ഓഫീസ് തര്‍ക്കമല്ല, ഇത് വട്ടിയൂര്‍ക്കാവ് പിടിക്കാനുള്ള യുദ്ധം! പ്രശാന്തിനെ പൂട്ടാന്‍ ശ്രീലേഖയും ശബരീനാഥനും; ശബരീനാഥന്റെ മുന വച്ച ചോദ്യങ്ങള്‍ ബ്രോയുടെ കോട്ട തകര്‍ക്കാനുള്ള ആദ്യ വെടി; ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ? വട്ടിയൂര്‍ക്കാവില്‍ ത്രികോണ പോരിന് കളമൊരുങ്ങുന്നു
വട്ടിയൂര്‍ക്കാവില്‍ ത്രികോണ പോരിന് കളമൊരുങ്ങുന്നു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ സൂചന. വി.കെ. പ്രശാന്ത് എംഎല്‍എയുടെ ഓഫീസിനെ ചൊല്ലി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയും കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും രംഗത്തെത്തിയതോടെ വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയ ചിത്രം സജീവമായി. നഗരസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട വിവാദം ആരംഭിച്ചത്.
കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വി.കെ. പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതിന് പിന്നാലെ കവടിയാര്‍ കൗണ്‍സിലറും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരീനാഥന്‍ പ്രശാന്തിനെ വിമര്‍ശിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ മുറിയുള്ളപ്പോള്‍ എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടം വാടകയ്‌ക്കെടുത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ശബരീനാഥന്റെ പ്രധാന ചോദ്യം. തനിക്കെതിരെയുള്ള നീക്കം വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് വി.കെ. പ്രശാന്തും തിരിച്ചറിയുന്നുണ്ട്.
ബിജെപിക്ക് മികച്ച സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ ഒന്നാമതെത്തിയിരുന്നു. മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം 2011-ല്‍ കോണ്‍ഗ്രസിന്റെ കൈവശമായിരുന്ന വട്ടിയൂര്‍ക്കാവ്, അന്നത്തെ തിരുവനന്തപുരം മേയറായിരുന്ന വി.കെ. പ്രശാന്തിലൂടെയാണ് സിപിഎം തിരിച്ചുപിടിച്ചത്. മൂന്നാം സ്ഥാനത്ത് നിന്ന് 14,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രശാന്ത് വിജയം നേടി. 2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 20,000 കവിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നിലവിലെ വിവാദം ജനപ്രിയനായ പ്രശാന്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്നും, മികച്ച സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രധാനമായും രണ്ട് പേരുകളാണ് പരിഗണിക്കുന്നത്. മുന്‍ എംഎല്‍എ കെ. മുരളീധരനാണ് പ്രഥമ പരിഗണന. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുരളീധരന്‍ മത്സരിക്കുന്നില്ലെങ്കില്‍, മുന്‍ അരുവിക്കര എംഎല്‍എയും നിലവില്‍ നഗരസഭാ കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥന്റെ പേരാണ് പരിഗണിക്കുന്നത്. ശബരീനാഥന്‍ പ്രതിനിധീകരിക്കുന്ന കവടിയാര്‍ വാര്‍ഡും ശ്രീലേഖ കൗണ്‍സിലറായ ശാസ്തമംഗലം വാര്‍ഡും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കോര്‍പ്പറേഷന്‍ വാര്‍ഡുകളാണ്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലേക്കും ശബരീനാഥന്റെ പേര് പരിഗണനയിലുണ്ട്.
ബിജെപിയില്‍, മേയര്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന അതൃപ്തി മറികടക്കാന്‍ വിജയസാധ്യതയുള്ള സീറ്റാണ് ആര്‍. ശ്രീലേഖയ്ക്ക് നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിര്‍ദ്ദേശം. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ നിന്ന് ശ്രീലേഖ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം, രണ്ട് ടേം പൂര്‍ത്തിയാക്കുന്ന കടകംപള്ളി സുരേന്ദ്രന്‍ മാറുന്ന സാഹചര്യത്തില്‍, വി.കെ. പ്രശാന്തിനെ കഴക്കൂട്ടത്തേക്ക് പരിഗണിക്കുമെന്ന അഭ്യൂഹവും സജീവമാണ്.
തദ്ദേശ തിരഞ്ഞെടുപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു മോഡല്‍ പരീക്ഷയായി കണ്ടിരുന്ന മുന്നണികള്‍ക്ക്, എംഎല്‍എ ഓഫീസ് വിവാദം വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന കാഴ്ചയാണ്.
