ഉപകരണം കേടായത് മൂലം യൂറോളജി വിഭാഗത്തില്‍ മുടങ്ങിയത് നാലു ശസ്ത്രക്രിയകള്‍; ആശുപത്രി വികസന സമിതിയുടെ ഒരു വര്‍ഷത്തെ വരുമാനം 36.79 കോടി, ചെലവ് 30.28 കോടി; ഡോ. ഹാരിസ് നല്‍കിയ കത്തുകള്‍ കൈമാറിയത് മന്ത്രിക്കല്ല കലക്ടര്‍ക്ക്; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിവാദത്തില്‍ വിവരാവകാശ മറുപടി ഇങ്ങനെ

ഉപകരണം കേടായത് മൂലം യൂറോളജി വിഭാഗത്തില്‍ മുടങ്ങിയത് നാലു ശസ്ത്രക്രിയകള്‍

Update: 2025-08-02 12:17 GMT

പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വര്‍ഷം എപ്രില്‍ ഒന്നു മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 31 വരെ ആശുപത്രി വികസന സമിതിക്ക് ലഭിച്ച വരുമാനം 36,79,30,075 (മുപ്പത്തിയാറ് കോടി എഴൂപത്തിയൊന്‍പത് ലക്ഷത്തി മുപ്പതിനായിരത്തില്‍ എഴുപത്തിയഞ്ച്) രൂപയാണെന്ന് വിവരാവകാശ രേഖ. ഇതില്‍ 30,28,18,257 (മുപ്പത് കോടി ഇരുപത്തിയെട്ട് ലക്ഷത്തില്‍ പതിനെട്ടായിരത്തി ഇരുനൂറ്റി അന്‍പത്തിയേഴ്) രൂപ ചെലവഴിച്ചു. 6,51,11,818(ആറുകോടി അമ്പത്തിയൊന്ന് ലക്ഷത്തി പതിനൊന്നായിരത്തി എണ്ണൂറ്റി പതിനെട്ട്) രൂപയാണ് നീക്കിയിരിപ്പ്. ഇത് ആശുപത്രി ആവശ്യങ്ങള്‍ക്കായിട്ടുള്ള വസ്തുക്കള്‍ വാങ്ങിയ വകയില്‍ വിവിധ കമ്പനികള്‍ക്ക് നല്‍കാനുള്ളതാണ്.



 



 



വിവരാവകാശ പ്രവര്‍ത്തകര്‍ പത്തനംതിട്ട ആനപ്പാറ തോലിയാനിക്കല്‍ സി. റഷീദിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഉപകരണം കേടായത് കാരണം യൂറോളജി വിഭാഗത്തില്‍ നാല് ഓപ്പറേഷനുകളാണ് മുടങ്ങിയിട്ടുള്ളത്. യൂറോളജി വിഭാഗത്തില്‍ ആശുപത്രി വികസന സമിതി മുഖാന്തരം 30,24,814 രൂപ ചെലവാക്കിയിട്ടുണ്ട്. ചികില്‍സയ്ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയവരുടെ പേര് വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭ്യമല്ല. ഡോ. ഹാരിസിന്റെ കത്ത് ലഭിച്ചത് പ്രകാരം ഈ ഓഫീസില്‍ നിന്ന് ഉപകരണം വാങ്ങുന്നതിനായി ടെക്നിക്കല്‍ ഓഫീസറുടെ അഭിപ്രായം ആരാഞ്ഞ ശേഷം കമ്പനിക്ക് സപ്ലൈ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയ ഉപകരണം വാങ്ങി നല്‍കുന്നതിലേക്കായി എച്ച്.ഡി.എസ് ചെയര്‍മാനായ ജില്ലാ കലക്ടര്‍ക്ക് ഭരണാനുമതി തേടി കത്ത് നല്‍കിയിരുന്നു. ഭരണാനുമതി ലഭിച്ചു. ചികില്‍സാ ഉപകരണങ്ങളുടെ കുറവു മൂലം ഒരു രോഗിയും മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

സിസ്റ്റത്തിന്റെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് എഴുതിയ കത്ത് കലക്ടര്‍ക്ക് മാത്രമാണ് കൈമാറിയത്. ആരോഗ്യമന്ത്രി/സെക്രട്ടറി/ഡയറക്ടര്‍ക്ക് എന്നിവര്‍ക്ക് അയച്ചിട്ടില്ല. എച്ച്.ഡി.എസ്. ചെയര്‍മാന്‍ എന്ന നിലയിലാണ് കലക്ടര്‍ക്ക് കത്ത് കൈമാറിയതെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

Tags:    

Similar News