കോട്ടയം മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാവരും നോക്കിക്കാണണം; കയ്യില്‍ നിന്നും പണമെടുത്ത് സഹായിച്ച് രോഗികളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്! അതുകൊണ്ട് എല്ലാവരും പിരിഞ്ഞു പോകണമെന്ന് മന്ത്രി വാസവന്‍; മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഒടുവില്‍ മന്ത്രി എത്തി; സൂപ്രണ്ടിന്റെ ജനകീയതയില്‍ ആ വിവാദം കഴിച്ചു മൂടാന്‍ സര്‍ക്കാര്‍

Update: 2025-07-04 13:48 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് മേപ്പോത്തുകുന്നേല്‍ ഡി ബിന്ദു(52) മരിച്ച സംഭവത്തില്‍ ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനേയും അമ്മയേയും മന്ത്രി ആശ്വസിപ്പിച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മകള്‍ നവമിക്ക് കൂട്ടിരിക്കാനെത്തിയകതായിരുന്നു അമ്മ ബിന്ദു. പഴയ ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. തലയോലപ്പറമ്പിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദു. വിവാദം തണുപ്പിക്കാനുള്ള ശ്രമമാണ് വാസവന്റെ വീട് സന്ദര്‍ശനത്തിലുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ജനപ്രിയനായ ഡോക്ടറെ മുന്നില്‍ നിര്‍ത്തി പ്രതിരോധം തീര്‍ക്കാനുള്ള ശ്രമവും വാസവന്‍ നടത്തുന്നുണ്ട്.

കെട്ടിടം തകര്‍ന്ന് വീണപ്പോള്‍ ബിന്ദു അതിനുള്ളില്‍ കുടുങ്ങിയെന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ അരും ഇല്ലെന്ന നിലപാടാണ് മന്ത്രിമാര്‍ എടുത്തത്. ഇതോടെ രക്ഷാപ്രവര്‍ത്തനം വൈകി. പിന്നീട് പരിശോധിച്ചപ്പോള്‍ ബിന്ദു മരിച്ചിരുന്നു. പിന്നീട് മന്ത്രിമാര്‍ ആരും വന്നതുമില്ല. ഇത് വിമര്‍ശനമായി. ഇതിനിടെയാണ് മനത്്രി വാസവന്‍ നേരിട്ട് എത്തിയത്. ജില്ലാ കളക്ടറടക്കം മന്ത്രിക്കൊപ്പം വീട്ടിലെത്തി. ഭര്‍ത്താവ് വിശ്രുതന്‍ കുടുംബത്തിന്റെ ദുരിതാവസ്ഥയെ കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു. അതേസമയം, ബിന്ദുവിന്റെ അമ്മയ്ക്ക് മന്ത്രി ആദ്യഘട്ട ആശ്വാസ സഹായം നല്‍കി. ബിന്ദുവിന്റെ സംസ്‌കാര ചടങ്ങിന് നല്‍കുമെന്ന് പറഞ്ഞിരുന്ന 50,000 രൂപയാണ് മന്ത്രി കൈമാറിയത്. മറ്റ് സഹായങ്ങള്‍ 11 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.

മകന് താല്‍ക്കാലികമായി ആശുപത്രി വികസന സമിതിയുടെ ഭാഗമായി ഏതെങ്കിലും ജോലി നല്‍കും. ഇത് അടിയന്തിരമായി ചെയ്യും. സ്ഥിര ജോലിയെ സംബന്ധിച്ച് ആലോചിക്കും. മകളുടെ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് നല്‍കുമെന്നും മന്ത്രി ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാവരും നോക്കിക്കാണേണ്ടതാണെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചത് വെറുതെ ആയിരുന്നില്ല. ഒരു വര്‍ഷം രണ്ടായിരത്തിലധികം ഹൃദയ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുക്കുന്നു വ്യക്തിയാണ്. ഇക്കാര്യത്തില്‍ റെക്കോര്‍ഡിട്ട മെഡിക്കല്‍ കോളേജാണ് കോട്ടയം മെഡിക്കല്‍ കോളേജ് എന്നും മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജനകീയനാണ്. ഇത് മറുനാടന്‍ അടക്കം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സൂപ്രണ്ടിനെ മുന്നിലേക്ക് ഉയര്‍ത്തി കാട്ടി വിവാദം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കോട്ടയം മെഡിക്കല്‍ കോളേജിലെ എല്ലാ നേട്ടങ്ങളും സൂപ്രണ്ടിന് നല്‍കി വാസവന്‍ തന്ത്രപരമായി ശ്രമിക്കുന്നതും അതിനാണ്. ടി കെ ജയകുമാറിന്റെ അര്‍പ്പണ മനോഭാവം തന്നെയാണ് മെഡിക്കല്‍ കോളേജിന്റെ വിജയത്തിന് പിന്നില്‍ എന്ന് മന്ത്രി വാസവന്‍ അടിവരയിടുന്നു. കോവിഡ് കാലത്തെല്ലാം ഡോക്ടറെ അന്വേഷിക്കുമ്പോള്‍ എപ്പോഴും ശസ്ത്രക്രിയയുടെ തിരക്കിലായിരിക്കും. അക്കാലത്ത് കേരളത്തിലെ പല മെഡിക്കല്‍ കോളേജുകളും അടച്ചിടുകയായിരുന്നു, എന്നാല്‍ മംഗലാപുരത്ത് നിന്നും മധുരയില്‍ നന്നും വന്ന രോഗികളെ പോലും അദ്ദേഹം മെനക്കെട്ട് ശസ്ത്രക്രിയ അദ്ദേഹം നടത്തി. ഒരു പൈസ പോലും കൈക്കുലി അദ്ദേഹം വാങ്ങില്ല. കയ്യില്‍ നിന്നും പണമെടുത്ത് സഹായിച്ച് രോഗികളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് കാര്യങ്ങള്‍ കൂടി സാക്ഷ്യപ്പെടുത്തുന്നു

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 10 ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയ ഏക മെഡിക്കല്‍ കോളേജ് കോട്ടയം മെഡിക്കല്‍ കോളേജാണ്. ഏറ്റവും കൂടുതല്‍ ബൈപ്പാസ് ,ഓപ്പണ്‍ ഹാര്‍ട്ട് എന്നിവയും പ്രൈമറി ആന്‍ജിയോ പ്ലാസ്റ്റ് നടത്തി മൂന്ന് പ്രാവശ്യം ഇന്ത്യയില്‍ തന്നെ റെക്കോര്‍ഡ് ഇട്ടതും കോട്ടയം മെഡിക്കല്‍ കോളേജായിരുന്നു എന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി. വിഴിഞ്ഞ തുറമുഖ ഉദ്ഘാടനത്തില്‍ അദായിയെ സര്‍ക്കാരിന്റെ ഫ്രണ്ടാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദിയുടെ പ്രശംസ വരെ വാങ്ങിയ വാസവന്‍. മെഡിക്കല്‍ കോളേജ് ദുരന്തത്തിലും സൂപ്രണ്ട് തന്ത്രത്തിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിലെന്ന് വ്യക്തം.

Tags:    

Similar News