'തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ? കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടത്തില്‍ ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ? വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വെക്കണോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

'തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ?

Update: 2025-07-05 12:03 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാകുകയാണ്. ഇതിനിടെ പ്രതിഷേധങ്ങളെ തളളിക്കൊണ്ട് മന്ത്രി വി എന്‍ വാസവന്‍ രംഗത്തുവന്നു. തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് മന്ത്രി വാസവന്റെ പ്രതിരോധം.

''അപകടം ഉണ്ടായതിന്റെ പേരില്‍ മന്ത്രി രാജി വയ്ക്കണം എന്നുണ്ടോ. കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടം ഉണ്ടായി. അന്ന് ആരെങ്കിലും ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ. വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ''- എന്നും മന്ത്രി വി എന്‍ വാസവന്‍ ചോദിച്ചു.

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാകുകയാണ്. അങ്കമാലിയില്‍ മന്ത്രി വി എന്‍ വാസവനെതിരെയും പ്രതിഷേധം അരങ്ങേറി. അങ്കമാലിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി.

അങ്കമാലി അഡ്‌ലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അന്തര്‍ദേശീയ സഹകരണ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി ദേശീയപാതയിലേക്ക് പ്രവേശിച്ചയുടനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൈലറ്റ് വാഹനത്തിന് പിന്നില്‍ നിന്ന് മന്ത്രിയുടെ വാഹനം തടഞ്ഞത്.

20 സെക്കന്റോളം മന്ത്രിയെ റോഡില്‍ തടഞ്ഞിട്ടു. ഉടന്‍ പൊലീസ് പാഞ്ഞടുത്ത് പ്രവര്‍ത്തകരെ റോഡില്‍ നിന്ന് നീക്കി മന്ത്രിക്ക് യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനൊരുങ്ങിയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് അറസ്റ്റിലായത്.

ആരോഗ്യമന്ത്രിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഡിഎംഒ ഓഫീസിലേക്ക് ഉള്‍പ്പെടെ പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. വയനാട് മെഡിക്കല്‍ കോളേജില്‍ റീത്ത് വച്ചയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

Tags:    

Similar News