പ്രായമായവരെ വെയിലത്ത് നിര്‍ത്തി എസ്‌ഐആര്‍ ഫോം വിതരണം; നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ച് ബിഎല്‍ഒ; സംഭവങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്യുന്നത് കണ്ടതോടെ 'എന്നാ ഇതുകൂടി എടുത്തോ' എന്നുപറഞ്ഞ് ക്യാമറയ്ക്ക് നേരെ മുണ്ടുയര്‍ത്തി കാട്ടി; തിരുരില്‍ ബിഎല്‍ഒയെ ചുമതലയില്‍ നിന്ന് മാറ്റി

ബിഎല്‍ഒ മുണ്ടുയര്‍ത്തി കാട്ടി

Update: 2025-11-25 06:33 GMT

മലപ്പുറം: എസ്.ഐ.ആര്‍. എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കെതിരെ (ബി.എല്‍.ഒ.) ജില്ലാ ഭരണകൂടം നടപടിയെടുത്തു. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. വാസുദേവനെയാണ് ചുമതലയില്‍ നിന്ന് നീക്കിയത്. സംഭവത്തില്‍ വാസുദേവനോട് വിശദീകരണം തേടുമെന്നും ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.ഐ.ആര്‍. എന്യൂമേറഷന്‍ ഫോം വിതരണം ചെയ്യുന്നതിനിടെ പ്രായമുള്ളവരടക്കം വെയിലത്ത് വരിയില്‍ നിര്‍ത്തിയതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് ബി.എല്‍.ഒ.യെ പ്രകോപിപ്പിച്ചത്.

പ്രായമുള്ളവരെയും മറ്റും വെയിലത്ത് വരിയില്‍ നിര്‍ത്തി ഫോം വിതരണം നടത്തുന്നതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഫോം വീട്ടില്‍ കൊണ്ടുവന്ന് വിതരണം ചെയ്തുകൂടെ എന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസറോട് പരാതി പറയാനായിരുന്നു ബി.എല്‍.ഒ.യുടെ മറുപടി

സംഭവങ്ങള്‍ നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ഉദ്യോഗസ്ഥന്‍ തന്റെ ഫോണെടുത്ത് തിരികെ വിഡിയോ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് തുടര്‍ച്ചയായ പ്രകോപനം ഉണ്ടായതോടെ ബി.എല്‍.ഒ. എഴുന്നേറ്റുനിന്ന് ക്യാമറയ്ക്ക് നേരെ ഉടുമുണ്ട് ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീകള്‍ ഈ ദൃശ്യം കണ്ട് മുഖം മാറ്റുകയും ചെയ്തു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബി.എല്‍.ഒ. വാസുദേവന്റെ ഈ അപമര്യാദയായ പ്രവൃത്തി. വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ഉടന്‍ നടപടി സ്വീകരിച്ചത്. വിശദീകരണം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

ജോലി സമ്മര്‍ദ്ദം കാരണം ബി.എല്‍.ഒ.മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആത്മഹത്യകളെക്കുറിച്ചും വാര്‍ത്തകള്‍ വരുന്നതിനിടെയാണ് പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥന്റെ വിഡിയോ പുറത്തുവന്നിരിക്കുന്നത്. ഈ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News