ഏകദേശം 180 കിലോമീറ്റർ വേഗതയിൽ പറപറക്കുന്ന ആ ഓറഞ്ച് കുപ്പായക്കാരൻ; പാളത്തിലൂടെ ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ പോക്ക്; കണ്ടുനിന്നവരുടെ അടക്കം നെഞ്ച് കിടുങ്ങി; എന്നിട്ടും ഒരിറ്റ് പോലും തുളമ്പാതെ നിന്ന് ആ വസ്തു; രാജ്യത്തിന്റെ പുലികുട്ടി 'വന്ദേ ഭാരത്' വീണ്ടും ഞെട്ടിക്കുമ്പോൾ

Update: 2025-12-31 14:23 GMT

ഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അന്തിമ വേഗതാ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ച പരീക്ഷണ ഓട്ടത്തിന് ശേഷം, 2026-ന്റെ തുടക്കത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.

കോട്ട-നാഗ്ദ റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിങ്, എമർജൻസി ബ്രേക്കിങ് എന്നിവ തൃപ്തികരമാണെന്ന് വിലയിരുത്തി.

പരീക്ഷണ യാത്രയ്ക്കിടെ 180 കി.മീ വേഗതയിൽ സഞ്ചരിച്ചിട്ടും വെള്ളം നിറച്ച ഗ്ലാസുകൾ തുളുമ്പാത്തതിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചിരുന്നു. ഇത് ട്രെയിനിന്റെ സുഗമമായ യാത്രയും സാങ്കേതിക മികവും എടുത്തു കാണിക്കുന്നതായിരുന്നു.

16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ എസി ഫസ്റ്റ് ക്ലാസ്, 2-ടയർ എ.സി, 3-ടയർ എ.സി എന്നിങ്ങനെ വിവിധ ശ്രേണികളുണ്ടാകും. യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്റ്, വിഷ്വൽ ഇൻഫർമേഷൻ സംവിധാനം, ഡിസ്‌പ്ലേ പാനലുകൾ, സുരക്ഷാ ക്യാമറകൾ, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകളും ടോയ്‌ലറ്റുകളും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ട്രെയിനിൽ ലഭ്യമാക്കും.

റെയിൽ ഗതാഗത രംഗത്ത് രാജ്യത്തിന്റെ സ്വയംപര്യാപ്തതയിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് ഇന്ത്യൻ റെയിൽവേ ഈ ട്രെയിനുകളെ കാണുന്നത്. രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രകൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ (BEML) ആണ് ഈ കോച്ചുകൾ നിർമിച്ചത്. ഈ പുതിയ സ്ലീപ്പർ ട്രെയിനുകൾ രാജ്യത്തെ റെയിൽവേ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News