മത്സ്യങ്ങൾക്ക് നല്ല ബുദ്ധിയുണ്ട്; അവയെ ഭക്ഷിക്കരുത്; അവർക്കും വേദനയുണ്ട്; ലോക വീഗന്‍ മാസത്തില്‍ സന്ദേശവുമായി കടൽ റാണി; കൗതുകത്തോടെ നോക്കി നിന്ന് ആളുകൾ; സസ്യാഹാരത്തിലേക്ക് മാറാനും ഉപദേശം; കൊച്ചിയില്‍ വൈറലായി 'മത്സ്യകന്യക'..!

Update: 2024-11-21 07:59 GMT

കൊച്ചി: ലോകം ഇപ്പോൾ വീഗൻ മാസത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ വർഷവും നവംബർ 1 നാണ് സസ്യാഹാരികളായ ആളുകൾ ലോക വീഗൻ ദിനമായി ആഘോഷിക്കുന്നത്. പാലുത്പന്നങ്ങളും മാംസഭക്ഷണങ്ങളും മുഴുവൻ ഒഴിവാക്കി, സമ്പൂർണ വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടരുന്നതിനെ ആഘോഷമാക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. സസ്യാഹാരം ജീവിതശൈലിയുടെ ഭാഗമായി സ്വീകരിക്കാൻ ലോക വീഗൻ മാസം ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സസ്യാഹാരങ്ങൾ കഴിക്കുന്നത് കൊണ്ട് മനുഷ്യന്റെ ആരോഗ്യം നിലനിർത്താനും മൃഗങ്ങളുടെ ക്ഷേമത്തിനും പരിസ്ഥിതിയുടെ സംരക്ഷണത്തിനും സഹായിക്കുമെന്ന് സസ്യാഹാരികളായ മനുഷ്യർ അവകാശപ്പെടുന്നു. വെജിറ്റേറിയൻസായ ആളുകൾ പ്രധാനമായും മുട്ടയും ഇറച്ചിയും മറ്റു മാംസ ഉത്പന്നങ്ങളും കഴിക്കില്ല.

പക്ഷെ വീഗനുകൾ പാൽ, പാലുൽപന്നങ്ങൾ, മൃഗങ്ങളിൽ നിന്നു ലഭിക്കുന്ന മുട്ട, ജെലാറ്റിൻ, തേൻ എന്നിവ ഉൾപ്പടെയൊന്നും കഴിക്കില്ല. മൃഗ ഉൽപ്പന്നങ്ങൾ കൊണ്ട് ഉണ്ടാക്കിയ വസ്തുക്കൾ പോലും ഇവർ ഉപയോഗിക്കില്ല. വീഗനുകൾ കൂടുതലും പരിസ്ഥിതിവാദികളായിരിക്കും.

ഇപ്പോഴിതാ ലോക വീഗൻ മാസത്തിൽ ഒരു വ്യത്യസ്തമായ രീതിയിൽ ആളുകൾക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ''മത്സ്യങ്ങള്‍ ബുദ്ധിശക്തിയുള്ള ജീവികളാണ്. അവര്‍ക്കും വേദനയുണ്ട്. നിങ്ങളെപ്പോലെയും എന്നെപ്പോലെയും അവ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വേറൊന്നിനെയും ആക്രമിച്ച് ആവരുത് നിങ്ങളുടെ ഭക്ഷണം'', പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) ഇന്ത്യ കാമ്പെയ്ന്‍സ് കോഡിനേറ്റര്‍ അഥര്‍വ ദേശ്മുഖ് വ്യക്തമാക്കുന്നു.

മത്സ്യങ്ങളെ ഭക്ഷിക്കരുത് എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വീഗനും മോഡലുമായ തിരുവനന്തപുരം സ്വദേശിനി എസ്. ശില്പയാണ് മത്സ്യകന്യകയുടെ വേഷം അണിഞ്ഞത്.

സസ്യാഹാരത്തിലേക്ക് മാറുന്നത് വഴി ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയെ തടയുന്നതിന് സഹായിക്കുമെന്നും പെറ്റ ഓര്‍ഗനൈസേഴ്സ് വ്യക്തമാക്കി. കൊച്ചിയില്‍നിന്നുള്ള പെറ്റ വൊളന്റിയര്‍മാരായ ഡോ. ലീറ രാജു, റിയ യാക്കോബ്, യു. രാമനാഥന്‍, ആഷി അലി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags:    

Similar News