അവസാനലാപ്പില്‍ ഒപ്പമെത്തി ട്രംപ്; പുരുഷന്മാരും മുതിര്‍ന്നവരും മുന്‍ പ്രസിഡന്റിനൊപ്പം; കമലക്കൊപ്പം യുവാക്കളും സ്ത്രീ വോട്ടര്‍മാരും; കുടിയേറ്റവും ഗര്‍ഭച്ഛിദ്രവും വികസനവും മുഖ്യ ചര്‍ച്ച; ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത 4 ശതമാനം പേരുടെ വോട്ട് നിര്‍ണ്ണായകം; അമേരിക്കയില്‍ ഇഞ്ചോടിഞ്ച്

അമേരിക്കയില്‍ ഇഞ്ചോടിഞ്ച്

Update: 2024-10-30 16:41 GMT

നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ, മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍, അഭിപ്രായ സര്‍വേകളില്‍ 8 ശതമാനം വോട്ടിന്റെ പിന്നിലായിരുന്നു അയാള്‍. പക്ഷേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ തുടങ്ങിയതോടെ ട്രംപിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. പ്രായാധിക്യവും അനാരോഗ്യവും തിരിച്ചടിയാവുമെന്ന് കണ്ട് ബൈഡന്‍ പിന്മാറിയപ്പോള്‍, പകരം വന്നത് കമലാ ഹാരിസ് എന്ന കരുത്തയായ വനിതയായിരുന്നു. ഉരുളക്ക് ഉപ്പേരി പോലെ ട്രംപിന് മറുപടി പറഞ്ഞ് കമല ജ്വലിച്ചുനിന്ന സമയം. ഒക്ടോബര്‍ 22ന് റോയിട്ടേഴ്സ് പുറത്തിവിട്ട സര്‍വേയില്‍ ട്രംപിനേക്കാള്‍ 3 ശതമാനം പേരുടെ പിന്തുണ കമല ഹാരിസിനായിരുന്നു. 46 ശതമാനം പേര്‍ കമലയെ പിന്തുണച്ചപ്പോള്‍ ട്രംപിനൊപ്പം 43 ശതമാനം പേരായിരുന്നു.

എന്നാല്‍ നവംബര്‍ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലെത്തിയപ്പോള്‍, ട്രംപ് ഒപ്പത്തിനൊപ്പമെത്തുന്ന കാഴ്ചയാണ് കാണുന്നത്. ജോ ബൈഡന്റെ പിന്മാറ്റത്തിനുശേഷം, കമല ഹാരിസ് സ്ഥാനാര്‍ഥിയായതു മുതല്‍ അഭിപ്രായ സര്‍വേകളില്‍ അവര്‍ നേടിയ മുന്‍തൂക്കം തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കുറയുകയാണ്. ഏറ്റവും ഒടുവില്‍ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ഇരുവരും 48 ശതമാനം വോട്ട് നേടി തുല്യ നിലയിലാണ്. നാലുശതമാനം പേര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇവരായിരിക്കും അമേരിക്ക ആരും ഭരിക്കണമെന്ന് തീരുമാനിക്കുക.

ശരിക്കും ഇഞ്ചോടിച്ച് പോരാട്ടമാണ് ഇത്തവണ അമേരിക്കയില്‍ നടക്കുന്നത് എന്നതാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അതേ ചോദ്യം 2024ല്‍ വീണ്ടുമുയരുകയാണ്. അമേരിക്കക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാവുമോ? അന്ന് ഹിലരി ക്ലിന്റനും, ട്രംപും തമ്മിലായിരുന്നു മത്സരമെങ്കില്‍ ഇന്ന്, ഹിലരിയുടെ സ്ഥാനത്ത് കമല ഹാരിസാണെന്ന് മാത്രം.

അവസാനഘട്ടമാവുമ്പോള്‍ ട്രംപ് ഒരുപടി മുന്നിലെത്തുമെന്നും പ്രവചനമുണ്ട്. എന്നാല്‍, പതിയെ തുടങ്ങി കൊട്ടിക്കയറി ക്ലൈമാക്സില്‍ മാറിമറിയുന്ന ഒരു ത്രില്ലര്‍ സിനിമയോളം അപ്രതീക്ഷിതമായ ജനവിധികളുണ്ടായ ചരിത്രമുണ്ട് യു.എസ്സിന്. ഇത്തവണയും അതുപോലെ ഒരു ഫോട്ടോ ഫിനിഷാണ് രാജ്യം കാത്തിരിക്കുന്നത്.

സ്ത്രീകളും യുവാക്കളും കമലക്കൊപ്പം

സര്‍വേകളിലെ കമലയുടെ പിന്നോട്ടുപോക്ക് ഡെമോക്രാറ്റിക് ക്യാംപില്‍ ആശങ്കയായിട്ടുണ്ട്. അതേസമയം, സ്ത്രീ വേട്ടര്‍മാരില്‍ ഭൂരിഭാഗവും കമലയെ പിന്തുണയ്ക്കുന്നുവെന്നു സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 54% സ്ത്രീകള്‍ കമലയെ പിന്തുണയ്ക്കുമ്പോള്‍ 42% ആണ് ട്രംപിനുള്ള പിന്തുണ. പുരുഷ വോട്ടര്‍മാര്‍ക്കിടയില്‍ 55% പേരുടെ പിന്തുണയുമായി ട്രംപ് തന്നെയാണ് മുന്നില്‍. 41% പുരുഷന്മാരാണ് കമലയെ പിന്തുണയ്ക്കുന്നത്. യുവാക്കള്‍ കമലയെ പിന്തുണക്കുമ്പോള്‍ മുതിര്‍ന്ന വോട്ടര്‍മാര്‍ ട്രംപിനൊപ്പമാണ്.

റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും തമ്മിലുള്ള പോരാട്ടമാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍. പുരോഗമന നിലപാടുകളാണ് പൊതുവെ ഡോമോക്രാറ്റുകള്‍ എടുക്കാറുള്ളത്. അവിടെയാണ് കമലയുള്ളത്. എന്നാല്‍ യാഥാസ്ഥിതികരാണ് റിപ്പബ്ലിക്കന്‍മാര്‍. സ്ത്രീ വോട്ടര്‍മാരെ അങ്ങേയറ്റം സ്വാധീനിക്കുന്ന ഗര്‍ഭച്ഛിദ്ര അവകാശത്തില്‍പോലും പരമ്പരാഗത നിലപാടുകള്‍ക്കൊപ്പമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇന്ന് കുടിയേറ്റക്കാരോടും, വിശിഷ്യ ഇസ്ലാമിനോടുമൊക്കെയുള്ള ട്രംപിന്റെ സമീപനം പറയേണ്ടതില്ലല്ലോ. പക്ഷേ ഇത് തന്നെയാണ് ട്രംപിന്റെ പെട്ടിയില്‍ വോട്ട് വീഴിക്കുന്നതും. ഇസ്ലാമിക കുടിയേറ്റക്കാര്‍ സൃഷ്ടിക്കുന്ന പ്രശ്്നങ്ങളും, ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയുമൊക്കെയാണ്, അമേരിക്കന്‍ പ്രൈഡിനൊപ്പം അദ്ദേഹത്തിന്റെ പ്രചാരണ ആയുധം. റിപ്പബ്ബിക്കന്‍ പാര്‍ട്ടികളും ഡെമോക്രാറ്റുകളും ഒരുപോലെ ഇസ്രയേലിന്റെ പക്ഷത്താണെങ്കിലും, ഇസ്ലാമിനെ തീവ്രമായി എതിര്‍ക്കുന്ന ട്രംപിന് പിന്തുണ കുടാന്‍ പുതിയ ലോക രാഷ്ട്രീയം സഹായകരമായിട്ടുണ്ടെന്ന് വിലയിരുത്തലുണ്ട്.

അതുപോലെ കഴിഞ്ഞ തവണത്തെപ്പോലെ അമേരിക്കാ പ്രൈഡ് ഉയര്‍ത്തിക്കാട്ടിയും ട്രംപ് ഗോളടിക്കുന്നുണ്ട്. ചൈനയെ ചരുട്ടിക്കെട്ടി യുഎസിനെ് വ്യാപാര ഭീമനാക്കുമെന്നും അദ്ദേഹം തുറന്നടിക്കുന്നു. നികുതി നിരക്ക് കുറയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഊര്‍ജവിലയും പലിശയും കുറയും. ഇന്ധന, വൈദ്യുതി നിരക്കുകള്‍ താഴ്ത്തുമെന്നും വിലക്കയറ്റം നിയന്ത്രിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. സാധാരണക്കാരനും വീടും കാറും സ്വന്തമാക്കാനാകുമെന്നാണ് വാഗ്ദാനം. യു.എസ്സുമായി ബന്ധപ്പെട്ട വലിയ വിഷയമാണ് തോക്കുകള്‍ കൈവശം വയ്ക്കുന്നത്. ആയുധം വഹിക്കുന്നതില്‍ യാതൊരു തെറ്റും കാണാത്ത വ്യക്തിയാണ് ട്രംപ്. മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങളാല്‍ നിറഞ്ഞിരിക്കുന്ന നഗരങ്ങളെ പുനര്‍നിര്‍മിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ഇങ്ങനെയൊക്കെയുള്ള വന്‍ പ്രചാരണം നടത്തി വോട്ട് പിടിക്കാമെന്നാണ് ട്രംപ് കരുതുന്നത്. തീവ്ര അമേരിക്കന്‍ ദേശീയ വികാരം ഇളക്കിവിട്ട് യുവാക്കളുടെയും, മുതിര്‍ന്നവരുടെയും വോട്ട് ഒന്നിച്ച് പെട്ടിയിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നത് എന്നാണ് ദ ഗാര്‍ഡിയന്‍ എഴുതുന്നത്.

ഗര്‍ഭച്ഛിദ്ര വിവാദം വോട്ടാവുമോ?

തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗര്‍ഭച്ഛിദ്ര എന്നത് വലിയ വിഷയമായി മാറുകയാണ്.സ്ത്രീകളുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. അവരുടെ വോട്ടുകള്‍ ഏത് രീതിയില്‍ മാറുമെന്നത് പ്രവചനാതീതമാണ്. 45 വയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ ഭൂരിഭാഗം പേരെയും സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ പ്രധാനവിഷയങ്ങളിലൊന്ന് ഗര്‍ഭച്ഛിദ്ര അവകാശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഭരണഘടനാപരമായി അവകാശമുണ്ടായിരുന്നത് 2022-ല്‍ സുപ്രീം കോടതി അസാധുവാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറയുന്നത്. ഇതോടെ, ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരം കൈവന്നു. സ്ത്രീകളുടെ മൗലികാവകാശത്തെ ലംഘിക്കുന്നവിഷയത്തില്‍ രാജ്യത്തെങ്ങും വന്‍ പ്രതിഷേധം അരങ്ങേറി. യു.എസിനെ സംബന്ധിച്ച് മോശം ദിവസങ്ങളില്‍ ഒന്നാണ് ഇത് എന്നായിരുന്നു ബൈഡന്റെ അന്നത്തെ പ്രതികരണം. എന്നാല്‍ റിപ്പബ്ലിക്കുകള്‍ക്ക് ഇതില്‍ അനുകൂല നിലപാടായിരുന്നു.

അതേസമയം, ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളായി പോരാടുന്ന വ്യക്തിയാണ് കമല ഹാരിസ്. ഈ അവകാശത്തിനായുള്ള സ്വയം സംരക്ഷകരമായി നിലയുറപ്പിക്കുകയാണ് ഡെമോക്രാറ്റുകള്‍. കമല ഹാരിസിന് വേണ്ടി പ്രചാരണത്തിനെത്തിയ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും കഴിഞ്ഞ ദിവസം ഇതേ വിഷയം ഉയര്‍ത്തിക്കാട്ടി ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. ഭാവി ട്രംപിന് കൈമാറരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹം രാജ്യത്തുടനീളം ഗര്‍ഭച്ഛിദ്രം നിരോധിക്കുമെന്നും സ്ത്രീവോട്ടര്‍മാരോട് മിഷേല്‍ പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയില്‍ അടക്കം വൈറലായിരുന്നു. കമലക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ് ഇത്. സ്വതവേ സ്ത്രീവിരുദ്ധന്‍ എന്ന് പ്രതിച്ഛായായോടെ ട്രംപിനെതിരെ വനിതകളുടെ വോട്ട് കൂട്ടമായി വീണാല്‍ അദ്ദേഹത്തിന്റെ സാധ്യതകള്‍ ഇല്ലാതാവുമെന്നാണ് ദ ഗാര്‍ഡിയന്‍ വിലയിരുത്തുന്നത്.

Tags:    

Similar News