ചായക്കടയില്‍ ജോലിക്ക് പോയാല്‍ രാത്രി എത്തുന്ന ഭര്‍ത്താവ്; മകന്‍ പഠിക്കാനും പോകും; അയലത്തെ വീട്ടിലെ പയ്യന്റെ അച്ഛനും അമ്മയ്ക്കും ജോലിയുമുണ്ട്; ഈ സാഹചര്യം 45കാരിയേയും 27കാരനേയും അടുപ്പിച്ചു; 'നിധിന്‍ ചേട്ടന്റെ' അസ്വാഭാവിക ഫോണ്‍ വിളിയില്‍ എല്ലാം തകര്‍ന്നു; പൊട്ടിയ മാല കിട്ടിയത് തുമ്പായി; ഫോണില്‍ ഗൂഡാലോചനയും തെളിഞ്ഞു; മുണ്ടൂരില്‍ സന്ധ്യയേയും നിധിനേയും കുടുക്കിയത് പോലീസ് ബ്രില്ല്യന്‍സ്
തൃശൂര്‍: കേരളാ പോലീസിന് വീണ്ടും കൈയ്യടിക്കാം. തൃശൂര്‍ മുണ്ടൂരില്‍ എഴുപത്തിയഞ്ചുകാരി തങ്കമണി കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കുടുക്കിയത് അന്വേഷണ മികവാണ്. ആര്‍ക്കും അറിയില്ലായിരുന്ന തങ്കമണിയുടെ മകളുടെ അവിഹിതം പോലീസ് കണ്ടെത്തി. കാമുകനേയും തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇതേ കാമുകന്‍ തന്നെയാണ് 'തങ്കമണി ചേച്ചി വീണുകിടക്കുന്നു'വെന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി നാട്ടുകാരെ ആകെ അറിയിച്ചത്. പോലീസിന് ഫോണ്‍ ചെയ്യതും നിധിന്‍. അതിന് ശേഷം ശബരിമലയിലേക്ക് മുങ്ങി. ഇതിലെ അസ്വാഭാവികതകളാണ് പോലീസിന് തെളിവായി മാറിയത്. വീട്ടില്‍ പൊലീസ് എത്തിയതും അയല്‍പക്കത്തെ 'നിധിന്‍ ചേട്ടന്‍' പതിവായി വിളിച്ച് വിവരങ്ങള്‍ ചോദിച്ച കാര്യം സന്ധ്യയുടെ മകന്‍ വെളിപ്പെടുത്തി. എന്താണ് ചോദിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോള്‍ 'പൊലീസ് നായ വന്നോ. വിരലടയാള വിദഗ്ധര്‍ വന്നോ' എന്നായിരുന്നുവെന്ന് അറിഞ്ഞു. തൃശൂര്‍ എ.സി.പി കെ.ജി.സുരേഷും പേരാമംഗലം ഇന്‍സ്‌പെക്ടര്‍ രതീഷും അവിടെ നിന്നും അന്വേഷണത്തിന് പുതു മാനം നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തു ഞെരിച്ച് കൊല മനസ്സിലാക്കിയതോടെ എല്ലാം തെളിഞ്ഞു. അവിഹിതവും പുറത്തെത്തി.
കഴുത്തു ഞെരിച്ചും ശ്വാസംമുട്ടിയുമായിരുന്നു തങ്കമണിയുടെ മരണം. തങ്കമണി ചേച്ചിയുടെ മരണം പുറലോകത്തെ അറിയിച്ച് നിധിന്‍ ശബരിമല ദര്‍ശനത്തിനായി പോയി. തിരിച്ചു വന്നത് വീട്ടിലേക്കുമല്ല. സഹോദരിയുടെ വീട്ടിലേക്കാണ് നിധിന്‍ പോയത്. ശബരിമലയിലേക്ക് പോയ ബസിന്റെ ഡ്രൈവറാണ് നിധിന്‍ പെങ്ങളുടെ വീട്ടിലിറങ്ങിയെന്ന് അറിയിച്ചത്. ഉടനെ നിധിനെ കസ്റ്റഡിയിലെടുത്തു. ഫോണ്‍ പരിശോധിച്ചു. ഇതോടെ സന്ധ്യയുമായുള്ള സൗഹൃദം തെളിഞ്ഞു. ഗൂഗിള്‍ പേ വഴി നിധിന് പലപ്പോഴായി പണം അയച്ചു കൊടുത്തിട്ടുണ്ട്. മാത്രവുമല്ല, നിരന്തരം ഫോണ്‍ വിളികളും. തങ്കമണി കൊല്ലപ്പെട്ട ദിവസവും രാത്രിയും പുലര്‍ച്ചെയുമെല്ലാം ഫോണില്‍ സംസാരിച്ചു. ഇതെല്ലാം മനസ്സിലാക്കി സന്ധ്യയേയും ചോദ്യം ചെയ്തു. തങ്കമണിയുടെ ആഭരണങ്ങള്‍ എവിടെ എന്ന ചോദ്യത്തിനും ഇരുവരും ഉത്തരം പറഞ്ഞില്ല. പൊലീസ് സന്ധ്യയുടെ വീട്ടില്‍ പരിശോധന നടത്തി. തങ്കമണിയുടെ മാലയുടെ പൊട്ടിയഭാഗം അലമാരയില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ ആഭരണത്തില്‍ ദുരൂഹത കൂടി.
സന്ധ്യയുടെ ഗൂഗിള്‍ പേ വഴി പണം നിധിന്‍ കൈപ്പറ്റിയിരുന്നു. ഈ തുക അമ്മയ്ക്കും സഹോദരിക്കും അയച്ചിരുന്നു. അമ്മയെയും സഹോദരിയെയും പ്രതിയാക്കുമെന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ തങ്കമണിയുടെ ആഭരണങ്ങള്‍ മുണ്ടൂരിലെ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയെന്നും ഒന്നേക്കാല്‍ ലക്ഷം രൂപ കിട്ടിയെന്നും അറിയിച്ചു. കടംവീട്ടിയെന്നും മിച്ചം വന്ന പണം ശബരിമല പോകാന്‍ ഉപയോഗിച്ചെന്നും നിധിന്‍ കുറ്റസമ്മതം നടത്തി. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു സന്ധ്യയും നിധിനും. നിധിന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. സന്ധ്യയാകട്ടെ ജോലിക്കു പോകുന്നില്ല. അതായത് രാവിലെ സന്ധ്യയും നിധിനും അടുത്തടുത്ത് ഒറ്റയ്ക്ക്. നിധിന്റെ വീട്ടില്‍ ഇരുവരും പതിവായി കണ്ടുമുട്ടി. സന്ധ്യയുടെ ഭര്‍ത്താവ് ഹോട്ടല്‍ തൊഴിലാളിയാണ്. രാവിലെ പണിക്ക് പോയാല്‍ രാത്രി വൈകിയേ വരൂ. മകനും പഠിക്കാന്‍ പോകും. അങ്ങനെ വളരെ മുമ്പ് തന്നെ ഇവര്‍ പ്രണയത്തിലായി.
ശനിയാഴ്ച പകല്‍ നേരം തങ്കമണി വീടിന്റെ പുറകില്‍ നില്‍ക്കുമ്പോഴായിരുന്നു കഴുത്തുഞെരിച്ച് കൊന്നത്. മരിച്ചെന്ന് ഉറപ്പായ ശേഷം മൃതദേഹം നേരെ കട്ടിലില്‍ കൊണ്ടുവന്ന് കിടത്തി. രാത്രിയില്‍ ഉറങ്ങുന്നതിനിടെ പുറത്തേയ്ക്കു പോയ തങ്കമണി ഉരലില്‍ തലയിടിച്ചു വീണെന്ന് വരുത്താനായിരുന്നു പദ്ധതി. രാത്രി ഭര്‍ത്താവ് വന്നപ്പോള്‍ അമ്മ ഉറക്കായമെന്ന് സന്ധ്യ പറഞ്ഞു. അതു വിശ്വസിക്കുകയും ചെയ്തു. മകനേയും അങ്ങനെയാണ് അറിയിച്ചത്. അര്‍ധരാത്രി നിധിന്‍ വീണ്ടും സന്ധ്യയുടെ അടുത്തെത്തി. കട്ടിലില്‍ കിടന്ന മൃതദേഹം നേരെ ഉരലിനു സമീപത്ത് കൊണ്ടുവന്ന് കിടത്തി. നേരംപുലര്‍ന്ന ഉടനെ 'തങ്കമണി ചേച്ചി വീണുകിടക്കുന്നു'വെന്ന് നിതിന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തലയിടിച്ച് വീണതാകാമെന്ന് പ്രചരിപ്പിച്ചു. പിന്നീട് ശബരിമലയ്ക്കും പോയി.
പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. തങ്കമണിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഊരിവച്ചതാണെന്നും സന്ധ്യ പൊലീസിനേയും ബന്ധുക്കളേയും ധരിപ്പിച്ചു. അതുകൊണ്ട് സംശയം തോന്നിയില്ല. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ കണ്ടെത്തലും കൊലപാതകമെന്ന് ഉറപ്പിച്ചു. ഇതിനിടെയാണ് നിധിന്റെ ഫോണ്‍ വിളിയെ കുറിച്ച് സന്ധ്യയുടെ മകന്‍ പറഞ്ഞത്, അങ്ങനെ സ്വാഭാവിക മരണമായി മാറേണ്ട സംഭവം കൊലപാതകമായി. സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, തൃശൂര്‍ എ.സി.പി. കെ.ജി. സുരേഷ്, പേരാമംഗലം ഇന്‍സ്‌പെക്ടര്‍ രതീഷ്, എസ്.ഐ. അജ്മല്‍, സ്‌ക്വാഡ് അംഗങ്ങളായ ദീപക്കും ഹരീഷും അടങ്ങുന്ന പൊലീസ് സംഘത്തിന്റെ മികവാണ് കേസില്‍ നിര്‍ണ്ണായകമായത്.
ചെറുപ്പത്തിലെ വിധവയായ തങ്കമണി രണ്ടു മക്കളുണ്ടായിരുന്നു. ഇതില്‍ മകന്‍ നേരത്തെ മരിച്ചു. പിന്നെ തന്റെ ഏക മകള്‍ക്കു വേണ്ടിയായിരുന്നു അവരുടെ ജീവിതം. അതാണ് മകളുടെ അവിഹിതം തകര്‍ത്തത്. നിധിനും സന്ധ്യയും തമ്മിലെ അടുപ്പം തങ്കമണിയ്ക്ക് അറിയാമായിരുന്നുവെന്നും സൂചനകളുണ്ട്.
