കുറ്റപത്രത്തിനൊപ്പം ശശിധരന്‍ കര്‍ത്തയുടെ വിവാദ ഡയറിയുടെ പകര്‍പ്പും; ഡയറി കിട്ടിയത് 2019ല്‍ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ റെയ്ഡില്‍; ചെളിവാരിയും വീണയ്ക്ക് നല്‍കിയും മരുമകന് കൊടുത്തും തട്ടിച്ചെടുത്തത് ഖജനാവിലേക്ക് വരേണ്ട തുക; സിഎംആര്‍എല്ലിനെതിരായ കുറ്റപത്രത്തില്‍ അഴിമതി മണവും
കൊച്ചി: സിഎംആര്‍എല്‍ കേസില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രം വിചാരണക്കോടതിയിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷിക്കുന്നത് അതിവേഗ നടപടികള്‍. സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്. വിവിധ വകുപ്പുകളിലായി കമ്പനികള്‍ ഉള്‍പ്പെടെ 13 പേരാണ് പ്രതി സ്ഥാനത്ത്. കര്‍ത്തയ്‌ക്കെതിരെ മൂന്ന് ആരോപണങ്ങളുണ്ട്. ചെളിനീക്കവും ഗതാഗത ചെലവുകളുമായി ബന്ധപ്പെട്ടുള്ള 182 കോടിയുടെ തട്ടിപ്പ്, മരുമകനായ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് അനധികൃതമായി 13 കോടിരൂപ കമ്മിഷന്‍ നല്‍കി, ടി. വീണ എന്ന വീണാ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജിക്കും 2.7 കോടി രൂപ അനധികൃതമായി നേട്ടമുണ്ടാക്കി എന്നീ ആരോപണങ്ങളാണ് അവ.
എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് ജില്ലാജഡ്ജി വിചാരണക്കോടതിയായ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്കായി വിട്ടത്. സെഷന്‍സ് കോടതി ഏഴിന് തുടര്‍ നടപടികള്‍ സ്വീകരിക്കും. എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോടതി ആദ്യം പ്രാഥമികവാദം കേള്‍ക്കും. തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ളവര്‍ക്ക് സമന്‍സ് അയക്കും. അതിന് ശേഷം വിചാരണ തുടങ്ങും. മൂന്ന് പ്രധാന കണ്ടെത്തലുകളും സിഎംആര്‍എല്ലിനെ വലയ്ക്കുന്നതാണ്. ചെളിനീക്കവും ഗതാഗത ചെലവുകളുമായി ബന്ധപ്പെട്ടുള്ള 182 കോടിയുടെ തട്ടിപ്പുള്‍പ്പെടെ എല്ലാം അഴിമതിയായും മാറും. സിഎംആര്‍എല്ലില്‍ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയ്ക്ക് ഓഹരിയുണ്ട്. അതുകൊണ്ട് തന്നെ പൊതു പണത്തിന്റെ പരിധിയിലും ഇതു വരും. വിജിലന്‍സ് കേസിനുള്ള സാധ്യതകളും ഈ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ചെളിനീക്കത്തില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി. സുരേഷ് കുമാര്‍, സിഎംആര്‍എല്‍ സിഎഫ്ഒ കെ. സുരേഷ്‌കുമാര്‍, സിഎംആര്‍എല്‍ ജോയിന്റ് എംഡി ശരണ്‍ എസ്. കര്‍ത്ത, സിഎംആര്‍എല്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ കെ.എ. സഗേഷ് കുമാര്‍, സിഎംആര്‍എല്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ എ.കെ. മുരളീകൃഷ്ണന്‍, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്, നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് പ്രതികള്‍. ആറുമാസംമുതല്‍ പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അനില്‍ ആനന്ദപ്പണിക്കര്‍ക്ക് അനധികൃതമായി 13 കോടിരൂപ കമ്മിഷന്‍ നല്‍കിയ കേസില്‍ ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഡയറക്ടര്‍ അനില്‍ ആനന്ദ പണിക്കര്‍, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്നിവരാണഅ പ്രതിസ്ഥാനത്തുള്ളവര്‍:
ശശിധരന്‍ കര്‍ത്ത, എക്‌സാലോജിക് ഡയറക്ടര്‍ ടി. വീണ, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്, എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവരാണ് വീണയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രതിസ്ഥാനത്തുള്ളത്. കുറ്റം നിലനിലനില്‍ക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. തുടര്‍ന്ന് മാത്രമേ വീണ വിജയനുള്‍പ്പെടെയുള്ളവര്‍ നിയമപരമായി പ്രതിചേര്‍ക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടതായുള്ളൂ. കുറ്റപത്രത്തിനൊപ്പം കരിമണല്‍ കമ്പനിയായ ശശിധരന്‍ കര്‍ത്തയുടെ വിവാദ ഡയറിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സമന്‍സിനേയും എസ്എഫ്‌ഐഒ കുറ്റപത്രത്തെയും ചോദ്യം ചെയ്ത് വീണ് വിജയന്‍ അടക്കമുളളവര്‍ക്ക് കോടതിയെ സമീപിക്കാനും കഴിയും.
എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഈ കുറ്റപത്രത്തിനൊപ്പമാണ് ശശിധരന്‍ കര്‍ത്തയുടെ വിവാദ ഡയറിയുടെ പകര്‍പ്പുമുളളത്. 2019ല്‍ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ റെയ്ഡിലായിരുന്നു ഈ ഡയറി കിട്ടിയത്. കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, മാധ്യമങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കോടിക്കണക്കിന് രൂപ കൈമാറിയതിന്റെ വിവരങ്ങള്‍ ഇതിലുണ്ട്. ഇത് കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് വീണാ വിജയനും സിഎം ആര്‍ എല്ലും തമ്മിലുളള മാസപ്പടി ഇടപാട് പുറത്തുവന്നത്.