ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ തോമസിന്റെ സി ടി സ്‌കാനിംഗിന് വിധേയയാക്കി; ആന്തരിക രക്തസ്രാവം ഉണ്ടോയെന്ന് പരിശോധിക്കുന്നു; ആബുലന്‍സിലേക്ക് കയറ്റവേ തലയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒഴുകിയിരുന്നതായി ദൃക്‌സാക്ഷികള്‍; തല കോണ്‍ക്രീറ്റില്‍ ഇടിച്ചു വീണതില്‍ ആശങ്ക

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ തോമസിന്റെ സി ടി സ്‌കാനിംഗിന് വിധേയയാക്കി

Update: 2024-12-29 14:00 GMT

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും വീണ് പരിക്കേറ്റ ഉമ തോമസിനെ അടിയന്തരമായി സി ടി സ്‌കാനിംഗിന് വിധേയയാക്കി. ആന്തരിക രക്തസ്രാവം ഉണ്ടോയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്. ഇതറിയാനാണ് മെഡിക്കല്‍ ടീം ശ്രമം നടത്തുന്നത്. പരിക്കിന്റെ ആഘാതം അറിഞ്ഞ ശേഷം പരിശോധനകള്‍ വേഗത്തിലാക്കും. പാലാരിവട്ടം റിനെ ആശുപത്രിയിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് മെഡിക്കല്‍ ടീമും ആബുലന്‍സും സജ്ജീകരിച്ചിരുന്നതിനാല്‍ അടിയന്തരമായി തന്നെ എംഎല്‍എയെ ആംബുസന്‍സിലേക്ക് മാറ്റി. നൃത്തപരിപാടി റിപ്പോര്‍ട്ടു ചെയ്യാന്‍ വന്ന മാധ്യമങ്ങള്‍ക്ക് മുന്നിലേക്കാണ് ഉമ തോമസ് വീണത്.

വീഴ്ച്ചതില്‍ കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. തലയില്‍ നിന്നും മൂ്ക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായിരുന്നു എന്നാണ ദൃക്‌സാക്ഷികള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. കലൂര്‍ സ്റ്റേഡിയത്തില്‍ 12000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ദിവ്യ ഉണ്ണി ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.

വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എംഎല്‍എ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സി ടി സ്‌കാന്‍ അടക്കം എടുത്തു പരിശോധനകളിലേക്ക് ആശുപത്രി അധികൃതര്‍ കടന്നിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എംഎല്‍എ ബോധാവസ്ഥയില്‍ ആയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Tags:    

Similar News