സര്‍ക്കാരും സി.പി.എമ്മും ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്നു; കടകംപള്ളിയെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ നീണ്ടിക്കൊണ്ടു പോകാന്‍ എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നു; ആരോപണവുമായി വിഡി സതീശന്‍

Update: 2025-12-07 12:14 GMT

തിരുവനന്തപുരം: സ്വര്‍ണക്കൊള്ളയ്ക്ക് നേതൃത്വം നല്‍കി ജയിലിലായ നേതാക്കള്‍ക്ക് സി.പി.എം പാര്‍ട്ടിയില്‍ പ്രമോഷന്‍ നല്‍കുമോ എന്ന ചോ്ദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കടകംപള്ളിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നതിന് ഞങ്ങളുടെ കയ്യില്‍ തെളിവുണ്ട്. നോട്ടീസ് അയച്ചപ്പോള്‍ ഉണ്ടായിരുന്ന രണ്ടു കോടിയുടെ മാനം കോടതിയില്‍ എത്തിയപ്പോള്‍ പത്ത് ലക്ഷമായി കുറഞ്ഞുവെന്നും സതീശന്‍ ആരോപിച്ചു.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സര്‍ക്കാരിനെതിരെ അതിശക്തമായ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച കുറ്റപത്രവും ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മുന്നൊരുക്കങ്ങള്‍ നടത്തിയതിന്റെ ആത്മവിശ്വാസവും യു.ഡി.എഫിനുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ എല്ലാ ജില്ലകളിലും യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകും. വലിയ വിജയത്തിലേക്കാണ് യു.ഡി.എഫ് കുതിക്കുന്നത്. സര്‍ക്കാരിനെതിരായ വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ കേരളം ഒന്നാകെ അമ്പരന്ന് നില്‍ക്കുകയാണ്. ശബരിമല ശ്രീകോവിലിലെ വാതിലുകളും കട്ടിളപ്പടിയും ദ്വാരപാലക ശില്‍പങ്ങളും കൊള്ളയടിച്ചവരെ സര്‍ക്കാരും സി.പി.എമ്മും സംരക്ഷിക്കുകയാണ്. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള രണ്ടു പേര്‍ ജയിലിലാണ്. എന്നിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സി.പി.എം തയാറായിട്ടില്ല. നടപടി എടുത്താല്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുമോയെന്നാണ് സി.പി.എം ഭയപ്പെടുന്നത്. എസ്.ഐ.ടിയുടെ പേരില്‍ അവകാശവാദം ഉന്നയിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരു അവകാശവുമില്ല. ഹൈക്കോടതി നേരിട്ടാണ് എസ്.ഐ.ടിയിലെ അംഗങ്ങളെ പോലും തീരുമാനിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പക്ഷെ എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥരായതുകൊണ്ട് അവര്‍ക്കു മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമാണ്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും എല്ലാ തെളിവുകളും ഉള്ളതു കൊണ്ടും കോടതി ഇടപെട്ടതുകൊണ്ടും വാസുവിനെയും പത്മകുമാറിനെയും അറസ്റ്റു ചെയ്തു. ഇപ്പോള്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ നീണ്ടിക്കൊണ്ടു പോകാന്‍ എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. സര്‍ക്കാരും സി.പി.എമ്മും ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

സ്വര്‍ണക്കൊള്ളയ്ക്ക് നേതൃത്വം നല്‍കി ജയിലിലായ നേതാക്കള്‍ക്ക് സി.പി.എം പാര്‍ട്ടിയില്‍ പ്രമോഷന്‍ നല്‍കുമോ? കടകംപള്ളിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നതിന് ഞങ്ങളുടെ കയ്യില്‍ തെളിവുണ്ട്. നോട്ടീസ് അയച്ചപ്പോള്‍ ഉണ്ടായിരുന്ന രണ്ടു കോടിയുടെ മാനം കോടതിയില്‍ എത്തിയപ്പോള്‍ പത്ത് ലക്ഷമായി കുറഞ്ഞു. വയനാട് പുനരധിവാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്ഥലം അനുവദിച്ചാല്‍ അവിടെ വീടുകള്‍ നിര്‍മ്മിക്കാം എന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. എന്നാല്‍ അതിന് അനുവാദം തന്നില്ല. ഒരു വര്‍ഷമെടുത്താണ് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. സ്ഥലം അനുവദിക്കില്ലെന്നു പറഞ്ഞ ശേഷമാണ് സ്ഥലം കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയത്. ലീഗ് അതിന് മുന്‍പ് തന്നെ സ്ഥലം കണ്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഞങ്ങളും മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അത് അന്തിമഘട്ടത്തിലാണ്. സ്ഥലം ഏതെന്ന് തീരുമാനിച്ചാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സ്ഥലം നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ട് മുന്ന് മാസമെ ആയിട്ടുള്ളൂ. സര്‍ക്കാര്‍ എടുത്ത സ്ഥലത്തില്‍ തന്നെ കേസ് വന്ന സാഹചര്യത്തിലാണ് നിയമവിദഗ്ധരുടെ സംഘത്തെ നിയോഗിച്ച് രേഖകള്‍ പരിശോധിച്ച ശേഷം മാത്രം സ്ഥലം ഏറ്റെടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീടുകളുടെ പണം സര്‍ക്കാരിനെ ഏല്‍പ്പിച്ചിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനായി ശേഖരിച്ച പണം കെ.പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതില്‍ നിന്നും ഒരു രൂപ പോലും പിന്‍വലിച്ചിട്ടില്ല. സ്ഥലം കിട്ടിയാലുടന്‍ വീട് പണി ആരംഭിക്കും. വയനാട് ദുരിതാശ്വാസത്തിനായി സര്‍ക്കാരിന്റെ ഫണ്ടില്‍ 742 കോടിയുണ്ട്. അതില്‍ നൂറ് കോടിയോളം രൂപ മാത്രമെ ചെലവഴിച്ചിട്ടുള്ളൂ. നിരവധി പേര്‍ക്ക് വീട്ടുവാടകയും ചികിത്സാ സഹായവും നല്‍കാനുണ്ട്. ദുരിതബാധിതര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ല. 742 കോടി രൂപ ബാങ്കില്‍ ഇട്ടിട്ട് പാവങ്ങള്‍ക്ക് സഹായം നല്‍കാത്ത സര്‍ക്കാരാണിത്. സ്ഥലം എം.എല്‍.എ മുന്‍കൈ എടുത്താണ് പല കുട്ടികള്‍ക്കും പഠിക്കാനുള്ള സൗകര്യം പോലും ഒരുക്കിയത്. ഇതൊന്നും സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. യഥാര്‍ത്ഥ പട്ടികയില്‍ ഇടം കിട്ടാത്ത നിരവധി പേര്‍ പുറത്തുണ്ട്. അവരെയെല്ലാം കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

പത്ത് മാസമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ആശുപത്രികളില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോര്‍ഡും സപ്ലൈകോയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും വലിയ കടക്കെണിയിലാണ്. ഏഴ് ക്ഷേമനിധി ബോര്‍ഡുകളും തകര്‍ന്ന് തരിപ്പണമായി. എന്നിട്ടാണ് ഭരണനേട്ടമുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ആദ്യ സര്‍ക്കാര്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി കോഴിക്കോട്ടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത് അവാസ്ഥവമായ അവകാശവാദമാണ്. 600 വാഗ്ദാനങ്ങളില്‍ നൂറെണ്ണം പോലും സര്‍ക്കാര്‍ പൂത്തിയാക്കിയിട്ടില്ല. അത് തെളിയിക്കാന്‍ യു.ഡി.എഫ് തയാറാണ്. കാര്‍ഷികരംഗവും തകര്‍ന്ന് തരിപ്പണമായി. നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നാളികേര സംഭരണവും പരാജയപ്പെട്ടു. വന്യജീവികളുടെ ആക്രമണമുള്ള മലയോര മേഖലകളില്‍ ജീവിക്കുന്നവരെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.

യു.ഡി.എഫ് എം.പിമാര്‍ സംസ്ഥാന താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നെന്ന് ഇന്നലെ പറഞ്ഞ മുഖ്യമന്ത്രി ഇന്നത് മാറ്റിപ്പറഞ്ഞു. പച്ചക്കള്ളം പറയുന്നവര്‍ക്കൊപ്പം എങ്ങനെ നില്‍ക്കാനാകും. സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങളെ പിന്തുണയ്ക്കാനാകില്ല. ജി.എസ്.ടി പാസാക്കിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് 5 വര്‍ഷത്തേക്കാണ് കോംപന്‍സേഷന്‍ നല്‍കിയത്. എന്നിട്ടും ആറാം വര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ പന്തീരായിരം കോടി കിട്ടുമായിരുന്നെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അത്തരം കള്ളക്കണക്കുകള്‍ക്ക് കൈപൊക്കാന്‍ യു.ഡി.എഫ് എം.പിമാര്‍ ഒപ്പമുണ്ടാകില്ല. ധനകാര്യ കമ്മിഷന്‍ കേരളത്തിലേക്കുള്ള പണം കുറച്ചതിനെതിരെ യു.ഡി.എഫ് എം.പിമാര്‍ പ്രതിഷേധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനേക്കാള്‍ വിശദമായി യു.ഡി.എഫ് ധനകാര്യ കമ്മിഷന് മുന്നില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. അന്ന് ധനകാര്യ മന്ത്രി പോലും പ്രതിപക്ഷത്തെ അഭിനന്ദിക്കുക വരെ ചെയ്തത്. ഇപ്പോള്‍ പറയുന്ന കള്ളക്കണക്കുകളൊന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. തെറ്റായ കണക്കുകള്‍ ഒഴികെ കേരളത്തിന്റെ എല്ലാ താല്‍പര്യങ്ങള്‍ക്കും യു.ഡി.എഫ് ഒപ്പം നിന്നിട്ടുണ്ട്.

ആരോപണം ഉയര്‍ന്നപ്പോള്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അത് തിരഞ്ഞെടുപ്പില്‍ ബാധിക്കുകയാണെങ്കില്‍ സി.പി.എമ്മിനെ മാത്രമെ അത് ബാധിക്കൂ. ഞങ്ങള്‍ നടപടി സ്വീകരിച്ചതോടെ പ്രതിരോധത്തിലായത് ഒരു നടപടിയും സ്വീകരിക്കാത്ത സി.പി.എമ്മാണ്. കേരളത്തില്‍ നാലരലക്ഷം പരമദരിദ്രരുണ്ടെന്നാണ് എല്‍.ഡി.എഫിന്റെ കഴിഞ്ഞ പ്രകടനപത്രികയില്‍ പറഞ്ഞത്. അതീവ ദരിദ്രരായ എ.വൈ കാര്‍ഡുടമകള്‍ 585000 പേരുമുണ്ട്. ഇത് നിലനില്‍ക്കെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അതീവ ദരിദ്രരുടെ പട്ടിക സര്‍ക്കാര്‍ ഉണ്ടാക്കിയത്. കേരളത്തെ അതീവദരിദ്ര മുക്ത സംസ്ഥാനം എന്ന് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ഉത്കണ്ഠ പ്രകടിപ്പിച്ചത് കെ.പി കണ്ണനെയും ആര്‍.വി.ജി മേനോനെയും പോലുള്ള സി.പി.എം സഹയാത്രികര്‍ ഉള്‍പ്പെടെയുള്ളവരാണ്. അതീവദരിദ്രര്‍ ഇല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേന്ദ്ര നല്‍കുന്ന എ.വൈ കാര്‍ഡുകള്‍ വരെ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന സംശയമാണ് അവര്‍ പ്രകടിപ്പിച്ചത്. അത് പിന്നീട് പ്രതിപക്ഷവും പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ പി.ആര്‍ സ്റ്റണ്ട് മാത്രമായിരുന്നു അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം. എത്ര കോടിരൂപയുടെ പരസ്യമാണ് പി.ആര്‍ സ്റ്റണ്ടിന് വേണ്ടി ചെലവഴിച്ചത്. അതിന് എം.പിമാരെ മാത്രം മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത് എന്തിനാണ്. ഇത്തരം പ്രഖ്യാപനം കേരളത്തിന് ദോഷകരമാകും എന്നത് സത്യമല്ലേ.

ജമാ അത്ത് ഇസ്ലാമിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ജമാ അത്ത് ഇസ്ലാമി അമീറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിട്ടത്. 1977 മുതല്‍ 2019 വരെ ജമാ അത്ത് ഇസ്ലാമി എല്‍.ഡി.എഫിനൊപ്പമായിരുന്നു. 2006 മുതല്‍ 2011 വരെ നിരവധി സര്‍ക്കാര്‍ കമ്മിറ്റികളിലും ജമാ അത്ത് ഇസ്ലാമി നേതാക്കളുണ്ടായിരുന്നു. ഞങ്ങളുടെ കാമ്പയിന്‍ തയാറാക്കുന്നത് ജമാ അത്ത് ഇസ്ലാമി ആണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പഴയ ഓര്‍മ്മയിലാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു. അന്ന് സിലബസ് പരിഷ്‌ക്കരണ കമ്മിറ്റി ചെയര്‍മാന്‍ ഒ അബ്ദുറഹ്‌മാനായിരുന്നു. ഇതെല്ലാം കേരളം മുഴുവന്‍ മറന്നു പോകുമെന്നു കരുതി ഒരു സുപ്രഭാതത്തില്‍ വന്ന് മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മതേതരവും ഞങ്ങള്‍ക്കൊപ്പം വരുമ്പോള്‍ വര്‍ഗീയവും ആകുന്നത് എങ്ങനെയാണ്? അന്ന് സി.പി.എമ്മിനൊപ്പം ഉണ്ടായിരുന്നത് ജമാ അത്ത് ഇസ്ലാമിയാണ്. പക്ഷെ ഇന്ന് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് വെല്‍ഫെയര്‍ പാര്‍ട്ടിയാണ്. മഅ്ദനിയെ പിടിച്ച് കൊടുത്തത് ഞങ്ങളാണെന്ന് പറഞ്ഞ് നായനാര്‍ സര്‍ക്കാര്‍ അഭിമാനിച്ചപ്പോഴാണ് അതേ മഅ്ദനിയെ കാത്ത് പിണറായി വിജയന്‍ ഒരു മണിക്കാര്‍ ഇരുന്നത്. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്നവരാണ് സി.പി.എമ്മുകാര്‍. ജമാ അത്ത് ഇസ്ലാമി നേതാക്കളെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ കമ്മിറ്റികളില്‍ നിയമിച്ചതിന്റെ രേഖകള്‍ വേണമെങ്കിലും ഹാജരാക്കാം. 1977-ല്‍ ജമാ അത്ത് ഇസ്ലാമിയും ജനസംഘവുമൊക്കെ സി.പി.എമ്മിനൊപ്പമായിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ അവസരവാദമാണ്.

സി.പി.എം നേതൃത്വത്തിലുള്ള ബാങ്കുകളിലാണ് വയനാട്ടിലെ അമ്പലങ്ങളുടെ പണമുള്ളത്. അതിന്റെ കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപിച്ച തുക മടക്കി നല്‍കണം. അത് തിരിച്ച് കൊടുക്കാതിരുന്നപ്പോഴാണ് ക്ഷേത്ര കമ്മിറ്റി ഹൈക്കോടതിയില്‍ പോയത്. ഹൈക്കോടതി വിധി മറികടക്കാനാണ് സി.പി.എം ഭരണസമിതി സുപ്രീംകോടതിയെ സമീപിച്ചത്. പണം തിരിച്ച് നല്‍കണമെന്ന ശക്തമായ താക്കീതാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. ആര് പണം നിക്ഷേപിച്ചാലും കാലാവധി കഴിയുമ്പോള്‍ തിരിച്ച് നല്‍കണം. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതകൂടി നഷ്ടമാക്കുന്ന സംഭവമാണിത്. കരുവന്നൂര്‍ മുതല്‍ സഹകരണമേഖലയുടെ വിശ്വാസ്യത സര്‍ക്കാര്‍ തകര്‍ക്കുകയാണ്. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തിന് നാഷണലൈസ്ഡ് ബാങ്കുകള്‍ നല്‍കുന്ന സുരക്ഷിതത്വം ഉറപ്പാക്കും. അത് യു.ഡി.എഫ് പ്രകടനപത്രികയിലും ഉള്‍പ്പെടുത്തും. നാട്ടുകാരുടെ പണം ആര് കട്ടാലും ജയിലില്‍ പോകണം. പക്ഷെ നിക്ഷേപകന് സര്‍ക്കാര്‍ പണം മടക്കി നല്‍കണം.

ഡല്‍ഹിയില്‍ പോയി മോദിയുടെയും അമിത്ഷായുടെയും മുന്നില്‍ കുനിഞ്ഞു നില്‍ക്കലാണ് പിണറായി വിജയന്റെ പ്രധാന പരിപാടി. അവര്‍ എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടൊക്കെ ഒപ്പിടും. അങ്ങനെയാണ് സി.പി.എം പി.ബിയും മന്ത്രിസഭയും എല്‍.ഡി.എഫും അറിയാതെ പി.എം ശ്രീയില്‍ ഒപ്പിട്ടത്. ഭയന്നാണ് പിണറായി ഭരിക്കുന്നത്. അവരുമായി ബന്ധപ്പെടാന്‍ മുഖ്യമന്ത്രിക്ക് കുറെ പാലങ്ങളുണ്ട്. അതില്‍ പുതിയ പാലമാണ് ഇപ്പോള്‍ രംഗപ്രവേശം ചെയ്ത ജോണ്‍ ബ്രിട്ടാസ്. നേരത്തെയും ചില പാലങ്ങളുണ്ടായിരുന്നു. ദേശീയപാത സംസ്ഥാനവ്യാപകമായി തകര്‍ന്ന് വീണിട്ടും സംസ്ഥാന സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഉത്തരവാദിത്തം ഇല്ലെങ്കില്‍ എന്തിനാണ് ദേശീയപാത നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചത്? ഇത്രയും കാലം പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയും ദേശീയപാതയില്‍ റീല്‍ ഇട്ട് നടക്കുകയായിരുന്നല്ലോ. നൂറുകണക്കിന് സ്ഥലത്ത് ദേശീയപാത തകര്‍ന്നിട്ടും സംസ്ഥാനത്തിന് ഒരു പരാതിയുമില്ല. വീഴാത്ത പാലാരിവട്ടം പഞ്ചവടിപ്പാലം എന്ന് പ്രചരണം നടത്തിയവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അഴിമതി പാലം വീണിട്ടും ഒരു പരാതിയുമില്ല. പണി തീര്‍ന്നാല്‍ അപ്പോള്‍ ക്രെഡിറ്റ് എടുക്കാന്‍ വരും-സതീശന്‍ പറഞ്ഞു.

Similar News