ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി വെല്‍ഡിംഗ് വര്‍ക്കിനൊപ്പം മോഷണം; ക്യാമറയില്‍ പതിഞ്ഞ കഷണ്ടിതലയും ടീഷര്‍ട്ടും തിരിച്ചറിഞ്ഞു; കുറ്റസമ്മതം കത്തിച്ച ടീഷര്‍ട്ടിന്റെയും ഗ്‌ളൗസിന്റെ ഭാഗങ്ങള്‍ പൊലീസ് കാണിച്ചതോടെ; ബംഗളൂരു വരെ എത്തിയ അന്വേഷണം അയലത്തെ കള്ളനില്‍ അവസാനിക്കുമ്പോള്‍

കത്തിക്കരിഞ്ഞ ആ തെളിവ്, പിന്നാലെ ലിജീഷിന്റെ കുറ്റസമ്മതം

Update: 2024-12-02 07:56 GMT

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വീട് കുത്തിതുറന്ന് 300 പവനും ഒരു കോടിയും മോഷ്ടിച്ച അയല്‍വാസിയായ കള്ളനെ കൃത്യം നടന്ന് പന്ത്രണ്ടാം ദിവസമാണ് അന്വേഷണ സംഘം പിടികൂടിയത്. കോഴിക്കോട് മുതല്‍ ബംഗളൂരു വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനിടെ അയല്‍ക്കാരനായ കള്ളനിലേക്ക് സംശയം എത്തിയതും ഒടുവില്‍ പിടിയിലാകുന്നതിന് സഹായമായതുമാവട്ടെ സിസിടിവി ദൃശ്യങ്ങളില്‍ പ്രദേശവാസികള്‍ നല്‍കിയ വിവരങ്ങളാണ്.

ഇക്കഴിഞ്ഞ 20ാം തീയതിയാണ് മോഷണം നടക്കുന്നത്. പക്ഷേ മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. അതുകൊണ്ടുതന്നെ തെളിവുകള്‍ കണ്ടെത്തുന്നത് പൊലീസിന് അല്‍പം വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത് തന്നെയാണ് ലിജീഷ് താമസിക്കുന്നത്. ലിജീഷ് അടക്കം പ്രദേശവാസികളായ 215 കേസുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തു. കോഴിക്കോട് മുതല്‍ ബംഗളൂരു വരെയുള്ള സിസിടിവ് ദൃശ്യങ്ങള്‍ പരിശോധിച്ചു. സമാനമായ രീതിയില്‍ ഭവനഭേദനം നടന്ന പഴയ 63 കേസുകള്‍ എന്നിവയെല്ലാം അന്വേഷണസംഘം പരിശോധിച്ചു.

ഒടുവിലാണ് റൂമില്‍ നിന്ന് പ്രതി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായത്. പിന്നീട് ഇത് കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ അന്വേഷണം.രണ്ടുതവണയാണ് ലിജീഷ് അയല്‍പക്കത്തെ അരി വ്യാപാരിയുടെ വീട്ടില്‍ മോഷണത്തിന് കയറിയത്. രണ്ടും ഒരേ സമയങ്ങളില്‍. വീടിനെ കുറിച്ച് നന്നായി അറിയാവുന്ന, വീട്ടില്‍ ആള്‍ ഉടനൊന്നും വരില്ലെന്ന് കൃത്യമായി ബോധ്യമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന് ഇതോടെ പൊലീസിന് ബോധ്യപ്പെട്ടു.

അങ്ങനെയാണ് ലീജിഷിന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സിസിടിവിയില്‍ ലിജീഷിന്റെ ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നു. ഇയാളുടെ ശരീരഭാഷ മനസിലാക്കുന്നതിനായി നാട്ടിലെ പലര്‍ക്കും ദൃശ്യങ്ങള്‍ അന്വേഷണ സംഘം കൈമാറി. അങ്ങനെയാണ് ഈ രൂപത്തിന് ലിജീഷുമായി സാദൃശ്യങ്ങളുണ്ടെന്ന് ചിലര്‍ വിവരം നല്‍കുന്നത്.

കൃത്യം നടത്തിയ സമയത്ത് ലിജീഷ് ധരിച്ച ടീഷര്‍ട്ട് ആയിരുന്നു മറ്റൊരു സുപ്രധാന തെളിവ്. ഇതേ ടീഷര്‍ട്ട് നേരത്തെ കണ്ടിട്ടുള്ളവര്‍ അത് സംബന്ധിച്ചും വിവരം കൈമാറി. കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായതോടെ വീട്ടിലെത്തി ലിജീഷിനെ പൊലീസ് തന്ത്രപരമായി കൂട്ടികൊണ്ടുവന്ന് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിലൊന്നും പ്രതി പൊലീസിനോട് സഹകരിച്ചില്ല.

ഒടുവില്‍ വീടിന്റെ പറമ്പിനോട് ചേര്‍ന്ന് ഇയാള്‍ കത്തിച്ച ടീഷര്‍ട്ടിന്റെയും ഗ്‌ളൗസിന്റെ ഭാഗങ്ങള്‍ കൊണ്ടുവന്നു കാണിച്ചു. ഫിംഗര്‍ പ്രിന്റും ഒത്തുവന്നതോടെ കള്ളന്‍ കുടുങ്ങുകയായിരുന്നു. മോഷണം നടത്തിയ സ്വര്‍ണവും പണവും കിടപ്പു മുറിയില്‍ പ്രത്യേകം പണികഴിപ്പിച്ച അറയിലാണ് ലിജീഷ് ഒളിപ്പിച്ചത്. ഗള്‍ഫിലായിരുന്ന ലിജീഷ് നാട്ടിലെത്തി വെല്‍ഡിംഗ് വര്‍ക്കുകള്‍ ചെയ്തുവരികയായിരുന്നു. പിന്നീടാണ് മോഷണത്തിലേക്ക് ഇയാള്‍ തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു.

കത്തിക്കരിഞ്ഞ ആ തെളിവ്, പിന്നാലെ ലിജീഷിന്റെ കുറ്റസമ്മതം

സിസിടിവി ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായെന്നതും ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറല്‍ എസ്പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു.

എന്നാല്‍, മുറിയൂടെ ഉള്ളിലേക്കായിരുന്നു അബദ്ധത്തില്‍ തിരിച്ചുവെച്ചത്. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ഈ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 250 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. 35 ലോഡ്ജുകളില്‍ പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ചശേഷം മിനിഞ്ഞാന്ന് ചോദ്യം ചെയ്യാന്‍ ലിജീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ലിജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.വിരലടയാളങ്ങള്‍ ശേഖരിച്ചപ്പോള്‍ കീച്ചേരിയിലെ പ്രതിയുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. തെളിവുകള്‍ ഒന്നൊന്നായി നിരത്തിയതോടെ ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പ്രതി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ പ്രതിയുടെ വീട്ടില്‍ നിന്ന് മോഷണവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്. സഞ്ചിയിലാക്കിയാണ് മോഷണ വസ്തുക്കള്‍ വീട്ടില്‍ നിന്ന് കൊണ്ടുപോയത്.

കവര്‍ച്ച 40 മിനുട്ടിനുള്ളില്‍

പണവും സ്വര്‍ണ്ണവും ഉണ്ടെന്ന് അറിഞ്ഞാണ് ലിജീഷ് വീട്ടില്‍ കയറിയത് വീട്ടുകാരുമായി മോഷ്ടാവിന് വലിയ അടുപ്പം ഇല്ല. ആദ്യ ദിവസം 40 മിനുട്ട് കൊണ്ട് മോഷണം നടത്തി. മാസ്‌ക് ധരിച്ചാണ് മോഷണത്തിനെത്തിയിരുന്നത്. മോഷണം നടന്നശേഷം വീട്ടിലെത്തി മാസ്‌കും വസ്ത്രവും കത്തിച്ചുകളഞ്ഞു. മോഷ്ടിച്ച പണവും സ്വര്‍ണവും കൊണ്ടുവന്ന സഞ്ചിയില്‍ തന്നെയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കീച്ചേരിയിലെ മോഷണ കേസിലും ലിജീഷ് പ്രതിയാണ്. മറ്റു കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്.

ഉളി തിരിച്ചെടുക്കാനെത്തി, സിസിടിവിയില്‍ പതിഞ്ഞു

മോഷണം കഴിഞ്ഞശേഷം കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ഉളി തിരിച്ചെടുക്കാന്‍ വന്നിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇത്തരത്തില്‍ തിരിച്ചുവരുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇത് പിന്നീട് പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. മോഷണ ശേഷം പ്രതി വീട്ടിലേക്കാണ് പോയത്. അഷ്‌റഫിന്റെ വീടിന് പിന്നിലാണ് ലിജീഷിന്റെ വീട്. ഡോഗ് സ്‌ക്വാഡ് റെയില്‍വെ ട്രാക്കിലൂടെ പോയി ലിജീഷിന്റെ വീടിന് സമീപം എത്തിയിരുന്നു.

മോഷണം നടന്ന സമയത്തോ മറ്റോ പ്രതി റെയില്‍വെ ട്രാക്ക് വഴി പോയിരിക്കാമെന്നും പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത 1.21 കോടിയുടെ നോട്ടുകെട്ടുകളും 267 പവന്റെ സ്വര്‍ണാഭരണങ്ങളും ചുവന്ന വലിയ സ്യൂട്ട് കേയ്‌സിലാണ് പൊലീസ് കൊണ്ടുവന്നത്. പ്രതിയെയും മോഷണ മുതലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊലീസ് പ്രദര്‍ശിപ്പിച്ചു. നഷ്ടമായ സ്വര്‍ണവും പണവും അതേ അളവില്‍ തിരിച്ചുകിട്ടിയോ എന്ന കാര്യം ഉള്‍പ്പെടെ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

ലോക്കറിന്റെ താക്കോല്‍ കിട്ടി, അനായാസം തുറന്നു

മോഷണം നടത്താനെത്തുമ്പോള്‍ ലോക്കര്‍ ഉണ്ടെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും അലമാര പരിശോധിച്ചപ്പോള്‍ ലോക്കറിന്റെ താക്കോല്‍ കണ്ടെത്തിയെന്നുമാണ് പ്രതി മൊഴി നല്‍കിയതെന്നും കണ്ണൂര്‍ എസിപി ടികെ രത്‌നകുമാര്‍ പറഞ്ഞു. അങ്ങനെയാണ് ലോക്കര്‍ തുറന്നുള്ള മോഷണം നടന്നത്. ലോക്കര്‍ സ്വന്തമായി ഉണ്ടാക്കാന്‍ കഴിവുള്ള ആളാണ് പ്രതി. പ്രത്യേക രീതിയില്‍ മാത്രം തുറക്കാവുന്ന ലോക്കര്‍ അതുകൊണ്ടുതന്നെ എളുപ്പത്തില്‍ തുറന്നു. രാത്രി വീട്ടുകാര്‍ ഉറങ്ങിയതിനുശേഷമാണ് ആണ് മോഷണ മുതലുമായി വീട്ടിലേക്ക് പോയതെന്നും പ്രതി മൊഴി നല്‍കി.

അന്ന് കവര്‍ന്നത് നാലരലക്ഷവും 11.5 പവന്‍ സ്വര്‍ണവും

കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലീജിഷ് ആണെന്ന് വ്യക്തമായത്. ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കീച്ചേരിയില്‍ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. വളപടണം കേസില്‍ പ്രതി പിടിയിലായതോടെ മറ്റൊരു മോഷണ കേസിന്റെ ചുരുള് കൂടിയാണ് പൊലീസ് അഴിച്ചെടുത്തത്.

Tags:    

Similar News