സാധാരണ നിലയില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പദ്മാ പുരസ്‌കാലം നല്‍കാറില്ല; എന്നിട്ടും തട്ടിപ്പ് കേസ് പ്രതിയായ വെള്ളാപ്പള്ളിയ്ക്ക് പദ്മഭൂഷണ്‍: ചര്‍ച്ചയാകുന്നു 'കേസ് ഡയറി'; പുരസ്‌കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം; അമിത് ഷായ്ക്ക് കൈമാറിയേക്കും; രാഷ്ട്രീയ തീരുമാനം കേന്ദ്രം തിരുത്താന്‍ സാധ്യത കുറവ്
തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍.എസ്.എസ്. പിന്‍വാങ്ങിയതിന് പിന്നാലെ വെള്ളാപ്പള്ളിയുടെ പദ്മപുരസ്‌കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനവും. ഈ നിവേദനം രാഷ്ട്രപതി ഭവന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. പരിശോധനകളും നടക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം ആയതു കൊണ്ടു തന്നെ തീരുമാനം പിന്‍വലിക്കാന്‍ സാധ്യത കുറവാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.
വെള്ളാപ്പള്ളി നടേശന് പദ്മഭൂഷണ്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ന്‍ കമ്മിറ്റിയാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. പദ്മപുരസ്‌കാരങ്ങളെ മുന്‍പ് പരസ്യമായി അധിക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് വെള്ളാപ്പള്ളിയെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ നിലയില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പദ്മാ പുരസ്‌കാലം നല്‍കാറില്ലെന്നതാണ് വസ്തുത. രാഷ്ട്രീയ തീരുമാനം ആയതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ കേന്ദ്രം തല്‍കാലം പരസ്യ പ്രതികരണം നടത്തില്ല.
മെക്രോ ഫിനാന്‍സ് ഇടപാടില്‍ 127 ക്രിമിനല്‍ കേസുകളില്‍ വെള്ളാപ്പള്ളി പ്രതിയാണ്. 21 കേസുകളില്‍ കുറ്റപത്രം നല്‍കുന്ന ഘട്ടത്തിലാണ് രാജ്യം ഉന്നത ബഹുമതി നല്‍കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് ഇതുവരെ ഈ ബഹുമതി നേടിയവരോടുള്ള അനാദരവാണെന്നും നിവേദനത്തില്‍ പറയുന്നു. പത്മാ പുരസ്‌കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശനെന്നും നിവേദനത്തില്‍ പറയുന്നു.
77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിലാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചത്. സാമൂഹിക സേവനത്തിനും പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് വെള്ളാപ്പള്ളി നടേശന് പുരസ്‌കാരം നല്‍കാന്‍ തീരുമാനമായത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷണ്‍ സവിനയം സ്വീകരിക്കുന്നുവെന്നും, അംഗീകാരം ശ്രീനാരായണഗുരുവിന് സമര്‍പ്പിക്കുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
എന്‍.എസ്.എസ്. - എസ്.എന്‍.ഡി.പി. ഐക്യനീക്കത്തില്‍ നിന്ന് പെട്ടെന്ന് പിന്മാറാന്‍ ജി. സുകുമാരന്‍ നായരെ പ്രേരിപ്പിച്ചതും ഈ പുരസ്‌കാര പ്രഖ്യാപനമാണ്. ഐക്യചര്‍ച്ചകള്‍ക്കായി എന്‍.ഡി.എ. നേതാവായ മകനെ അയച്ചതും പിന്നാലെ പദ്മപുരസ്‌കാരം വന്നതും 'എന്തോ തരികിട'യുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിന് എന്‍.എസ്.എസ്. ഇല്ലെന്നും സമദൂരമാണ് നയമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. പുരസ്‌കാരം പിന്‍വലിക്കണമെന്ന നിവേദനം മന്ത്രാലയം പരിശോധിക്കുമെങ്കിലും, ഇതൊരു രാഷ്ട്രീയ തീരുമാനമായതിനാല്‍ തിരുത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് സൂചന.
'പദ്മ പുരസ്‌കാരങ്ങള്‍ വെറും കടലാസുകഷണങ്ങളാണ്' എന്ന് മുന്‍പ് വെള്ളാപ്പള്ളി പരസ്യമായി പറഞ്ഞിട്ടുണ്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ ചൂണ്ടിക്കാട്ടി. അവാര്‍ഡിനെ പുച്ഛിച്ചവര്‍ക്ക് തന്നെ അത് നല്‍കുന്നത് മുന്‍പ് പുരസ്‌കാരം വാങ്ങിയ ഉമ്മന്‍ ചാണ്ടി, മമ്മൂട്ടി, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയവരോടുള്ള അനാദരവാണെന്നും നിവേദനത്തില്‍ പറയുന്നു.
