അമേരിക്കയില്‍ പിടിയിലായ ഉടന്‍ സിഖുകാരുടെ തലപ്പാവ് അഴിച്ചുമാറ്റി; കൈവിലങ്ങണിയിച്ചു; ചങ്ങലകൊണ്ട് സീറ്റില്‍ ബന്ധിച്ചു; യു എസിന്റെ നാടുകടത്തല്‍ രീതിയില്‍ പ്രതിഷേധം കടുക്കുന്നു; കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം

അമേരിക്കയില്‍ പിടിയിലായ ഉടന്‍ സിഖുകാരുടെ തലപ്പാവ് അഴിച്ചുമാറ്റി

Update: 2025-02-17 06:58 GMT

അമൃത്സര്‍: അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച രീതിയില്‍ വിവാദം കടുക്കുന്നു. കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റില്‍ ബന്ധിച്ചുമാണ് ഇന്ത്യയിലെത്തിച്ചത്. ഇതിന് പുറമെ സിഖ് മതവിശ്വാസികള്‍ക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാനും അനുവദിച്ചില്ല. ഞായറാഴ്ച രാത്രി എത്തിയ വിമാനത്തില്‍ 31 പഞ്ചാബുകാരാണ് ഉണ്ടായിരുന്നത്.

അമേരിക്കന്‍ വ്യോമസേനാ വിമാനത്തില്‍ കയറിയപ്പോള്‍ തങ്ങളെ തലപ്പാവ് അണിയാന്‍ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരന്‍ വെളിപ്പെടുത്തി. ഇതില്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കയില്‍ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നാണ് ഒരാള്‍ വെളിപ്പെടുത്തിയത്.

യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട് അമൃത്സര്‍ വിമാനത്താവളത്തിലെത്തിയവരെ സഹായിക്കാനെത്തിയ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങള്‍ ടര്‍ബന്‍ നല്‍കുകയും ചെയ്തു.

ഞായറാഴ്ച എത്തിയ വിമാനത്തില്‍ പഞ്ചാബികള്‍ക്ക് പുറമെ 44 പേര്‍ ഹരിയാണ സ്വദേശികളും 33 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരുമായിരുന്നു. ആകെ 112 പേരെയാണ് ഞായറാഴ്ച ഇന്ത്യയിലെത്തിച്ചത്. ഈ സംഘത്തില്‍ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഇന്നലെ രാത്രി 10.03 ഓടെയാണ് വിമാനം എത്തിയത്.

ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി. ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്.

ഫെബ്രുവരി അഞ്ചിന് 104 പേരെയും, ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 116 പേരെയും സി-17 വിമാനത്തില്‍ കൊണ്ടുവന്നിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഒഴികെ മറ്റുള്ളവരെ വിലങ്ങണിയിച്ചാണ് കൊണ്ടുവന്നതെന്ന് ശനിയാഴ്ച വിമാനമിറങ്ങിയവര്‍ പറഞ്ഞു.

കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടിരുന്നുവെന്ന് പഞ്ചാബിലെ കുരാല കലാന്‍ സ്വദേശിയായ ദല്‍ജിത് സിംഗ് വെളിപ്പെടുത്തിയിരുന്നു.ആദ്യസംഘത്തെ വിലങ്ങ് അണിയിച്ച് കൊണ്ടുവന്നതിന്റെ പേരില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് ഇന്ത്യക്കാരെ വീണ്ടും വിലങ്ങണിയിച്ച് എത്തിച്ചത്.

പഞ്ചാബ് തരണ്‍ തരണ്‍ സ്വദേശിയായ ജസ്പാല്‍ സിംഗ് തനിക്ക് നേരിട്ട ചതിയെ കുറിച്ച് തുറന്നു പറഞ്ഞു. 44 ലക്ഷമാണ് ഏജന്റ് തട്ടിയെടുത്തത്. യാത്രാ ചെലവിന് ആറ് ലക്ഷത്തോളം വെറേയും ചെലവായി. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ യു.എസിലേക്ക് കടക്കാന്‍ പോകരുതെന്ന് ജസ്പാല്‍ സിംഗ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News