'ജീവിക്കുന്നു ഞങ്ങളിലൂടെ...'; വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അണമുറിയാതെ ജനക്കൂട്ടം; കാസര്‍കോട് മുതലുള്ള ജനങ്ങള്‍ ആലപ്പുഴയില്‍; വേലിക്കകത്ത് വീട്ടിലേക്കും അവസാനമായി എത്തി വിഎസ്; പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിലും റിക്രിയേഷന്‍ ക്ലബ്ബ് ഗ്രൗണ്ടിലും പൊതുദര്‍ശനം നടക്കും; സിപിഎമ്മിന്റെ സ്ഥാപക നേതാവിനെ ഏറ്റുവാങ്ങാനൊരുങ്ങി വലിയ ചുടുകാട്
സിപിഎമ്മിന്റെ സ്ഥാപക നേതാവിനെ ഏറ്റുവാങ്ങാനൊരുങ്ങി വലിയ ചുടുകാട് .
ആലപ്പുഴ: വിഎസിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്ര പുന്നപ്രയിലെ വേലക്കകത്തെ വീട്ടിലെത്തി. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്രയുടെ വിപ്ലവ മണ്ണിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വിഎസിനായി ഇവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാസര്‍കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തിയിരുന്നു. ഇവരെല്ലാം റോഡരികിലും ഡിസി ഓഫീസിലും റിക്രിയേഷന്‍ ക്ലബ് ഗ്രൗണ്ടിലും കാത്തു നില്‍ക്കുകയാണ്.
ജനസാഗരത്തിന്റെ കണ്ണായും കരളുമായാണ് വിഎസ് ആലപ്പുഴയിലെ വിപ്ലവ മണ്ണിലേക്ക് എത്തിയത്. നൂറുചുവപ്പന്‍ ഓര്‍മകള്‍ സ്മരണകളിലേക്കെത്തിച്ച ചരിത്രയാത്ര. കൊല്ലം കടന്ന് ആലപ്പുഴയുടെ മണ്ണിലേക്ക് വിലാപയാത്ര എത്തിയപ്പോള്‍ എതിരേറ്റത് തൊഴിലാളികള്‍ അടക്കമുള്ളവരുടെ നീണ്ടനിരയായിരുന്നു. പുന്നപ്രയുടെ ആകാശം ഇന്നു പല തവണ മേഘാവൃതമായെങ്കിലും തിമിര്‍ത്തു പെയ്തില്ല. അവസാനമായി വിഎസിനെ കാണാന്‍ പറവൂരിലെ വീട്ടിലേക്ക് ജനമൊഴുകിയെത്തി.
വീട്ടിലെ പൊതുദര്‍ശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ജനപ്രവാഹം ശക്തമായതോടെ സമയം വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശന സമയവും കുറച്ചിട്ടുണ്ട്. തിരക്ക് വര്‍ധിച്ചതിനാല്‍, ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തില്‍ പങ്കാളികളാകണമെന്ന് നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുണ്ട്. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു കൊണ്ടുപോകും.
വേലിക്കകത്ത് വീട്ടില്‍ തടിച്ചു കൂടിയ ഓരോരുത്തരും പ്രിയ സഖാവിന്റെ ഓര്‍മകള്‍ നെഞ്ചോടു ചേര്‍ത്തു. വിഎസിനെ കാണാനും പരാതികളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കാനും എത്തിയ വീട്ടില്‍ അവര്‍ സഖാവിനെ അവസാനമായി കാണാന്‍ കാത്തുനിന്നു. വിഎസ് എന്ന സമുദ്രത്തിലേക്ക് ചെറുപുഴകളെപോലെ ജനക്കൂട്ടം ഒഴുകിയെത്തിയപ്പോള്‍ വിലാപയാത്ര പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് ഓരോ പോയിന്റും കടന്നത്. രാത്രിയോടെതന്നെ പൊതുദര്‍ശനത്തിനുള്ള പ്രത്യേക പന്തല്‍ വീട്ടില്‍ തയാറായി. പൊലീസും റെഡ് വൊളന്റിയര്‍മാരും ചേര്‍ന്നു തിരക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇന്നലെ രാത്രി 10.10ന് വിഎസിന്റെ ഭാര്യ വസുമതി, മകള്‍ ഡോ. വി.വി.ആശ, മരുമകള്‍ ഡോ. രജനി ബാലചന്ദ്രന്‍ എന്നിവര്‍ വേലിക്കകത്ത് വീട്ടിലെത്തി.
വിഎസ് ഹൃദയത്തോടു ചേര്‍ത്തുവച്ച ഇടമായിരുന്നു ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ പി.കൃഷ്ണപിള്ള സ്മാരക മന്ദിരം. അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ വാങ്ങിയ ഭൂമിയില്‍ 4 പതിറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചതാണ് ഈ ഓഫിസ്. രാഷ്ട്രീയ ഗുരുവായ പി.കൃഷ്ണപിള്ളയുടെ പേരിലുള്ള ആ ഓഫിസിലേക്ക് വിഎസ് ഇന്ന് അവസാനമായി എത്തും.
പുന്നപ്ര വയലാര്‍ സമരഭടന്‍മാരുടെ ധീരസ്മരണകള്‍ ജ്വലിക്കുന്ന വലിയ ചുടുകാട് വിഎസിനെ ഏറ്റുവാങ്ങാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെയും പി.കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളുടെയും സ്മൃതികുടീരങ്ങള്‍ക്കരികിലാണ് വി.എസ്.അച്യുതാനന്ദന് അന്ത്യവിശ്രമം. പുന്നപ്ര വയലാര്‍ സമരനായകനായ വി.എസ്.അച്യുതാനന്ദന്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി ഈ മണ്ണിലായിരുന്നു. പി.കൃഷ്ണപിള്ള, എം.എന്‍. ഗോവിന്ദന്‍നായര്‍, സി.കെ. ചന്ദ്രപ്പന്‍, ആര്‍.സുഗതന്‍, കെ.ആര്‍. ഗൗരിയമ്മ അടക്കമുള്ള നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നത് വലിയചുടുകാട്ടിലാണ്.