സിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കല്‍ നിന്നു പണം വായ്പയായി കൈപ്പറ്റിയ ശേഷം തിരിച്ചടയ്ക്കാതെ എക്‌സാലോജിക് കമ്പനി അടച്ചു പൂട്ടി കബളിപ്പിച്ചു; പിണറായിയുടെ മകള്‍ക്കെതിരെ ബംഗ്ലുരൂവിലും കുറ്റപത്രം വരും; കടം തീര്‍ക്കാത്തതും കേസാകുമ്പോള്‍

Update: 2025-04-05 00:56 GMT

കൊച്ചി: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ രണ്ടാമതൊരു കുറ്റപത്രം കൂടി നല്‍കുമെന്ന് റിപ്പോര്‍ട്ട്. വീണയുടെ കമ്പനി എക്‌സാലോജിക് സൊല്യൂഷന്‍സ് മുഖ്യപ്രതി സ്ഥാനത്തു വരുന്ന ഈ കുറ്റപത്രം എസ്എഫ്‌ഐഒ കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരുവിലെ കോടതിയിലാകും നല്‍കുക. അതായത് കൊച്ചിയ്‌ക്കൊപ്പം ബംഗ്ലൂരുവിലും വീണയ്ക്ക് വിചാരണ നേരിടേണ്ടി വരും. കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍നിന്ന് (സിഎംആര്‍എല്‍) ഇല്ലാത്ത സേവനത്തിന് പ്രതിഫലം പറ്റിയെന്നതടക്കമുള്ള കേസിലാണ് ഈ നടപടി.

സിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കല്‍ നിന്നു പണം വായ്പയായി കൈപ്പറ്റിയ ശേഷം തിരിച്ചടയ്ക്കാതെ എക്‌സാലോജിക് കമ്പനി അടച്ചു പൂട്ടി കബളിപ്പിച്ചെന്നതാണ് ഈ കുറ്റപത്രത്തിലെ കേസ്. ബംഗ്ലൂരുവിലായിരുന്നു വീണയുടെ കമ്പനി. കടം നല്‍കി തീര്‍ക്കാതെയാണ് അടച്ചു പൂട്ടിയതെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് എസ് എഫ് ഐ ഒ നടപടി. സിഎംആര്‍എല്‍ കമ്പനി മുഖ്യപ്രതിയായ ആദ്യ കുറ്റപത്രത്തില്‍ കൂട്ടുപ്രതികളുടെ പട്ടികയിലാണു വീണയുള്ളത്. എന്നാല്‍ ബംഗ്ലൂരുവിലെ കേസില്‍ മുഖ്യ പ്രതിയായി വീണമാറും. കമ്പനികാര്യ സാമ്പത്തിക കുറ്റകൃത്യത്തില്‍ കേരളത്തില്‍ എസ്എഫ്‌ഐഒ സമര്‍പ്പിക്കുന്ന ആദ്യകുറ്റപത്രമാണ് സിഎംആര്‍എല്‍ കേസിലേത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് സിഎംആര്‍എല്‍ കേസ് എസ്എഫ്‌ഐഒക്കു കൈമാറിയത്.

രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വന്‍തുക നല്‍കി നിയമവിരുദ്ധമായ പരിഗണന സിഎംആര്‍എല്‍ നേടിയതായി എറണാകുളം അഡീ.സെഷന്‍സ് കോടതി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ (പ്രോസിക്യൂഷന്‍ കംപ്ലെയ്ന്റ്) പറയുന്നുണ്ട്. അതായത് സിഎംആര്‍എല്‍ നടത്തിയ വെട്ടിപ്പുകളാണ് ആദ്യം കുറ്റപത്രത്തിന് ആധാരം. ഇതില്‍ വീണ സേവനമില്ലാതെ വാങ്ങിയ പണാപഹരണവും വരും. വിദേശ ബാങ്ക് അക്കൗണ്ടുകളിലൂടെ നടത്തിയ വലിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും സിഎംആര്‍എല്‍ കമ്പനിയുടെ ഡയറിയിലുള്ള രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിവരങ്ങളും ഈ കേസിന്റെ അനുബന്ധരേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വന്‍കിട വ്യവസായ രംഗത്തെ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയാണു സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്.

2.70 കോടി രൂപയുടെ സാമ്പത്തിക കുറ്റാരോപണമാണു വീണയ്‌ക്കെതിരെ കൊച്ചിയിലെ കേസില്‍ ചുമത്തിയിട്ടുള്ളത്. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടവര്‍ക്കു കോടതി ഇനി സമന്‍സ് അയയ്ക്കും.ആറുമാസം മുതല്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷയും പിഴയും ലഭിക്കാവുന്ന സാമ്പത്തിക വഞ്ചന, തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ കമ്പനികാര്യ നിയമത്തിലെ 5 കുറ്റകൃത്യങ്ങള്‍ സിഎംആര്‍എല്‍ കമ്പനി ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഓരോ സംസ്ഥാനത്തും സെഷന്‍സ് കോടതിയുടെ പദവിയുള്ള കോടതിക്കാണ് എസ്എഫ്‌ഐഒ കേസുകളുടെ വിചാരണാധികാരം.

സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്-7ലേക്കാണ് ജില്ലാ കോടതി കുറ്റപത്രം കൈമാറിയത്. അടുത്തപടിയായി പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ച് വിചാരണ നടപടികള്‍ ആരംഭിക്കും. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിവായിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. യാതൊരു സേവനങ്ങളും നല്‍കാതെ സിഎംആര്‍എല്‍ വീണാ വിജയന്റെ എക്സാലോജിക്സ് എന്ന കമ്പനിക്ക് 2.7 കോടി രൂപ കൈമാറിയെന്നാണ് കുറ്റപത്രത്തില്‍ എസ്എഫ്‌ഐഒ വ്യക്തമാക്കിയത്.

നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് പത്തുവര്‍ഷം വരെ തടവ് ലഭിക്കാം. പിഴയായി കൈപ്പറ്റിയ തുകയോ മൂന്നിരട്ടിയോ തിരച്ചടയ്ക്കേണ്ടി വരും. കേസിനെതിരെ വീണാ വിജയനും മറ്റു പ്രതികളും മേല്‍ക്കോടതിയെ സമീപിക്കാനും നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

Tags:    

Similar News