80ാം വയസ്സിലെ മത്സരത്തില്‍ നിന്ന് ശശീന്ദ്രന്‍ ഔട്ടാകുമോ? എലത്തൂര്‍ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം; കാനത്തില്‍ ജമീല മരിച്ച കൊയിലാണ്ടി സീറ്റില്‍ കണ്ണുനട്ട് നേതാക്കള്‍; കെ ദാസനെതിരെ എതിര്‍പ്പ്; പേരാമ്പ്രയിലും തര്‍ക്കം; തിരഞ്ഞെടുപ്പ് അടുത്തതോടെ കോഴിക്കോട് സിപിഎമ്മില്‍ തിരയിളക്കങ്ങള്‍
കോഴിക്കോട് സിപിഎമ്മില്‍ തിരയിളക്കങ്ങള്‍
കോഴിക്കോട്: ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ചകോട്ടയാണ് എലത്തൂര്‍ മണ്ഡലം. പക്ഷേ അവിടെനിന്ന് ജയിക്കാറുള്ളത്, എല്‍ഡിഎഫ് ഘടകക്ഷിയായ എന്‍സിപിയാണ്. മന്ത്രി എ കെ ശശീന്ദ്രന്‍ മൂന്ന് തവണ ജയിച്ച മണ്ഡലമാണിത്. ഇപ്പോള്‍ ഈ 80-ാം വയസ്സിലും ഒരു തവണകൂടി മത്സരിക്കാന്‍ ശശീന്ദ്രന് പൂതിയുണ്ടന്നാണ് അറിയുന്നത്. പക്ഷേ സീറ്റ് ഏറ്റെടുക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
2008-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷമാണ് എലത്തൂര്‍ ഒരു നിയമസഭാ മണ്ഡലമായി മാറിയത്. 2011 മുതല്‍ നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിന് വേണ്ടി മത്സരിച്ച എന്‍.സി.പി നേതാവ് എ.കെ. ശശീന്ദ്രന്‍ ആണ് ഇവിടെ വിജയിച്ചത്. ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ ഭൂരിപക്ഷവും കൂടി.
2011-ല്‍ എ.കെ. ശശീന്ദ്രന്‍ സോഷ്യലിസ്റ്റ് ജനതയിലെ ഷേയ്ക്ക് പി. ഹാരിസിനെ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. 2016ല്‍ ശശീന്ദ്രന്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥി കിഷന്‍ ചന്ദിനെ 29,057 വോട്ടിന് തറപറ്റിച്ചു. 2021-ല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരിയെ 38,502 വോട്ടിന്റെ റെക്കോര്‍ഡ് ഭുരിപക്ഷത്തിനാണ് ശശീന്ദ്രന്‍ തോല്‍പ്പിച്ചത്. പക്ഷേ ഇതൊന്നും എന്‍സിപിയുടെ കഴിവുകൊണ്ടായിരുന്നില്ല. സിപിഎം പ്രവര്‍ത്തകരുടെ സ്വാധീനം കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ആ സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്നാണ് സിപിഎം വാദം.
മണ്ഡലത്തിലെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സി.പി.എമ്മിന് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ഈ സീറ്റ് സി.പി.എം നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഉയര്‍ന്നിരിക്കയാണ്. മാത്രമല്ല, പ്രായാധിക്യം ബാധിച്ച ശശീന്ദ്രനെതിരെ വളരെ മോശം പൊതുജനാഭിപ്രയാവും നിലനില്‍ക്കുന്നു.
എന്നാല്‍ തങ്ങള്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്നും, ശശീന്ദ്രനു പകരം മറ്റൊരാളെ മത്സരിപ്പിക്കുമെന്നുമാണ് എന്‍സിപി നിലപാട്. എന്നാല്‍ താന്‍ ഒഴിയുന്ന എന്ന സൂചന ശശീന്ദ്രന്‍ നല്‍കിയിട്ടില്ല. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ എലത്തൂര്‍ അസംബ്ലി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്‍ മുന്നിലെത്തിയിരുന്നു. ഇതാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
കൊയിലാണ്ടിയിലും തര്‍ക്കങ്ങള്‍
അതുപോലെ തന്നെ കൊയിലാണ്ടിയിലും പേരാമ്പ്രയിലും പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. കൊയിലാണ്ടി എംഎല്‍എയായിരുന്ന സിപിഎം വനിതാ നേതാവ് കാനത്തില്‍ ജമീല, ഈയിടെയാണ് അന്തരിച്ചത്. ആ സീറ്റ് ലക്ഷ്യംവെച്ച് മുന്‍ എംഎല്‍എ കൂടിയായ കെ ദാസന്‍ നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. രണ്ടുതവണ എംഎല്‍എയായ ദാസനെ മാറ്റിനിര്‍ത്തി യുവ തോക്കളെയോ സിപിഎം രംഗത്തിറക്കുമെന്നാണ് അറിയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച മുന്നേറ്റം നടത്തിയ മണ്ഡലമാണ് കൊയിലാണ്ടി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഈ സീറ്റ് തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്. മുന്‍ കെപിസിസി പ്രസിഡന്റും മൂന്‍ കേന്ദ്രമന്ത്രിയുമായ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇവിടെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. എന്‍. സുബ്രഹ്‌മണ്യന്‍, ഡി.സി.സി പ്രസിഡന്റായ പ്രവീണ്‍ കുമാര്‍, യുവ നേതാവ് വി.പി. സജീന്ദ്രന്‍ എന്നിവരുടെ പേരുകളും യുഡിഎഫില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന പേരാമ്പ്രയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് ഇരുമുന്നണികളെയും ഞെട്ടിച്ചിട്ടുണ്ട്. പ്രായപരിധി പരിഗണിച്ചാല്‍ സിറ്റിംഗ് എംഎല്‍എ ടി പി രാമകൃഷ്ണന്‍ പുറത്താവും. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളമുണ്ട്. പക്ഷേ ജയസാധ്യത പരിഗണിച്ച് ടി പിക്ക് ഒരു ടേം കൂടി കൊടുക്കണമെന്ന് അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. കെ.കെ. ലതികയെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളെയോ അല്ലെങ്കില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നിന്നുള്ളവരെയോ പരിഗണിച്ചേക്കാമെന്നാണ് അറിയുന്നത്. തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക എന്നത് ഇവിടെയും സിപിഎമ്മിന് തലവേദനയാണ്.
തലവേദനയായി ഗ്രുപ്പിസം
കോഴിക്കോട് ജില്ലയിലെ സി.പി.എമ്മില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില വിഭാഗീയതകളും തര്‍ക്കങ്ങളും ധാരാളമുണ്ടായിരുന്നു. ഇതിന്റെ പ്രശ്നങ്ങള്‍ പലഭാഗത്തും തീര്‍ന്നിട്ടില്ല. 2025 നവംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കോഴിക്കോട് കോര്‍പ്പറേഷനിലും മറ്റ് ചില മേഖലകളിലും തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കോട്ടൂളി ഉള്‍പ്പെടെയുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കം കാരണം പാര്‍ട്ടിക്ക് പലയിടത്തും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് നീട്ടിവെക്കേണ്ടി വന്നു. ഡെപ്യൂട്ടിമേയറായ മുസ്ഫര്‍ അഹമ്മദ് അടക്കം തോറ്റത് ഗ്രൂപ്പിസത്തിന്റെ കൂടി ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. തദ്ദേശത്തിലെ ാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കം നാദാപുരത്ത് സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ ആറ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
2025 ജനുവരിയില്‍ വടകരയില്‍ വെച്ച് നടന്ന സി.പി.എം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. മൂന്ന് തവണ ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് പുതിയ ജില്ലാ സെക്രട്ടറിയായ് എം മെഹബൂബാണ്. ഇതിനെതിരെയും പാര്‍ട്ടിയില്‍ ഒരു വിഭാഗം നിലകൊള്ളുന്നുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണവുമായും ചില സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളുമായും ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങളും വിഭാഗീയതയും ഉണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ പരിശോധിച്ച സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍, പല പ്രാദേശിക കമ്മിറ്റികളും ദുര്‍ബലമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ അംസബ്ലി തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ആ അവസ്ഥ തുടരുകയാണ്.
