മാരും പ്രമേഹ രോഗികളും ആക്കാന്‍ മാത്രമേ സഹായിക്കുവെന്ന് അദ്ദേഹം പറഞ്ഞു. 1980കള്‍ മുതലാണ് കമ്പനി കോണ്‍ സ്റ്റാര്‍ച്ചില്‍ നിന്നുള്ള മധുരം യു.എസില്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയത്. ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.