'കണ്ണേ...കരളേ...വിഎസ്സേ.. ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...'; നെഞ്ചുപൊട്ടി മുദ്രാവാക്യം വിളിച്ച് തലസ്ഥാനം വിഎസ്സിന് വിട നല്‍കി; വിലാപയാത്ര ആലപ്പുഴയിലേക്ക് തിരിച്ചു; പ്രിയസഖാവിനെ ഒരുനോക്കു കാണാന്‍ വഴിയരില്‍ കാത്തു നില്‍ക്കുന്നത് ആയിരങ്ങള്‍; സമര സൂര്യന് അന്ത്യവിശ്രമം നാളെ പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍

'കണ്ണേ...കരളേ...വിഎസ്സേ.. ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...'

Update: 2025-07-22 09:14 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് തലസ്ഥാനത്ത നഗരമായ തിരുവനന്തപുരത്തു നിന്നും മടക്കം. ഇനിയൊരു മടങ്ങിവരവില്ലാത്ത മടക്കത്തിലാണ് അദ്ദേഹം. ഔദ്യോഗിക ബഹുമതികളോടെ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം ദര്‍ബാര്‍ ഹാളില്‍ നിന്നും വിലാപയാത്രയ്ക്കായി പുറത്തേക്കെടുത്തു. ഇനി നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സ്ഥലങ്ങളിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ വിലാപയാത്രയ്ക്കൊപ്പം പങ്കെടുക്കുന്നുണ്ട്.

ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസില്‍. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങള്‍ക്ക് കാണാനും ഉള്ളില്‍ കയറി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.

സാധാരണ കെഎസ്ആര്‍ടിസി ബസില്‍നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള എ.സി. ലോ ഫ്ളോര്‍ ബസാണ് വി.എസ്. അച്യുതാനന്ദന്റെ അന്ത്യയാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വിഎസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുഷ്പങ്ങളാല്‍ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകള്‍ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസില്‍ ജനറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ സാരഥികളാവുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ടി.പി.പ്രദീപും, വികാസ് ഭവന്‍ ഡിപ്പോയിലെ കെ.ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവര്‍മാര്‍ സിറ്റി ഡിപ്പോയിലെ എച്ച്.നവാസും, പേരൂര്‍ക്കട ഡിപ്പോയിലെ വി.ശ്രീജേഷുമാണ്.

'കണ്ണേ...കരളേ...വിഎസ്സേ.. ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ... മുദ്രാവാക്യങ്ങളുമായായാണ് പ്രവര്‍ത്തകര്‍ പാതയരോരങ്ങളില്‍ വിഎസിന് വിട നല്‍കുന്നത്. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി വഴിയോരത്ത് കാത്തുനില്‍ക്കുന്നത്. ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകും. വീട്ടില്‍ പൊതുദര്‍ശനം. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.

കവടിയാറിലെ വസതിയില്‍ നിന്നും വിലാപയാത്രയായി ഇന്ന് രാവിലെ ദര്‍ബാര്‍ ഹാളിലെത്തിച്ച വി എസിന്റെ മൃതദേഹം ഒരുനോക്കു കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും അണമുറിയാതെ ജനസഹസ്രങ്ങളാണ് എത്തിയത്. വിഎസിന്റെ ജീവിതം പകര്‍ന്ന അനുഭവങ്ങളുടെ ഊര്‍ജം ഏറ്റുവാങ്ങി, തങ്ങളുടെ സമരസൂര്യന് കടലിരമ്പംപോലെ മുദ്രാവാക്യം വിളിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രിമാര്‍, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മറ്റു രാഷ്ട്രീയ നേതാക്കള്‍, മത-സാമുദായിക- സാമൂഹ്യ-സാംസ്‌കാരിക പ്രമുഖര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരാണ് വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി ദര്‍ബാര്‍ ഹാളില്‍ എത്തിയത്.

ബുധനാഴ്ച സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ വിഎസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും സമരനായകനെ ഒരുനോക്കു കാണാനായി വിഎസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തലസ്ഥാന നഗരിയില്‍ നിന്നുള്ള വിലാപയാത്ര തിരുവനന്തപുരത്ത് 27 ഇടത്ത് ജനങ്ങള്‍ക്ക് ാെരു നോക്കു കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി നിര്‍ത്തുന്നതാണ്. പൊതു ദര്‍ശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Tags:    

Similar News