വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണം; മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; സ്‌കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാനും അധികാരമുണ്ട്; നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാള്‍ വലുതല്ലെന്നും വി ശിവന്‍കുട്ടി
വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിനോടു നിര്‍ദേശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ദിവസത്തിനകം സ്‌കൂള്‍ മറുപടി നല്‍കണം. സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ സ്‌കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാല്‍ നോട്ടിസ് നല്‍കി പുതിയ മാനേജരെ നിയമിക്കാം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്‌കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മുഖേന വീടു നിര്‍മിച്ചു നല്‍കും. ഇളയ കുട്ടിയുടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഫീസ് ഉള്‍പ്പെടെ ഒഴിവാക്കി ഉത്തരവിറക്കും. മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസവകുപ്പ് മൂന്നു ലക്ഷം രൂപ സഹായം നല്‍കും. മുഖ്യമന്ത്രി എത്തിയ ശേഷം തുടര്‍സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തും. സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം. ഇക്കര്യത്തില്‍ തദ്ദേശവകുപ്പിന്റെ നിലപാട് അറിയാന്‍ തദ്ദേശവകുപ്പ് മന്ത്രിയുമായി ബന്ധപ്പെടും. സ്‌കൂള്‍ നടത്തിപ്പിന്റെ മേല്‍നോട്ടം തദ്ദേശവകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തില്‍ എത്തിയ ശേഷം സഹായവമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച കൊല്ലത്തെ തേവലക്കര ബോയ്‌സ് എച്ച് എസില്‍ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ സ്‌കൂളിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. ഇത്രയും വര്‍ഷമായി വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നത് വീഴ്ചയായി ബാലാവകാശ കമ്മീഷന്‍ കാണുന്നുവെന്ന് കെ വി മനോജ് കുമാര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും വീഴ്ച പറ്റിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തവലക്കര ബോയ്‌സ് എച്ച്.എസിലെ തകര ഷീറ്റ് പാകിയ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുനാണ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കറ്റ് ഇന്നലെ മരിച്ചത്. വിളന്തറ മനുഭവനില്‍ മനുവിന്റെയും സുജയുടെയും മൂത്തമകനാണ്. സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂളാണിത്. എട്ടുവര്‍ഷം മുമ്പ് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ് ക്ലാസ് മുറിയോട് ചേര്‍ന്ന് വൈദ്യുതി ലൈനിന് താഴെയായി സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചത്. ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടം.