എസ്എസ്‌കെ ഫണ്ട് നല്‍കണം; രണ്ടു വര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല; കേരളത്തിന് ഫണ്ട് ലഭിക്കാതിക്കാന്‍ കേന്ദ്രത്തില്‍ രണ്ട് സഹമന്ത്രിമാര്‍ ഇടപെടുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം; ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി
എസ്എസ്‌കെ ഫണ്ട് നല്‍കണം; രണ്ടു വര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല
തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ട് നല്‍കണം എന്നാവശ്യപ്പെട്ട് കന്ദ്രത്തിന് വീണ്ടും കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടുവര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നും വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഈ മാസം ഒന്നാം ഗഡു ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടാണിത്. ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദമാണ് ഫണ്ട് വൈകാന്‍ കാരണം എന്നാണ് മന്ത്രിയുടെ ആരോപണം.
രണ്ട് കേന്ദ്ര സഹമന്ത്രിമാരും രാജീവ് ചന്ദ്രശേഖറും മറുപടി പറയണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേരളത്തിന് ഫണ്ട് ലഭിക്കാതിരിക്കാനാണ് ഇടപെടല്‍. കേന്ദ്രത്തില്‍ രണ്ട് സഹമന്ത്രിമാരും ഇടപെടുന്നുണ്ട്. തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
എസ്ഐആറിന് വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതിനെതിരെയും മന്ത്രി രംഗത്തെത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തെ ഇത് ബാധിക്കും. ഇത്തരം ഉത്തരവാദിത്തം കുട്ടികളെ ഏല്‍പ്പിക്കരുത്. ഒരുകാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസത്തെ ഇത് തടസ്സപ്പെടുത്തും. പൊതുപരീക്ഷകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. പരീക്ഷ അടക്കമുള്ള കാര്യങ്ങളെ ഇത് ബാധിക്കും. കുട്ടികളുടെ പഠനസമയം സംരക്ഷിക്കണം. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും വി ശിവന്‍കുട്ടി ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ പുതിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിലും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മറുപടി പറയണം. എല്ലാവരും ഒഴിഞ്ഞുമാറുന്നത് എന്തെന്നറിയില്ല. കെ മുരളീധരന് രാഹുല്‍ ചെയ്തതില്‍ തെറ്റുണ്ടെന്ന് ബോധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.