ചെസ്റ്റര്‍ഫീല്‍ഡില്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് മലയാളിക്ക് ഒരു വര്‍ഷം ജയില്‍; തുടര്‍ന്ന് നാട് കടത്തലും; നിസാര വീട്ടുവഴക്കുകള്‍ ജീവിതം തകര്‍ക്കുന്ന കാഴ്ചകള്‍ ആവര്‍ത്തിക്കുമ്പോള്‍ ബ്രിട്ടനിലെ നിയമത്തെ കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം; വാക്കത്തി കയ്യിലെടുത്തതും ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ചതും ഒക്കെ കോടതിയില്‍ എത്തിയപ്പോള്‍ സെബി വര്‍ഗീസിന് കുരുക്കായി

ചെസ്റ്റര്‍ഫീല്‍ഡില്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് മലയാളിക്ക് ഒരു വര്‍ഷം ജയില്‍

Update: 2025-03-21 06:49 GMT

ലണ്ടന്‍: തുടര്‍ച്ചയായി എത്തുന്ന ഗാര്‍ഹിക പീഡന കേസുകളില്‍ ഏറ്റവും ഒടുവിലായി ചെസ്റ്റര്‍ഫീല്‍ഡിലെ സെബി വര്‍ഗീസ് എന്ന മലയാളി യുവാവ് ജയിലിലേക്ക്. ഭാര്യ നല്‍കിയ പരാതിയില്‍ കോടതി ഒരു വര്‍ഷത്തെ ശിക്ഷ ഇയാള്‍ക്ക് വിധിച്ച ഉത്തരവില്‍ ശിക്ഷ അനുഭവിച്ച ശേഷം നാട് കടത്തണം എന്ന ഉത്തരവ് നല്‍കിയതും യുകെ മലയാളികളെ ഞെട്ടിപ്പിക്കുകയാണ്. കാരണം നിലവില്‍ സമാന സാഹചര്യത്തില്‍ കോടതി നടപടികള്‍ നേരിടുന്ന മലയാളികളുടെ എണ്ണം കണക്കില്ലാത്തതാണ്. അടുത്ത കാലത്തു ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ശിക്ഷ നേരിടുന്നവര്‍ ശിക്ഷ കാലാവധിക്ക് ശേഷം നാടുകടത്തപ്പെടണം എന്ന നിയമം പാസാക്കിയതിനെ തുടര്‍ന്നാണ് സെബിയുടെ കാര്യത്തില്‍ പ്രധാനമായി മാറുന്നത്. സാധാരണ ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നെ പത്തുവര്ഷത്തേക്ക് ബ്രിട്ടനില്‍ പ്രവേശനം അനുവദിക്കില്ല.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മലയാളികള്‍ക്കിടയില്‍ കൂട്ടക്കൊലകളും കൂട്ട ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ നിസാര വീട്ടുവഴക്കുകള്‍ പോലും പോലീസും നിയമ രംഗവും അതീവ ഗൗരവത്തോടെ വിലയിരുത്തും എന്ന കാര്യം കൂടിയാണ് ഇപ്പോള്‍ സെബി വര്‍ഗീസിലൂടെ തെളിയുന്നത്. സാധാരണ വീട്ടുവഴക്കുകളില്‍ നിയമ പരിരക്ഷ സ്ത്രീകള്‍ക്ക് അനുകൂലമാകും എന്ന സാഹചര്യത്തില്‍ മലയാളി പുരുഷന്മാര്‍ കരുതല്‍ എടുത്തില്ലെകില്‍ നേരെ ജയിലില്‍ കയറുക എന്ന വിധിയാകും യുകെ സമ്മാനിക്കുക എന്നതും സെബിയിലൂടെ കണ്ടറിയേണ്ടി വരും. കഴിഞ്ഞ സെപ്റ്റംബറില്‍ ഉണ്ടായ കേസില്‍ വെറും ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു എന്നതും സെബിയുടെ കാര്യത്തില്‍ പ്രധാനമായി മാറുകയാണ്. കോവിഡിനെ തുടര്‍ന്ന് ഇത്തരം കേസുകളില്‍ നിലനിന്നിരുന്ന സാവകാശം ഇനിയുള്ള കേസുകളില്‍ ഉണ്ടായിരിക്കില്ല എന്നതും ഈ കേസ് യുകെ മലയാളികളെ പഠിപ്പിക്കുകയാണ്.


സെബി വീട്ടില്‍ പെരുമാറിയിരുന്നത് ക്രൂരതയുടെ പര്യായമായിട്ടെന്ന് പ്രോസിക്യൂഷന്‍, വാക്കത്തിയും ചെരുപ്പും ആയുധങ്ങളാക്കി

ഉച്ചത്തില്‍ സംസാരിക്കുന്ന മലയാളി ശൈലി പോലും യുകെയില്‍ ഗാര്‍ഹിക പീഡനത്തിന്റെ പേരിലേക്ക് എത്തിച്ചേരും എന്നതിനാല്‍ പെരുമാറ്റം പോലും അതീവ ശ്രദ്ധയോടെ ആയിരിക്കണം എന്നതും സെബിക്ക് എതിരായ പ്രോസിക്യൂഷന്‍ വാദങ്ങള്‍ തെളിയിക്കുന്നു. ഭാര്യയെ ഒട്ടും ബഹുമാനമില്ലാതെ അധിക്ഷേപിച്ചു എന്നത് മുതല്‍ വാക്കത്തിക്ക് സമാനമായ ആയുധം ഉപയോഗിച്ചും വീട്ടില്‍ ധരിക്കുന്ന ചെരുപ്പ് കയ്യില്‍ ഉയര്‍ത്തിയും ഒക്കെ ആക്രമണ സ്വഭാവം പ്രകടിപ്പിച്ചു എന്നതാണ് കോടതിയില്‍ ഉയര്‍ന്ന വാദത്തില്‍ നിറഞ്ഞു നിന്നത്. സെബിയോടൊപ്പം ഭാര്യ കഴിഞ്ഞിരുന്നത് ഭയപെട്ടാണ് എന്ന വാദവും സെബിക്ക് തിരിച്ചടിയായി.

ഡെര്‍ബിഷെയര്‍ പോലീസ് സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പോസ്റ്റിലും ഡെര്‍ബിഷെയര്‍ പോസ്റ്റ് പത്രത്തിന്റെ വാര്‍ത്തയിലും ഒക്കെ തദ്ദേശവാസികളായ നൂറുകണക്കിന് ആളുകളാണ് യുകെയില്‍ വിദേശികളായ ക്രിമിനലുകള്‍ നിറയുന്നു എന്ന ഭാഷയില്‍ കമന്റുകള്‍ ചൊരിയുന്നത്. ഇത്തരം കമന്റുകള്‍ ഇടനായി ആളുകള്‍ കാത്തിരിക്കുകയാണ് എന്ന് പോലും സംശയിക്കപ്പെടുന്ന നിലയിലാണ് ഉടന്‍ പ്രതികരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന പോലും തെളിയിക്കുന്നത്.

ആയുധം കാട്ടി ഭീഷണിപ്പെടുത്തി എന്നത് മാത്രമല്ല കഴുത്തില്‍ പിടിച്ചു ഞെരിക്കാനും ശ്രമം നടത്തി എന്നും കോടതിയില്‍ സെബിക്ക് എതിരായി എത്തിയ മൊഴികളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മൂന്നിനാണ് ചെരുപ്പ് ഉപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് ഭാര്യ പോലീസിനെ വിളിക്കുന്നതും ഇയാള്‍ അറസ്റ്റില്‍ ആകുന്നതും. പോലീസ് എത്തിയപ്പോള്‍ സെബിയുടെ ഭാര്യ നല്‍കിയ മൊഴിയിലാണ് മുന്‍പ് വാക്കത്തി പോലുള്ള ആയുധം കാട്ടി ഭീഷണിപ്പെടുത്തി എന്നതും ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി കഴുത്തു പിടിച്ചു ഞെരിച്ചെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

വാക്കുകള്‍ ഉപയോഗിച്ചുള്ള ആക്ഷേപം സഹിച്ചു കഴിഞ്ഞിരുന്ന താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ഭാര്യ നല്‍കിയ മൊഴികളില്‍ പ്രധാനമാണ്. ഭര്‍ത്താവ് നടത്തുന്ന വാക്ശകാരം തന്നെ മാനസികമായി ഏറെ ദുര്‍ബലപ്പെടുത്തിയെന്നും പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാണ് ജീവിച്ചിരുന്നത് എന്നും ഭാര്യ നല്‍കിയ മൊഴികളിലുണ്ട്. പോലീസ് ചോദ്യം ചെയ്യലില്‍ 49കാരനായ സെബി കുറ്റങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതേതുടര്‍ന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പ്രതിയെ ഇന്ത്യയിലേക്ക് നാട് കടത്തണം എന്നും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും വര്‍ഷമായി സെബിയുടെ ക്രൂരത നിറഞ്ഞ സ്വഭാവം മൂലം ഭാര്യയുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമായിരുന്നു എന്നാണ് കേസ് അന്വേഷിച്ച ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ജേക്കബ് ടയേഴ്‌സ് പ്രതികരിച്ചത്. ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നും രക്ഷ തേടാന്‍ ധീരതയോടെ മുന്നോട്ടു വന്നതിനാല്‍ ശേഷമുള്ള ജീവിതം എങ്കിലും ഈ സ്ത്രീക്ക് സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും എന്നും പോലീസ് വ്യക്തമാകുന്നു. സമാനമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്ന ഓരോ സ്ത്രീക്കും അതില്‍ നിന്നുള്ള മോചനത്തിന് പ്രേരണ നല്‍കുന്ന വിധിയാണ് ഇപ്പോള്‍ കോടതിയില്‍ നിന്നും എത്തിയിരിക്കുന്നത് എന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

തുടര്‍ച്ചയായി എത്തുന്ന കേസുകള്‍ മലയാളികള്‍ക്ക് നല്‍കുന്നത് ക്രിമിനല്‍ പരിവേഷം, മലയാളികളെ ആക്ഷേപിക്കാന്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയും

പത്തു ദിവസം മുന്‍പാണ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ സംശയരോഗത്താല്‍ വീട്ടുവഴക്ക് സ്ഥിരം സംഭവമായ മലയാളി ദമ്പതികളില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടി പരിക്കേല്‍പ്പിച്ച വാര്‍ത്ത ബ്രിട്ടീഷ് മലയാളി പുറത്തു വിട്ടത്. കൃത്യം രണ്ടു മാസം ജനുവരി പതിനൊന്നിന് മുന്‍പ് ലോക കേരള സഭ അംഗം കൂടിയായ ഗ്ലോസ്റ്റര്‍ മലയാളി വീട്ടു വഴക്കിനെ തുടര്‍ന്ന് അറസ്റ്റില്‍ ആയതും പിന്നീട് സ്വയം നാട്ടിലേക്ക് മടങ്ങിയതും ബ്രിട്ടീഷ് മലയാളി വാര്‍ത്തയിലൂടെയാണ് യുകെ മലയാളികള്‍ അറിഞ്ഞത്.

ഓരോ മാസവും ഒരു കേസെങ്കിലും വീട്ടുവഴക്കുകളെ തുടര്‍ന്ന് കോടതി നടപടികള്‍ ആരംഭിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട നിസ്സഹായതയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഞങ്ങള്‍ നേരിടുന്നത്. മുന്‍ കാലങ്ങളില്‍ വല്ലപ്പോഴും എത്തിയിരുന്ന ഗാര്‍ഹിക പീഡന വിവരങ്ങള്‍ ഇപ്പോള്‍ ആഴ്ചയില്‍ രണ്ടും മൂന്നും എങ്കിലും വാര്‍ത്തകളായി ബ്രിട്ടീഷ് മലയാളിയെ തേടി എത്തുന്നുണ്ട്. ഇത്തരം വാര്‍ത്തകളുടെ ആധിക്യം മൂലം കോടതി നടപടികളിലേക്ക് എത്തുമ്പോള്‍ മാത്രം വാര്‍ത്തയാക്കുന്ന നിലയിലേക്ക് ബ്രിട്ടീഷ് മലയാളി ചിന്തിക്കുന്നത് യുകെ മലയാളികളുടെ മാറിയ സാമൂഹ്യ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ്.

ഗാര്‍ഹിക പീഡന വിവരങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മൂലം മലയാളം തര്‍ജ്ജമയ്ക്ക് ലഭ്യമായ പ്രൊഫഷണലുകളുടെ കുറവും പോലീസും നിയമ സംവിധാനങ്ങളും നേരിടുന്നു എന്നതും യുകെ മലയാളികളുടെ പോക്ക് എങ്ങോട്ടെന്ന ചോദ്യം ഉയര്‍ത്തുകയാണ്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ് എന്ന് അടുത്തിടെ യുകെയിലെ വംശീയ പാര്‍ട്ടിയായി വേരുപിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം അടുത്തിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പരസ്യമായി ആക്ഷേപിച്ചതും യുകെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധയോടെ ജീവിതം കൈകാര്യം ചെയ്യണം എന്ന സൂചന കൂടിയാണ് നല്‍കുന്നത്. അതല്ലെങ്കില്‍ ഏതാനും പേരുടെ നിലവിട്ട പെരുമാറ്റത്തിന് യുകെയിലെ മലയാളി സമൂഹം ഒന്നാകെ ആക്ഷേപം നേരിടേണ്ടി വരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.

Tags:    

Similar News